ഗോവ: ഐഎസ്എല്ലിലെ ഇന്നത്തെ മത്സരത്തിൽ ചെന്നെെയിൻ എഫ്സിക്ക് വിജയം. ആതിഥേയരായ എഫ്സി ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെന്നെെയിൻ തോൽപ്പിച്ചത്.
ആദ്യ പത്ത് മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ പിറന്ന മത്സരമാണ് ഇന്നത്തേത്. ഇരു ടീമുകളും ആദ്യ പത്ത് മിനിറ്റിനുള്ളിൽ ഓരോ ഗോളുകൾ നേടി. അഞ്ചാം മിനിറ്റിൽ ചെന്നെെയിൻ എഫ്സിക്ക് വേണ്ടി റാഫേൽ ക്രിവെല്ലാരോ ആദ്യ ഗോൾ നേടി.
ആദ്യ ഗോൾ ആഘോഷം തീരുംമുൻപ് ചെന്നെെയിൻ എഫ്സിയുടെ വല കുലുങ്ങി. മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ മെൻഡോസയിലൂടെയാണ് എഫ്സി ഗോവ തിരിച്ചടിച്ചത്. പിന്നീട് ഇരു ടീമുകളും വാശിയോടെ കളിച്ചു. 1-1 എന്ന നിലയിലാണ് ആദ്യ പകുതി പൂർത്തിയായത്.
Read Also: പാക്കിസ്ഥാന്റെ റെക്കോർഡ് തകർത്തല്ലോ; ഇന്ത്യയെ പരിഹസിച്ച് അക്തർ
രണ്ടാം പകുതിയിൽ ചെന്നെെയിൻ എഫ്സി ലീഡ് നേടി. മത്സരത്തിന്റെ 53-ാം റഹിം അലിയിലൂടെയാണ് ചെന്നെെയിൻ എഫ്സിയുടെ വിജയഗോൾ. മത്സരത്തിന്റെ അവസാന മിനിറ്റ് വരെ സമനില ഗോൾ നേടാൻ എഫ്സി ഗോവ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ഐഎസ്എൽ പോയിന്റ് പട്ടികയിൽ ചെന്നെെയിൻ എഫ്സി എട്ടാം സ്ഥാനത്താണ്. ആറ് കളികളിൽ നിന്ന് രണ്ട് ജയം, രണ്ട് തോൽവി, രണ്ട് സമനില എന്നിങ്ങനെയാണ് ചെന്നെെയിൻ എഫ്സിക്കുള്ളത്.
അതേസമയം, എഫ്സി ഗോവ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തുണ്ട്. ഏഴ് കളികളിൽ രണ്ട് ജയമാണ് ഗോവയ്ക്കുള്ളത്.