ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദിന് ജയത്തുടക്കം. ഒഡിഷ എഫ്സിക്കെതിരായ തങ്ങളുടെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. തുടക്കം മുതൽ അക്രമിച്ച് കളിച്ച ഹൈദരാബാദിന് വേണ്ടി സന്റാന നേടിയ പെനാൽറ്റിയാണ് ടീമിന് ജയം സമ്മാനിച്ചു.

മത്സരത്തിന്റെ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ച ഹൈദരാബാദ് നിരവധി അവസരങ്ങളും ആദ്യ പകുതിയിൽ സൃഷ്ടിച്ചു. ആദ്യ പത്ത് മിനിറ്റിനുള്ളിൽ മൂന്ന് കോർണറുകളാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. എന്നാൽ ഒന്നും ലക്ഷ്യം പൂർത്തിയാക്കുന്നതായിരുന്നില്ല. ഒഡിഷ ഗോൾമുഖത്തേക്ക് നിരന്തര അക്രമണങ്ങളുമായി മുന്നേറിയ ഹൈദരാബാദ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെങ്കിലും ആദ്യ ഗോളിന് 35-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.

പെനാൽറ്റി ബോക്സിനകത്ത് സ്റ്റീവൻ ടെയ്‌ലർ വരുത്തിയ പിഴവാണ് ഒഡിഷയ്ക്ക് തിരിച്ചടിയായത്. ഹാൻഡ് ബോളിന് റഫറി പെനാൽറ്റി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത നായകൻ അർഡെയ്ൻ സന്റാനയ്ക്ക് പിഴച്ചില്ല, പന്ത് കൃത്യമായി ഒഡിഷ വലയിൽ. ആദ്യ പകുതിയിൽ തിരിച്ചടിക്കാനുള്ള ഒഡിഷയുടെ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഹൈദരാബാദിന് ആധിപത്യം.

രണ്ടാം പകുതിയിൽ സൂപ്പർ താരം മഴ്സലീഞ്ഞോയെ പിൻവലിച്ച് തന്ത്രം മാറ്റിയെങ്കിലും സമനിലപിടിക്കാൻ ഒഡിഷയ്ക്ക് സാധിച്ചില്ല. ലീഡ് ഉയർത്താനുള്ള ഹൈദരാബാദിന്റെ ശ്രമങ്ങളും പരാജയപ്പെട്ടതോടെ സന്റാനയുടെ ഒറ്റ ഗോളിൽ മത്സരത്തിന്റെ ഫൈനൽ വിസിൽ മുഴങ്ങി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook