ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം പതിപ്പ് ജയത്തോടെ തുടങ്ങി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. മുംബൈ സിറ്റി എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഐലാൻഡേഴ്സ് പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിൽ പത്ത് പേരുമായി ഇറങ്ങിയ മുംബൈക്ക് തിരിച്ചടിയായത് 49-ാം മിനിറ്റിൽ വഴങ്ങിയ പെനാൽറ്റിയാണ്.

മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം മുംബൈക്കായിരുന്നെങ്കിലും അപി നേടിയ ഏക ഗോളിൽ നോർത്ത് ഈസ്റ്റ് മത്സരം സ്വന്തമാക്കുകയായിരുന്നു. മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ ഇരു ടീമുകൾക്കും സാധിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ പരാജയപ്പെട്ടത്തോടെ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ അവസാനിച്ചു.

23-ാം മിനിറ്റിൽ മുംബൈ താരം റെയ്നിയർ ഫെർണാണ്ടസിന് പരുക്കേറ്റത് മുംബൈയ്ക്ക് തിരിച്ചടിയായി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അഹമ്മദ് ജാഹു റെഡ് കാർഡ് കണ്ട് പുറത്തായത് മഞ്ഞപ്പടയ്ക്ക് ഇരട്ടി പ്രഹരമായി.

രണ്ടാം പകുതിയിൽ പത്ത് പേരുമായി കളത്തിലിറങ്ങിയ മുംബൈയ്ക്കെതിരെ 49-ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് ലീഡെടുത്തു. ബോക്‌സിനകത്തുവെച്ച് മുംബൈയുടെ റൗളിങ്ങിന്റെ കൈയ്യില്‍ പന്തുതട്ടിയതോടെ നോര്‍ത്ത് ഈസ്റ്റിന് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിക്കുകയായിരുന്നു. പെനാൽറ്റി കിക്കെടുത്ത അപിയ ബോൾ മുംബൈ വലയിലെത്തിച്ചു.

കളിയുടെ ഭൂരിഭാഗം സമയം പന്ത് കൈവശം വെച്ചിട്ടും മുംബൈയ്ക്ക് നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം പൊളിക്കാനായില്ല. പ്രത്യാക്രമണത്തിനുള്ള ശ്രമങ്ങൾ ലക്ഷ്യത്തിലെത്തിക്കാതെ വന്നതോടെ മുംബൈ നോർത്ത് ഈസ്റ്റിന് മുന്നിൽ അടിയറവ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook