ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ രണ്ടാം ജയവുമായി മുംബൈ സിറ്റി എഫ്സി. കെൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ് ബംഗാൾ എഫ്സിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് മുംബൈയുടെ നീലപ്പട സീസണിലെ ആദ്യ തോൽവിക്ക് ശേഷം തുടർച്ചയായ രണ്ട് ജയങ്ങളിലൂടെ തിരിച്ചുവരവ് അറിയിച്ചത്. ഇരട്ട ഗോളുമായി ലെ ഫോൻഡ്രെ തിളങ്ങിയപ്പോൾ ഈസ്റ്റ് ബംഗാൾ സീസണിലെ രണ്ടാം തോൽവിയും ഏറ്റുവാങ്ങി.

മത്സരത്തിന്റെ ആദ്യ മിനിറ്റ് മുതൽ താളം കണ്ടെത്തിയ മുംബൈ ആധിപത്യം ഉറപ്പിച്ചു. ഈസ്റ്റ് ബംഗാളിന്റെ ചില മുന്നറ്റങ്ങൾ മാറ്റി നിർത്തിയാൽ മുംബൈ ചെമ്പടയുടെ കോട്ടയിലേക്ക് നിരന്തരം അക്രമണങ്ങൾ നടത്തി. 9-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ ഗോൾ കീപ്പർ ദേവ്ജിത് മജുംദാറിന്റെ തകർപ്പൻ സേവാണ് മുംബൈക്ക് വിലങ്ങി തടിയായത്. എന്നാൽ പത്ത് മിനിറ്റുകൾക്കുള്ളിൽ മുംബൈ ലക്ഷ്യം കണ്ടു.

മുംബൈ ബോക്സിൽ നിന്ന് മൂന്ന് പാസിൽ നീലപ്പട ഗോൾ കണ്ടെത്തി. ബോർഗസ് നൽകിയ ലോങ് പാസ് സെന്ററിൽ റിസീവ് ചെയ്ത ബോമസ് തകർന്നു നിന്ന ഈസ്റ്റ് ബംഗാൾ ഗോൾമുഖത്തേക്ക് കുതിച്ചു. രണ്ട് പ്രതിരോധ താരങ്ങളെയും ഗോളിയെയും മറികടന്ന ബോമസ് പന്ത് ഫോൻഡ്രെയുടെ കാലുകളിലേക്ക് കൈമാറുമ്പോൾ വാല മാത്രമായിരുന്നു മുന്നിൽ.

ഗോൾ വഴങ്ങിയതോടെ ഉണർന്നു കളിച്ച ഈസ്റ്റ് ബംഗാൾ തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. എന്നാൽ കോട്ട കാത്ത മുംബൈ പ്രതിരോധം ഈസ്റ്റ് ബംഗാൾ മുന്നേറ്റങ്ങൾക്ക് മുന്നിൽ വിലങ്ങു തടിയാകുകയായിരുന്നു.

അതേസമയം ആദ്യ പകുതിയിൽ നേടിയ ലീഡിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ മുംബൈ രണ്ടാം പകുതിയുടെ മൂന്നാം മിനിറ്റിൽ തന്നെ രണ്ടാം ഗോളും കണ്ടെത്തി. ബോക്സിനുള്ളിൽ ബോമസിന്റെ മുന്നേറ്റം തടയുന്നതിനിടയിൽ ഈസ്റ്റ് ബംഗാൾ ഗോൾകീപ്പറുടെ ശ്രമം പെനാൽറ്റിയിൽ കലാശിക്കുകയായിരുന്നു. കിക്കെടുത്ത ലെ ഫോൻഡ്രെയുടെ ലക്ഷ്യം തെറ്റിയില്ല.

പത്ത് മിനിറ്റിനപ്പുറം 59-ാം മിനിറ്റിൽ മൂന്നാം ഗോളു കണ്ടെത്തിയ മുംബൈയെ ഈസ്റ്റ് ബംഗാളിനെ ഞെട്ടിച്ചു. ബോക്സിന് പുറത്ത് നിന്ന് ജോഹു എടുത്ത കിക്ക് കൃത്യമായി കളക്ട് ചെയ്ത ബോമസ് സന്റാനയ്ക്ക് കൈമാറി. തകർപ്പൻ വോളിയിലൂടെ സന്റാന പന്ത് ഈസ്റ്റ് ബംഗാൾ വലയിലെത്തിച്ചു. മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങൾ ഈസ്റ്റ് ബംഗാൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook