ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്സിക്ക് തുടർച്ചയായ നാലാം ജയം. ചെന്നൈയിൻ എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മുംബൈ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ഓരോ ഗോൾ വീതം നേടി ഇരു ടീമുകളും സമനിലയിൽ അവസാനിപ്പിച്ചെങ്കിലും രണ്ടാം പകുതിയിൽ നായകനിലൂടെ മുംബൈ ആധിപത്യം നേടുകയായിരുന്നു.
സിൽവസ്റ്ററിന്റെ ഗോളിൽ 40-ാം മിനിറ്റിൽ ചെന്നൈയാണ് ലീഡെടുത്തതെങ്കിലും ഇഞ്ചുറി ടൈമിൽ മുംബൈ ഹെർണനിലൂടെ ഒപ്പം പിടിക്കുച്ചു.
ശക്തരായ ടീമുകൾ നേർക്കുന്നേർ വന്നപ്പോൾ വാശിയേറിയ പോരാട്ടത്തിനാണ് ഫുട്ബോൾ ആരാധകർ സാക്ഷിയായത്. രണ്ടാം മിനിറ്റിൽ തന്നെ മുംബൈയുടെ കോർണറിൽ നിന്ന് അവസരം സൃഷ്ടിച്ച ചെന്നൈയിൻ മുംബൈയെ ഞെട്ടിച്ചു. പിന്നീടും ഒപ്പത്തിനൊപ്പം കളിച്ച ഇരു ടീമുകളും അറ്റാക്കും കൗണ്ടർ അറ്റാക്കുകളുമായി കളം നിറഞ്ഞു.
40-ാം മിനിറ്റിൽ സിൽവസ്റ്ററിലൂടെയാണ് ചെന്നൈ ലീഡെടുത്തത്. ചാങ്തെയുടെ ഒറ്റയാൾ മുന്നേറ്റം മൂന്ന് മുംബൈ താരങ്ങളെയും മറികടന്ന് ബോക്സിലെത്തി. സ്ക്വയറിലുണ്ടായിരുന്ന സിൽവസ്റ്ററിന് ലഭിച്ച പന്ത് അദ്ദേഹത്തിന് വലയിലെത്തിക്കുകയെ വേണ്ടിയിരുന്നുള്ളു.
ഇഞ്ചുറി ടൈമിൽ ക്രിവല്ലാരൊ ലീഡ് ഉയർത്തുമെന്ന് തോന്നിച്ചെങ്കിലും അമരീന്ദറിന്റെ സേവ് രക്ഷയായി. വൈകാതെ തന്നെ മുംബൈ തിരിച്ചടിക്കുകയും ചെയ്തു. ഹ്യൂഗോ ബോമസിന്റെ കോർണർ ഹെഡറിലൂടെ വലയിലെത്തിച്ച ഹെർണൻ സന്രാനയാണ് ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മുംബൈയെ ഒപ്പമെത്തിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ റഫറിക്ക് യെല്ലോ കാർഡ് പുറത്തെടുക്കേണ്ടി വന്നു. റെയ്നിയറിനെ ചലഞ്ച് ചെയ്തതിന് റെയ്ഗൻ സിങ് യെല്ലോ കാർഡ് വാങ്ങി. തൊട്ടടുത്ത മിനിറ്റിൽ യോഹു ഫ്രീകിക്കിലൂടെ മുംബൈക്ക് മികച്ച അവസരം സൃഷ്ടിച്ചു. ഇതോടെ ഉണർന്ന് കളിച്ച ചെന്നൈയിനും തിരിച്ചടിക്കാനുള്ള ശ്രമം ആരംഭിച്ചു. എന്നാൽ 75-ാം മിനിറ്റിൽ ലെ ഫോൻഡ്രെ മുംബൈക്ക് ലീഡ് നൽകി. ഇതോടെ ഫൈനൽ വിസിൽ വരെ പ്രതിരോധത്തിലേക്ക് വലിഞ്ഞ മുംബൈ മൂന്ന് പോയിന്റ് അക്കൗണ്ടിലെത്തിച്ചു.