ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കൊൽക്കത്തൻ ഡെർബി ഇന്ന് ഐഎസ്എല്ലിൽ. ഇന്ത്യൻ സൂപ്പർ ലീഗിൽ എത്തിയ ശേഷം ഇരു ടീമുകളും നേർക്കുന്നേർ വരുന്ന പോരാട്ടത്തിൽ വീറും വാശിയുമേറുമെന്ന് ഉറപ്പാണ്. നിലവിലെ ഐഎസ്എൽ ചാംപ്യന്മാരായ എടികെയുമായി ലയിച്ചാണ് ടൂർണമെന്റിലേക്കുള്ള മോഹൻ ബഗാന്റെ കടന്നുവരവ്. അതേസമയം അടിമുടി മാറ്റവുമായാണ് ഈസ്റ്റ് ബംഗാൾ എത്തുന്നത്.

ഐഎസ്എല്ലിലെ തങ്ങളുടെ ആദ്യ മത്സരം തന്നെ മോഹൻ ബഗാനെതിരെ കളിക്കുന്ന ഈസ്റ്റ് ബംഗാൾ പുതിയൊരു തുടക്കമാണ് ഇന്ത്യൻ ഫുട്ബോളിൽ പ്രതീക്ഷിക്കുന്നത്. ഏറെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് ഈസ്റ്റ് ബംഗാൾ ഐഎസ്എല്ലിലേക്ക് എത്തുന്നത്. നിക്ഷേപകരെ കണ്ടെത്തുകയെന്ന വലിയ ദൗത്യമായിരുന്നു അവർക്ക് വിലങ്ങുതടിയായത്. ഒടുവിൽ അവർ കടമ്പ കടന്നു. സിമന്റ് കമ്പനിയായ ശ്രീ സിമന്റാണ് ക്ലബ്ബിലെ നിക്ഷേപകർ.

ഇന്ത്യൻ എൽ ക്ലാസിക്കോ

ബാഴ്‌സലോണയും റയൽ മാഡ്രിഡും മാറ്റുരയ്ക്കുന്ന സ്പാനിഷ് ലീഗിലെ ‘എൽ ക്ലാസിക്കോ’, ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ ക്ലബ്ബുകൾ തമ്മിലുള്ള മാഞ്ചസ്റ്റർ ഡെർബി, പിഎസ്‌ജിയും മാർസിയയും ഏറ്റുമുട്ടുന്ന ഫ്രഞ്ച് ലീഗിലെ ‘ലേ ക്ലാസികെ’, എസി മിലാനും ഇന്റർ മിലാനും തമ്മിലുള്ള ഇറ്റാലിയൻ ലീഗിലെ മിലാൻ ഡെർബി തുടങ്ങി ലോകഫുട്ബോളിൽ വീറും വാശിയും നിറഞ്ഞ പ്രാദേശിക പോരാട്ടങ്ങൾക്കിടയിൽ ഇന്ത്യയിൽ നിന്നുള്ള കൊൽക്കത്തൻ ഡെർബിയും ഇടംപിടിക്കുന്നത് മോഹൻ ബഗാനൊപ്പം ഈസ്റ്റ് ബംഗാളും ഉള്ളതുകൊണ്ടാണ്.

ഏറ്റവും വീറും വാശിയും നിറഞ്ഞ പോരാട്ടമാണ് കൊൽക്കത്തൻ ഡെർബി. അന്താരാഷ്ട്ര ഫുടബോൾ ഗവേണിങ് ബോഡിയായ ഫിഫ പുറത്തിറക്കിയ ക്ലാസിക് ഡെർബികളുടെ പട്ടികയിൽ ഇടംപിടിക്കാനും ഈസ്റ്റ് ബംഗാൾ-മോഹൻ ബഗാൻ പോരാട്ടത്തിനും സാധിച്ചിട്ടുണ്ട്. പലപ്പോഴും ഈ പോരാട്ടവീര്യം കയ്യാങ്കളിയിലേക്കും നീങ്ങാറുണ്ട്. എതിർ ടീമിന് തങ്ങളുടെ മൈതാനത്ത് ശത്രുരാജ്യമെന്ന പ്രതീതി നൽകുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ ഇരു ടീമുകളുടെ ആരാധകർ ഒട്ടും പിന്നിലല്ല. 1960ൽ നടന്ന ഒരു മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചത് 16 പേരാണ്.

ചരിത്രത്തിൽ കൊൽക്കത്തൻ ഡെർബി

നൂറു വർഷത്തെ വൈര്യമാണ് ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും തമ്മിലുള്ളത്. ഇതിനിടയിൽ 371 തവണ ഇരു ടീമുകളും നേർക്കുനേർ എത്തി. 129 മത്സരങ്ങളിൽ ഈസ്റ്റ് ബംഗാളും 119 മത്സരങ്ങളിൽ മോഹൻ ബഗാനും ജയം സ്വന്തമാക്കി. ഏറ്റവും അവസാനം നടന്ന മത്സരത്തിൽ ജയം മോഹൻ ബഗാനൊപ്പമായിരുന്നു.

1982 മുതൽ 2019 വരെ ഈസ്റ്റ് ബംഗാളും മോഹൻ ബഗനുമല്ലാതെ ഒരു ക്ലബ്ബ് കൽക്കട്ട ഫുട്ബോൾ ലീഗ് കിരീടം സ്വന്തമാക്കിയിട്ടില്ല. ജയങ്ങളുടെ എണ്ണത്തിൽ ഈസ്റ്റ് ബംഗാളാണ് മുന്നിലെങ്കിലും ഏറ്റവും കൂടുതൽ കിരീടങ്ങൾ മോഹൻ ബഗാന്റെ അക്കൗണ്ടിലാണ്. രാജ്യാന്തര, ആഭ്യന്തര കിരീടങ്ങൾ ഉൾപ്പടെ 253 ട്രോഫികൾ മോഹൻ ബഗാന്റെ ഷെൽഫിലെത്തിയപ്പോൾ ഈസ്റ്റ് ബംഗാൾ 149 കിരീടങ്ങളും സ്വന്തമാക്കി.

കൊൽക്കത്തൻ ഡെർബിയുടെ ഉൽപ്പത്തി

ചരിത്രപരമായ കൊൽക്കത്ത ഡെർബിയുടെ യഥാർത്ഥ പ്രാധാന്യം പ്രാദേശിക സങ്കീർണതകളിലാണ്. രണ്ട് വ്യത്യസ്ത ഫുട്ബോൾ ക്ലബ്ബുകൾ എന്നതിലുപരി അവ രണ്ടും ഒരു സംസ്ഥാനത്തെ രണ്ട് പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്നു. അതുകൊണ്ട് തന്നെ അസാധാരണമായ ഒരു പോരാട്ട വീര്യം ഇരു ടീമുകൾക്കുമുണ്ട്.

ഈസ്റ്റ് ബംഗാൾ എന്ന ക്ലബ് രൂപപ്പെടാനുള്ള കാരണം അവഗണനയിൽനിന്നും മാറ്റിനിർത്തലിൽ നിന്നുമാണ്. കൊൽക്കത്തയിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ക്ലബ്ബുകളിൽ ഒന്നാണ് മോഹൻ ബഗാൻ. . 1920ലെ ജോരാബഗാൻ കപ്പിനായുള്ള മോഹൻ ബഗാൻ ടീമിൽനിന്ന് ഡിഫൻഡറായ സൈലേഷ് ബോസിനെ അവസാന നിമിഷത്തിൽ ഒഴിവാക്കുന്നു. ക്ലബ് വൈസ് പ്രസിഡന്റ് സുരേഷ് ചന്ദ്ര ചൗധരി ആവശ്യപ്പെട്ടിട്ടും സൈലേഷ് ബോസിനെ ഒഴിവാക്കാമെന്ന തീരുമാനത്തിൽ ക്ലബ് ഉറച്ചുനിന്നു.

സംഭവത്തിൽ ഔദ്യോഗിക വിശദീകരണത്തിനൊന്നും ക്ലബ്ബും മാനേജ്മെന്റും തയാറായില്ല. സംഭവത്തെ കിഴക്കൻ ബംഗാളിൽ നിന്നുള്ളവരോടുള്ള അവഗണനയുടെ പുതിയ പതിപ്പായിട്ടാണ് ചൗധരിയും സംഘവും കണ്ടത്. താരത്തിന്റെ ഒഴിവാക്കൽ പ്രാദേശിക തലത്തിലും വലിയ ആഘാതമുണ്ടാക്കി. മോഹൻ ബഗാനിൽനിന്ന് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച് സുരേഷ് ചന്ദ്ര ചൗധരി കിഴക്കൻ ബംഗാളിൽനിന്നുള്ള മറ്റു മൂന്നു പേർക്കൊപ്പം ഈസ്റ്റ് ബംഗാൾ ക്ലബിനു രൂപം നൽകി. പ്രാദേശിക വികാരങ്ങളുടെ പുറത്ത് സ്ഥാപിക്കപ്പെട്ട ടീം പിന്നീട് ഇന്ത്യയുടെ തന്നെ വികാരമാകുന്ന കാഴ്ചയാണ് കണ്ടത്. അസാമാന്യ വളർച്ച സ്വന്തമാക്കാൻ ക്ലബ്ബിനു സാധിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook