ഗോവ: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ആശ്വാസജയം. ആവേശം അവസാന മിനിറ്റ് വരെ നീണ്ട മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജംഷഡ്‌പൂർ എഫ്‌സിയെ കേരളത്തിന്റെ മഞ്ഞപ്പട തോൽപ്പിച്ചത്. തുടർച്ചയായ രണ്ട് തോൽവിക്ക് ശേഷമാണ് ഐഎസ്എൽ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജയിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിനായി കോസ്റ്റ നമോയിനേസു, ജോർദാൻ മുറെ, ലാൽറൗത്താര എന്നിവരാണ് ഗോൾ നേടിയത്. ജംഷഡ്‌പൂരിനായി നെരിഞ്ചുസ് വാൽസ്‌കിസ് ഇരട്ട ഗോൾ നേടി.
…AND BREATHE!
A rollercoaster of a game ends with us taking those important points! #JFCKBFC #YennumYellow pic.twitter.com/TTUuqC8ElS— K e r a l a B l a s t e r s F C (@KeralaBlasters) January 10, 2021
മത്സരത്തിൽ ആദ്യ ഗോൾ നേടിയത് ബ്ലാസ്റ്റേഴ്‌സാണ്. 22-ാം മിനിറ്റിൽ കോസ്റ്റയിലൂടെയായിരുന്നു അത്. എന്നാൽ, 36-ാം മിനിറ്റിൽ നെരിഞ്ചുസ് തിരിച്ചടിച്ചു. ആദ്യ പകുതി സമനിലയിൽ പിരിഞ്ഞപ്പോൾ രണ്ടാം പകുതി ഇരു ടീമുകളും വാശിയോടെ കളിച്ചു. ബ്ലാസ്റ്റേഴ്‌സ് കൂടുതൽ ആക്രമിച്ച് കളിച്ചതോടെ രണ്ടാം പകുതിയിൽ രണ്ട് തവണ ജംഷഡ്‌പൂരിന്റെ വല കുലുങ്ങി.
അതേസമയം, ഐഎസ്എൽ പോയിന്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്താണ്. പത്ത് മത്സരങ്ങൾ പിന്നിട്ടപ്പോൾ രണ്ട് ജയവും അഞ്ച് തോൽവിയും മൂന്ന് സമനിലയുമാണ് ബ്ലാസ്റ്റേഴ്സിനുള്ളത്.
എന്നാൽ, ജാംഷഡ്‌പൂർ അഞ്ചാം സ്ഥാനത്താണ്. പത്ത് മത്സരങ്ങളിൽ മൂന്ന് ജയവും മൂന്ന് തോൽവിയും മൂന്ന് സമനിലയുമാണ് ജാംഷഡ്‌പൂരിനുള്ളത്.