ഗോവ: എഫ്സി ഗോവ-കേരള ബ്ലാസ്റ്റേഴ്സ് മത്സരം സമനിലയിൽ കലാശിച്ചു. ആദ്യ പകുതിയിൽ ഗോവ ഗോൾ നേടിയപ്പോൾ രണ്ടാം പകുതിയിൽ കേരളം തിരിച്ചടിച്ചു.
ആദ്യ പകുതിയിൽ കേരളത്തിന്റെ മഞ്ഞപ്പടയ്ക്കെതിരെ ഗോവ ഒരു ഗോളിന് ലീഡ് ചെയ്യുകയായിരുന്നു. ആദ്യ പകുതിയുടെ 25-ാം മിനിറ്റിലാണ് ഗോവ ഗോൾ നേടിയത്. മഴവിൽ ഫ്രീകിക്കിലൂടെയാണ് ഗോവ ബ്ലാസ്റ്റേഴ്സിനെതിരെ ലീഡ് സ്വന്തമാക്കിയത്. ഓർഗെ ഓർട്ടിസാണ് ഫ്രീകിക്ക് ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സ് താരം ജീക്സൺ സിങ് ഫൗൾ ചെയ്തതിനെ തുടർന്നാണ് ഗോവയ്ക്ക് ഫ്രീകിക്ക് ലഭിച്ചത്. ഓർട്ടിസിനെയാണ് ജീക്സൺ ഫൗൾ ചെയ്തത്. ഗ്രൗണ്ടിന്റെ ഇടതുഭാഗത്തുനിന്നും ഓർട്ടിസ് തന്നെ ഫ്രീകിക്കെടുത്തു. താരത്തിന്റെ മഴവിൽ ഫ്രീകിക്ക് ഉയർന്നുപൊന്തി ബ്ലാസ്റ്റേഴ്സിന്റെ വലയിലേക്ക്! ബ്ലാസ്റ്റേഴ്സ് ഗോളി നിസഹായനായി.
ആദ്യ പകുതിയിൽ തന്നെ ഗോൾ മടക്കാനുള്ള എല്ലാ ശ്രമങ്ങളും ബ്ലാസ്റ്റേഴ്സ് നടത്തി. എന്നാൽ, ഒന്നും ഫലം കണ്ടില്ല. നാൽപ്പതാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഒരു ഗോൾ നേടിയെങ്കിലും അത് ഹാൻഡ് ബോൾ വിളിച്ചതോടെ ആദ്യ പകുതി 1-0 എന്ന നിലയിൽ അവസാനിക്കുകയായിരുന്നു. 40-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ ബക്കാരി കോനെ ഗോള്‍ നേടിയപ്പോഴാണ് റഫറി ഹാന്‍ഡ് ബോള്‍ വിളിച്ചത്.
രണ്ടാം പകുതിയിൽ 57-ാം മിനിറ്റായപ്പോൾ പൊന്നുംവിലയുള്ള സമനില ഗോൾ പിറന്നു. തൃശൂർക്കാരൻ കെ.പി.രാഹുൽ വീണ്ടും കൊമ്പൻമാരുടെ രക്ഷകനായി. ഉജ്ജ്വലമായ ഹെഡറിലൂടെ അതിവേഗം ഗോവയുടെ വല ചലിപ്പിക്കുകയായിരുന്നു രാഹുൽ. പിന്നീട് ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിച്ചില്ല.
ബ്ലാസ്റ്റേഴ്സ് പ്രതിരോധതാരം സന്ദീപ് സിങ്ങിനാണ് ഇന്നത്തെ മത്സരത്തിന്റെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം.
ഗോവയ്ക്കെതിരായ സമനിലയോടെ പോയിന്റ് പട്ടികയിൽ നേരിയ മുന്നേറ്റമുണ്ടാക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. എട്ടാം സ്ഥാനത്തായിരുന്ന ടീം ഇപ്പോൾ എഴാം സ്ഥാനത്താണ്. അതേസമയം, ഗോവ മൂന്നാം സ്ഥാനത്തുതന്നെ തുടരുന്നു. ഗോവ തുടര്‍ച്ചയായി ആറുമത്സരങ്ങള്‍ തോല്‍ക്കാതെ മുന്നേറിയപ്പോള്‍ ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ നാലുമത്സരങ്ങളില്‍ തോല്‍ക്കാതെ മത്സരം പൂര്‍ത്തിയാക്കി.