രണ്ട് ഗോളുകളുടെ ലീഡ് ഉണ്ടായിട്ടും കേരള ബ്ലാസ്റ്റേഴ്സിന് ജയിക്കാൻ സാധിച്ചില്ല. എടികെ മോഹൻ ബഗാനെതിരായ മത്സരത്തിൽ മൂന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കേരളത്തിന്റെ മഞ്ഞപ്പട തോൽവി സമ്മതിച്ചത്.
ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശ പോരാട്ടത്തിൽ കരുത്തരായ എടികെ മോഹൻ ബഗാനെ വിറപ്പിച്ചാണ് കേരളത്തിന്റെ മഞ്ഞപ്പട ആദ്യപകുതിയിൽ ആധിപത്യം സ്ഥാപിച്ചത്. ആദ്യ പകുതി പൂർത്തിയാകുമ്പോൾ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിനു മുന്നിലായിരുന്നു. കിടിലൻ ലോങ് റേഞ്ചറിലൂടെ ഹൂപ്പറാണ് 14-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടിയത്. മൈതാനത്തിന്റെ മധ്യ ഭാഗത്തു നിന്ന് സന്ദീപ് സിങ് നൽകിയ പാസ് സ്വീകരിച്ച ഹൂപ്പർ, എടികെ ഗോൾ കീപ്പർ സ്ഥാനം തെറ്റി നിന്നത് മുതലെടുത്ത് തൊടുത്ത ലോങ് റേഞ്ചർ ലക്ഷ്യത്തിലെത്തിച്ചു.
ഗോൾ..! ഹൂപ്പർ പൊളിയാ..
Watch #ATKMBKBFC live on @DisneyplusHSVIP – https://t.co/UmRLhSRXha and @OfficialJioTV.
Live updates https://t.co/IMukNcEJdL#ISLMoments #HeroISL #LetsFootball https://t.co/Vku22qcsVa pic.twitter.com/INxzuxaLBM
— Indian Super League (@IndSuperLeague) January 31, 2021
ഈ സീസണിലെ മികച്ച ഗോളുകളുടെ പട്ടികയിൽ ഉൾപ്പെടുത്താവുന്ന ഗോളായിരുന്നു ഹൂപ്പറിന്റേത്. ആദ്യം മുതലേ കളം നിറഞ്ഞു കളിക്കുകയായിരുന്നു കേരളത്തിന്റെ കൊമ്പൻമാർ.
രണ്ടാം പകുതിയുടെ തുടക്കത്തിലും ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം പുറത്തെടുത്തു. 51-ാം മിനിറ്റിൽ കോസ്റ്റയാണ് മഞ്ഞപ്പടയ്ക്കായി രണ്ടാം ഗോൾ നേടിയത്.
രണ്ട് ഗോളുകൾക്ക് പിന്നിട്ടുനിന്ന ശേഷം അവിശ്വസനീയമായ തിരിച്ചുവരവാണ് എടികെ മോഹൻ ബഗാൻ നടത്തിയത്. 59-ാം മിനിറ്റിൽ മാഴ്സലീന്യോയിലൂടെ എടികെയുടെ ആദ്യ ഗോൾ പിറന്നു. തുടർന്നങ്ങോട്ട് എടികെ മോഹൻ ബഗാൻ മികച്ച പ്രകടനമാണ് നടത്തിയത്. 65-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി വീണ്ടും വല കുലുങ്ങി. പെനാൽട്ടിയിലൂടെയാണ് എടികെയ്ക്കായി റോയ് കൃഷ്ണ ഗോൾ നേടിയത്. കളി 2-2 എന്ന നിലയിലായി. 87-ാം മിനിറ്റിൽ റോയ് കൃഷ്ണ വീണ്ടും ഗോൾ നേടിയതോടെ എടികെ മോഹൻ ബഗാൻ 3-2 ന് മുന്നിലെത്തി. പിന്നീട് ഗോൾ തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല.