Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍

ഒടുവിൽ ഒഡിഷയും; കേരള ബ്ലാസ്റ്റേഴ്സിനെ തകർത്ത് സീസണിലെ ആദ്യ ജയം

ഹൈദരാബാദിനെതിരെ നേടിയ ജയം മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ് അക്കൗണ്ടിലുള്ളത്

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഒഡിഷ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. സീസണിൽ ഒഡിഷ നേടുന്ന ആദ്യ ജയം കൂടിയാണിത്. മത്സരത്തിൽ ആദ്യം ലീഡെടുക്കാൻ കഴിഞ്ഞെങ്കിലും ഒഡിഷ അതിവേഗം മത്സരത്തിലേക്ക് മടങ്ങി വരുകയായിരുന്നു.

കളി തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷ ഗോള്‍ ഏരിയയില്‍ തമ്പടിച്ചു. രാഹുലും സഹലും മറെയും ഒഡീഷ പ്രതിരോധത്തെ വിറപ്പിച്ചു. അഞ്ചാം മിനിറ്റില്‍ മറെയുടെ ഷോട്ട് നേരെ ഒഡീഷ ഗോള്‍ കീപ്പര്‍ അര്‍ഷദീപ് സിങിന്റെ കൈകളിലേക്കാണ് പോയത്. ഏഴാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് കെട്ടുപൊട്ടിച്ചു. ഒന്നാന്തരം മുന്നേറ്റം. മൈതാന മധ്യത്തില്‍വച്ച് പെരേരയുടെ ഫ്രീകിക്ക്. ലോങ് ബോള്‍ നേരെ ഒഡീഷ പോസ്റ്റിന് അരികിലേക്ക്. പ്രതിരോധത്തെ വെട്ടിച്ച് രാഹുല്‍ പന്ത് പിടിച്ചെടുത്തു. ബോക്‌സിന്റെ വലതുഭാഗത്ത്‌നിന്ന് ഷോട്ട്. ഗോള്‍ കീപ്പര്‍ അര്‍ഷദീപ് തട്ടിയകറ്റി. എന്നാല്‍ പന്ത് ഇടതുഭാഗത്ത് കാത്തിരിക്കുകയായിരുന്ന മറെയുടെ കാലിലേക്ക്. തകര്‍പ്പന്‍ ഷോട്ടിലൂടെ മറെ വല തകര്‍ത്തു. ബ്ലാസ്‌റ്റേഴ്‌സിന് ലീഡ്. ഗോള്‍ വീണതോടെ ബ്ലാസ്‌റ്റേഴ്‌സ് കരുത്തോടെ മുന്നേറി.

ഒഡീഷയുടെ ജെറി ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം വിട്ടുകൊടുത്തില്ല. പതിനാലാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ഗോളിന് അരികിലെത്തി. ഗോമെസിന്റെ കരുത്തുറ്റ അടി അര്‍ഷ്ദീപ് തട്ടിയകറ്റുകയായിരുന്നു. പതിനെട്ടാം മിനിറ്റില്‍ ലാലിംപുയയുടെ ഗോള്‍ ശ്രമം നിഷു കുമാര്‍ തടഞ്ഞു. 22ാം മിനുറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ദൗര്‍ഭാഗ്യകരമായി ഗോള്‍ വഴങ്ങി. മൗറീസിയോയുടെ ഷോട്ട് ജീക്‌സന്റെ കാലില്‍ തട്ടി അകത്തേക്ക് കയറുകയായിരുന്നു. ഗോള്‍ കീപ്പര്‍ ആല്‍ബിനോയ്ക്ക് എത്തിപ്പിടിക്കാനായില്ല.

ഉടന്‍തന്നെ ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചടിക്ക് മുതിര്‍ന്നു. രാഹുലും പെരേരയും വലതുവശം പിടിച്ച് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ പന്ത് ഗോമെസിലേക്ക്. എന്നാല്‍ ഗോമെസിന്റെ ഹെഡര്‍ അര്‍ഷ്ദീപിന്റെ കൈയില്‍ തട്ടി പുറത്തുപോയി. തൊട്ടടുത്ത നിമിഷം രാഹുലിന്റെ അടുത്ത മുന്നേറ്റം കണ്ടു. ടെയ്‌ലറെയും ബോറയെയും മറികടന്ന് രാഹുല്‍ ഷോട്ട് പായിച്ചു. അര്‍ഷ്ദീപ് പന്ത് പിടിച്ചു.

34ാം മിനിറ്റില്‍ മൗറീസിയോയുടെ അപകടകരമായ നീക്കത്തെ ആല്‍ബിനോ തട്ടിയകറ്റി. നാല്‍പ്പതാം മിനുറ്റില്‍ മറെ ഒരുക്കിയ അവസരം ലക്ഷ്യത്തിലെത്തിക്കാന്‍ രാഹുലിന് കഴിഞ്ഞില്ല. ആദ്യപകുതി അവസാനിക്കാന്‍ മൂന്ന് മിനിറ്റ് ശേഷിക്കെയായിരുന്നു ഒഡീഷയുടെ രണ്ടാം ഗോള്‍. ജെറിയുടെ ഫ്രീകിക്ക് ബോക്‌സിലേക്ക് പറന്നു. ഗോള്‍മുഖത്ത് തക്കം പാര്‍ത്തുനിന്ന് ടെയ്‌ലര്‍ക്ക് പന്ത് കിട്ടി. ടെയ്‌ലര്‍ ആല്‍ബിനോയെ കീഴടക്കി.

ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നിഷുവിന് പരിക്കേറ്റത് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി. നിഷുവിന് പകരം ബകാറി കോനെ ഇറങ്ങി. രണ്ടാംപകുതിയുടെ തുടക്കത്തില്‍ ഒഡീഷയുടെ ആക്രമണങ്ങള്‍ തടയാന്‍ ബ്ലാസ്‌റ്റേഴ്‌സ് ആഞ്ഞുശ്രമിച്ചു. എന്നാല്‍ അമ്പതാം മിനിറ്റില്‍ മൗറീസിയോയുടെ കുതിപ്പ് തടയാനായില്ല. ജെറി തട്ടിയിട്ടുനല്‍കിയ പന്ത് പിടിച്ചെടുത്ത് മുന്നേറിയ മൗറീസിയോ കളിയിലെ രണ്ടാം ഗോളും നേടി.

ബ്ലാസ്‌റ്റേഴ്‌സ് രണ്ട് മാറ്റങ്ങള്‍ കൂടി നടത്തി. രാഹുലിന് പകരം ഗാരി ഹൂപ്പറും സന്ദീപിന് പകരം കെ.പ്രശാന്തും കളത്തിലെത്തി.
60ാം മിനിറ്റില്‍ ഹാട്രിക്കിലൂടെ മൗറീസിയോ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചു. ബോക്‌സിന് പുറത്തുവച്ചുള്ള കരുത്തുറ്റ ഷോട്ട് ആല്‍ബിനോയെ മറികടന്ന് വലയില്‍കയറി. പിന്നാലെ പെരേരയുടെ ഉശിരന്‍ ഷോട്ട് അര്‍ഷ്ദീപ് തട്ടിയകറ്റി. കളിയുടെ അവസാന ഘട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് പൊരുതിക്കളിച്ചു.

79ാം മിനിറ്റില്‍ മറെയുടെ പാസില്‍ ഹൂപ്പര്‍ ഗോളടിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് പ്രതീക്ഷ സജീവമാക്കി. എന്നാല്‍ അര്‍ഷ്ദീപിന്റെ സേവുകള്‍ ബ്ലാസ്‌റ്റേഴ്‌സിനെ തടഞ്ഞു. പത്തിന് ജംഷഡ്പൂര്‍ എഫ്‌സിയുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.
കേരള ബ്ലാസ്റ്റേഴ്സ് പ്ലെയിങ് ഇലവൻ: ആൽബിനോ ഗോമസ്, നിഷു കുമാർ, സന്ദീപ് സിങ്, അബ്ദുൾ ഹക്കു, ജസൽ കർണെയ്റോ, വിസന്റെ ഗോമസ്, ജീക്സൻ സിങ്, സഹൽ അബ്ദുൾ സമദ്, ഫകുണ്ടൊ പെരേര, രാഹുൽ കെപി, ജോർദാൻ മുറെ

ഒഡിഷ എഫ്സി പ്ലെയിങ് ഇലവൻ: അർഷ്ദീപ് സിങ്, ഗൗരവ് ബോറ, സ്റ്റീവൻ ടെയ്‌ലർ, ജേക്കബ് ട്രാറ്റ്, ഹെൻഡ്രി ആന്റണി, നന്ദകുമാർ ശേഖർ, വിനീത് റായ്, കോൾ അലക്സാൻഡർ, ജെറി, മാനുവൽ ഒൻവോ, ഡീയാഗോ മൗറിഷ്യോ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl 2020 21 kerala blasters fc vs odisha fc kbfc ofc live match update

Next Story
അർധസെഞ്ചുറിയുമായി വില്ലും ലബുഷെയ്നും; ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കം
The moderation of comments is automated and not cleared manually by malayalam.indianexpress.com