ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ ജയം കണ്ടെത്താൻ സാധിക്കാതെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ഈസ്റ്റ് ബംഗാളും. ഓരോ ഗോൾ വീതം നേടിയാണ് ഇരു ടീമുകളും ഇന്നത്തെ മത്സരം സമനിലയിലാക്കിയത്. 13-ാം മിനിറ്റിൽ പ്രതിരോധ താരം ബക്കാരി കോന വഴങ്ങിയ ഓൺഗോളിലാണ് ഈസ്റ്റ് ബംഗാൾ മുന്നിലെത്തിയതെങ്കിൽ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ജീക്സൻ സിങ് കേരള ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിക്കുകയായിരുന്നു.
സീസണിൽ ഇതുവരെ ഒരു വിജയം നേടാനായില്ല എന്ന ചീത്തപ്പേര് തിരുത്താനിറങ്ങിയ ഇരു ടീമുകൾക്കും മികച്ച തുടക്കമാണ് ലഭിച്ചത്. അഞ്ചാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സിന്റെ വക മുന്നേറ്റം ഈസ്റ്റ് ബംഗാൾ ഗോൾമുഖത്ത് അപകടം സൃഷ്ടിച്ചു. 9-ാം മിനിറ്റിൽ ഹൊബാം സിങ് കേരള ബ്ലാസ്റ്റേഴ്സിനെയും ഞെട്ടിച്ചു. എന്നാൽ ആൽബിനോ ഗോമസിന്റെ സേവ് ഈസ്റ്റ് ബംഗാൾ ആഘോഷം ഇല്ലാതാക്കി.
13-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിന്റെ മുന്നേറ്റം പ്രതിരോധിക്കുന്നതിനിടയിൽ ബക്കാരി കോനയിലൂടെ പന്ത് ബ്ലാസ്റ്റേഴ്സ് വലയിലെത്തുകയായിരുന്നു. അതേ മിനിറ്റിൽ സൂപ്പർ താരം രാഹുൽ കെപിക്ക് മഞ്ഞ കാർഡ് ലഭിച്ചത് ഇരട്ടി പ്രഹരമായി. ജാക്വസ് മഗോമയുടെ മുന്നേറ്റമാണ് ഗോളിന് വഴിവെച്ചത്. മഗോമയുടെ പാസ് സ്വീകരിച്ച മുഹമ്മദ് റഫീഖ് അത് ബോക്സിലുണ്ടായിരുന്നു പില്കിങ്ടണ് മറിച്ചു. ഈ പന്ത് രക്ഷപ്പെടുത്താന്‍ ശ്രമിച്ച ബക്കാരി കോനെയുടെ കാലില്‍ തട്ടി പന്ത് വലയിലെത്തുകയായിരുന്നു.
30-ാം മിനിറ്റിൽ ഗോളെന്നുറപ്പിച്ച ജെസൽ കർണെയ്റയുടെ ഷോട്ട് കേരള ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചു എന്ന് തോന്നിപ്പിച്ചെങ്കിലും പോസ്റ്റിനെ തൊട്ടുരുമി പന്ത് പുറത്തേക്ക് പോവുകയായിരുന്നു. 38-ാം മിനിറ്റിൽ രാഹുൽ കെപിയും ഗോൾ വല ലക്ഷ്യമാക്കി പന്ത് പായിച്ചെങ്കിലും ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ മജുംദാർ പന്ത് തടുത്തിട്ടു. ഇതോടെ ആദ്യ പകുതിയിൽ ഈസ്റ്റ് ബംഗാൾ മുന്നിൽ.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മൂന്ന് മാറ്റങ്ങളുമായി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് അതിവേഗം അക്രമണത്തിലേക്ക് ചുവടുമാറി. നിരന്തരം ഈസ്റ്റ് ബംഗാൾ ഗോൾമുഖത്തേക്ക് ഇരച്ചു കയറിയെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. 66-ാം മിനിറ്റിൽ മലയാളി താരം സഹൽ അബ്ദുൾ സമദിന്റെ വകയായിരുന്നു ഒരു അവസരം.71-ാം മിനിറ്റിൽ ജോർദാൻ മുറെയും ബോക്സിനകത്ത് അപകടം സൃഷ്ടിച്ചെങ്കിലും ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ രക്ഷകനാവുകയായിരുന്നു. അതിനിടയിൽ ആൽബിനോ ഗോമസിന്റെ സേവുകളും ലീഡ് ഉയരുന്നത് തടയാൻ കാരണമായി.
87-ാം മിനിറ്റിൽ മഗോമയുടെ ഗോളെന്നുറച്ച ഷോട്ടാണ് കിടിലൻ ഡൈവിലൂടെ ആൽബിനോ രക്ഷപ്പെടുത്തി. അവസാന മിനിറ്റുകളിലും ആഞ്ഞടിച്ച കേരള ബ്ലാസ്റ്റേഴ്സ് ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ ഒപ്പമെത്തുകയായിരുന്നു. സഹലിന്റെ ഫ്രീകിക്ക് ജീക്സൻ വലയിലെത്തിച്ചു. തൊട്ടുപിന്നാലെ മറ്റ് രണ്ട് അവസരങ്ങളും സൃഷ്ടിച്ചെങ്കിലും ഗോൾ പിറന്നില്ല. മത്സരം സമനിലയിൽ