ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം പതിപ്പിലെ തങ്ങളുടെ മൂന്നാം മത്സരത്തിലും ജയം കണ്ടെത്താനാകാതെ കേരള ബ്ലാസ്റ്റേഴ്സ്. ചെന്നൈയിന് എഫ്സിക്കെതിരായ സതേൺ ഡെർബിയിൽ ഗോൾരഹിത സമനില വഴങ്ങിയാണ് കേരള ബ്ലാസ്റ്റേഴ്സ് കന്നി ജയത്തിനായുള്ള കാത്തിരിപ്പ് തുടരുന്നത്. തകർപ്പൻ പെനാൽറ്റി സേവിലൂടെ ചെന്നൈയിൻ സുവർണാവസരം തകർത്ത ആൽബിനോ ഗോമസാണ് തോൽവി ഒഴിവാക്കിയത്.
ആദ്യ മിനിറ്റുകളിൽ മത്സരത്തിന്റെ പൂർണ ആധിപത്യം ചെന്നൈയിൻ എഫ്സിക്കായിരുന്നു. പന്തിൽ താളം കണ്ടെത്താൻ പ്രയാസപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിന്റെ പിഴവുകളെല്ലാം അവസരങ്ങളാക്കി മാറ്റി ചെന്നൈയിൻ ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്ത് നിരന്തര അക്രമണങ്ങൾ അഴിച്ചുവിട്ടു. അതേസമയം ഗോൾകീപ്പർ ആൽബിനോ ഗോമസിന്റെ രണ്ട് പിഴവുകൾ ചെന്നൈ ഗോളാക്കി മാറ്റാതിരുന്നത് ഭാഗ്യം മാത്രമായി.
പ്രതിരോധത്തിൽ ബക്കാറി കോനയുടെ പ്രകടനമാണ് ചെന്നൈക്ക് വലിയ വിലങ്ങുതടിയായത്. കളി മെനയാൻ മധ്യനിരയും മുന്നേറ്റവും പരാജയപ്പെട്ടപ്പോഴും പ്രതിരോധത്തിൽ ബക്കാറി കോന സൃഷ്ടിച്ച കോട്ട തകർക്കാൻ ചെന്നൈക്ക് സാധിച്ചില്ല. എന്നാൽ 20-ാം മിനിറ്റിൽ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത കേരള ബ്ലാസ്റ്റേഴ്സ് നിരന്തരം അവസരങ്ങൾ സൃഷ്ടിച്ചു. 26-ാം മിനിറ്റിൽ സിൽവസ്റ്റർ പന്ത് ബ്ലാസ്റ്റേഴ്സ് ഗോൾവലയിൽ എത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
പിന്നാലെ വലത് വിങ്ങിലൂടെ നിരവധി മുന്നേറ്റങ്ങളാണ് ഫകുണ്ടോ പെരേരയും നയൊറമും ചെന്നൈ ഗോൾമുഖത്തേക്ക് നടത്തിയത്. എന്നാൽ ലക്ഷ്യം കാണാൻ സാധിച്ചില്ല. 29-ാം മിനിറ്റിൽ രോഹിത്തിന്റെ ലോങ് റേഞ്ച് ഏറെ പണിപ്പെട്ടാണ് ചെന്നൈ ഗോൾകീപ്പർ തട്ടിയകറ്റിയത്. നയൊറം വീണ്ടും ചെന്നൈ പ്രതിരോധത്തിലേക്ക് ഇരച്ചു കയറിയെങ്കിലും ഫലമുണ്ടായില്ല. 45-ാം മിനിറ്റിൽ ബക്കാറി കോനയ്ക്ക് യെല്ലോ കാർഡ് ലഭിച്ചത് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ രാഹുലിനെയും ജെസലിനെയും പ്ലെയിങ് ഇലവനിലെത്തിച്ച കിബു പ്രതിരോധവും മുന്നേറ്റവും ഒരുപോലെ ശക്തമാക്കി. പിന്നാലെ അക്രമണത്തിന്റെ മൂർച്ച കൂട്ടിയ ചെന്നൈയും ലക്ഷ്യം ഗോൾ തന്നെയെന്ന് വ്യക്തമാക്കി. ഇതോടെ മത്സരം കൂടുതൽ വാശിയേറിയതായി. 74-ാം മിനിറ്റിൽ ക്രിവല്ലാരോയെ ബോക്സിനുള്ളിൽ സിഡോഞ്ച ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി അവസരം സിൽവസ്റ്റർ കളഞ്ഞുകുടിച്ചത് ചൈന്നൈക്ക് തിരിച്ചടിയായി. ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ആൽബിനോ ഗോമസിന്റെ തകർപ്പൻ സേവാണ് ബ്ലാസ്റ്റേഴ്സിന് തുണയായത്.
Albino Gomes winning the battle of wits!
Watch #CFCKBFC live on @DisneyplusHSVIP – //t.co/xKtU0fBX52 and @OfficialJioTV.
For live updates //t.co/OczQ36q7ga#ISLMoments #HeroISL #LetsFootball //t.co/JotujY4PiL pic.twitter.com/DcDvUHo5df
— Indian Super League (@IndSuperLeague) November 29, 2020
അവസാന അഞ്ച് മിനിറ്റിലേക്ക് ജീക്സണെയും മുറെയെയും കളത്തിലെത്തിച്ച കിബു അപ്പോഴും ഗോളിനായുള്ള ശ്രമമാണ് നടത്തിയത്. ഇഞ്ചുറി ടൈമിന് തൊട്ടുമുമ്പ് സിഡോ പരുക്കേറ്റ് പുറത്തായതോടെ ബ്ലാസ്റ്റേഴ്സ് പത്ത് പേരായി ചുരുങ്ങി. ഇഞ്ചുറി ടൈമിലും ഗോൾ പിറക്കാതെ വന്നതോടെ മത്സരം സമനിലയിൽ. കേരള ബ്ലാസ്റ്റേഴ്സ് സീസണിൽ വഴങ്ങുന്ന രണ്ടാമത്തെ സമനിലയാണിത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook