ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്സിക്ക് വിജയത്തുടക്കം. ജംഷ്ദ്പൂർ എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തകർത്താണ് ചെന്നൈയും ലീഗിൽ തകർപ്പൻ തുടക്കം കുറിച്ചിരിക്കുന്നത്.

ആദ്യ മിനിറ്റ് മുതൽ ജംഷദ്പൂർ ഗോൾമുഖത്തേക്ക് നിരന്തരം അക്രമണങ്ങൾ അഴിച്ചുവിട്ട ചെന്നൈയിൻ വരാനിരിക്കുന്ന മുന്നേറ്റങ്ങളുടെ സൂചന നൽകി. ഒന്നാം മിനിറ്റിൽ ഇന്ത്യൻ ഇന്രർനാഷ്ണൽ അനിരുഥ് താപ്പ ചെന്നൈയെ മുന്നിലെത്തിച്ചു. സീസണിലെ ഒരു ഇന്ത്യൻ താരത്തിന്റെ ആദ്യ ഗോൾ നേട്ടമെന്ന റെക്കോർഡും താപ്പ സ്വന്തം പേരിൽ എഴുതി ചേർത്തു. ഏഴാം മിനിറ്റിൽ ചെന്നൈയുടെ പ്രതിരോധം തകർത്ത പീറ്റർ ജംഷദ്പൂരിനെ ഒപ്പമെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും പന്ത് പുറത്തേക്ക് പോകുകയായിരുന്നു.

ഇതിന് ശേഷം ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തി. 26-ാം മിനിറ്റിൽ ചെന്നൈ ഗോൾസമ്പാദ്യം രണ്ടാക്കി. ചെന്നൈ മുന്നേറ്റത്തിനിടെ ചക്ചുക് ബോക്സിനുള്ളിൽ നടത്തിയ പിഴവിന് ചെന്നൈക്ക് അനുകൂലമായി പെനാൽറ്റി വിധിക്കുകയായിരുന്നു. മലയാളി താരം ടി.പി രഹ്നേഷിനെ കബളിപ്പിച്ച് ഇസ്മയിൽ ഇസ്മ അനായാസം പെനാൽറ്റി കിക്ക് വലയിലെത്തിച്ചു.

അധികം വൈകാതെ തന്നെ വാൽസ്കിസ് ജംഷ്ദ്പൂർ അക്കൗണ്ട് ഓപ്പൺ ചെയ്തതോടെ മത്സരത്തിലേക്ക് ചെമ്പടയ്ക്ക് മത്സരത്തിലേക്ക് ആദ്യ തിരിച്ചുവരവ് ഒരുങ്ങി. ആദ്യ പകുതി അവസാനിക്കുന്നചിന് തൊട്ടുമുമ്പ് ക്രിവലാരോയ്ക്ക് യെല്ലോ കാർഡ് ലഭിച്ചതും ചെന്നൈക്ക് തിരിച്ചടിയായി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മാറ്റങ്ങളുമായി ഇറങ്ങിയ ജംഷദ്പൂർ ശക്തമായ ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ചെന്നൈ പ്രതിരോധം കോട്ട പോലെ ഉറച്ച് നിന്നതോടെ ജംഷ്ദപൂർ മുന്നേറ്റങ്ങൾ ലക്ഷ്യത്തിലെത്തിയില്ല. 68-ാം മിനിറ്റിൽ ചെന്നൈ ഗോൾകീപ്പർ വരുത്തിയ പിഴവ് ഗോളെന്നു ഉറപ്പിച്ചെങ്കിലും സിപോവിച്ച് രക്ഷകനാവുകയായിരുന്നു. ഗോളെന്നുറച്ച ഒരുപിടി മുന്നേറ്റങ്ങൾ ചെന്നൈയും നടത്തിയെങ്കിലും ലീഡ് ഉയർത്താൻ സാധിച്ചില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook