ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റൊരു വാശിയേറിയ പോരാട്ടത്തിൽ കരുത്തരായ എഫ്സി ഗോവയെ സമനിലയിൽ തളച്ച് ഈസ്റ്റ് ബംഗാൾ എഫ്സി. തുടർച്ചയായ രണ്ടാം ജയം തേടിയിറങ്ങിയ ഈസ്റ്റ് ബംഗാൾ മത്സരത്തിലാദ്യം മുന്നിലെത്തിയെങ്കിലും ഗോവ ഒപ്പം പിടിക്കുകയായിരുന്നു. മത്സരത്തിന്റെ മുഴുവൻ സമയവും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി അവസാനിപ്പിക്കുകയായിരുന്നു.
മികച്ച പ്രകടനമാണ് ഇരു ടീമുകളും തുടക്കം മുതൽ പുറത്തെടുത്തത്. ഈസ്റ്റ് ബംഗാൾ ഗോൾമുഖത്ത് ഗോവ നിരന്തരം അക്രമണം അഴിച്ചുവിട്ടപ്പോൾ മികച്ച ടീം വർക്കുമായാണ് ഈസ്റ്റ് ബംഗാൾ കളം നിറഞ്ഞത്. നാലാം മിനിറ്റിൽ ഡൊണാച്ചിയുടെ ഹെഡറിലൂടെ ഗോളിലേക്കുള്ള ആദ്യ വഴി ഗോവ തുറന്നു. എന്നാൽ ലക്ഷ്യത്തിലെത്തിയില്ല. പിന്നാലെ ഈസ്റ്റ് ബംഗാൾ നടത്തിയ കൗണ്ടർ അറ്റാക്കും ഫലം കണ്ടില്ല.
സാവധാനം മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഗോവ ഈസ്റ്റ് ബംഗാൾ ബോക്സിനുള്ളിലും പുറത്തും അപകടം സൃഷ്ടിച്ചുകൊണ്ടേയിരുന്നു. കൊൽക്കത്തൻ ഗോൾകീപ്പർ ദേബ്ജിത് മജുംദാറിന്റെ തകർപ്പൻ സേവുകളാണ് പ്രതിരോധ നിര തകർന്നപ്പോഴും ഈസ്റ്റ് ബംഗാളിന് രക്ഷയായത്. ഇതോടെ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ.
രണ്ടാം പകുതിയിലും ഗോവ തന്നെയാണ് അക്രമിച്ച് കളിച്ചത്. ഇതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞ ഈസ്റ്റ് ബംഗാൾ കിട്ടിയ അവസരങ്ങളിൽ ഗോവ ഗോൾമുഖത്തേക്ക് കുതിച്ചു. 57-ാം മിനിട്ടില്‍ ഗോവയുടെ ജെസുരാജിനെ ഫൗള്‍ ചെയ്തതിന് ഈസ്റ്റ് ബംഗാള്‍ നായകനും പ്രതിരോധതാരവുമായ ഡാനിയേല്‍ ഫോക്സിന് റഫറി ചുവപ്പുകാര്‍ഡ് വിധിച്ചു. ഇതോടെ പത്ത് പേരായി ചുരുങ്ങി ഈസ്റ്റ് ബംഗാളും കളിയുടെ വേഗത കൂട്ടി.
79-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ മുന്നിലെത്തി. പന്തുമായി ബോക്സിനകത്തേക്ക് മുന്നേറിയ ഈസ്റ്റ് ബംഗാള്‍ താരം ബ്രൈറ്റ് നാല് ഗോവന്‍ പ്രതിരോധതാരങ്ങളെ കബിളിപ്പിച്ചുകൊണ്ട് അനായാസേന പന്ത് വലയിലെത്തിച്ചു. സീസണിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നായിരുന്നു ഇത്.
എന്നാൽ ഒരു മിനിറ്റിനുള്ളിൽ ഗോവ തിരിച്ചടിച്ചു. പകരക്കാരനായി എത്തിയ ദേവേന്ദ്രയാണ് ഗോവയ്ക്കായി സ്കോര്‍ ചെയ്തത്. ക്രോസില്‍ നിന്നും പന്ത് സ്വീകരിച്ച ദേവേന്ദ്ര ഒരു മികച്ച ഹെഡ്ഡറിലൂടെയാണ് ബംഗാള്‍ വല ചലിപ്പിച്ചത്. ഇതോടെ സമനില പിടിച്ച ഗോവ കൂടുതൽ ആത്മവിശ്വാസത്തോടെ വിജയ ഗോളിനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ലീഡ് ഉയർത്താനുള്ള ഈസ്റ്റ് ബംഗാളിന്റെ ശ്രമവും പരാജയപ്പെട്ടതോടെ മത്സരം സമനിലയിൽ.