ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം പതിപ്പിൽ അരങ്ങേറ്റക്കാരായ ഈസ്റ്റ് ബംഗാളിന് കന്നി ജയം. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തിൽ ഒഡിഷ എഫ്സിയെ പരാജയപ്പെടുത്തിയാണ് ഈസ്റ്റ് ബംഗാൾ സീസണിൽ ആദ്യമായി മൂന്ന് പോയിന്റ് തികച്ച് സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ജയം. അതേസമയം എട്ട് മത്സരങ്ങൾക്ക് ശേഷവും ജയത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ് ഒഡിഷ എഫ്സി.
മത്സരത്തിന്റെ തുടക്കം മുതൽ അക്രമിച്ച് കളിച്ച ഈസ്റ്റ് ബംഗാൾ ഇന്ന് ജയവുമായെ മടങ്ങുവെന്ന് വ്യക്തമാക്കിയിരുന്നു. ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളിന്റെ ലീഡ് സ്വന്തമാക്കിയ ഈസ്റ്റ് ബംഗാളിന്റെ ഡാനി ഫോക്സിന്റെ ഓൺ ഗോളാണ് ഒഡിഷ എഫ്സിക്ക് ആശ്വാസഗോൾ സമ്മാനിച്ചത്.
Also Read: ടീമിനെ നയിക്കാൻ ജനിച്ച ഒരാളാണ് രഹാനെ; പ്രകടനത്തിൽ അത്ഭുതമൊന്നുമില്ലെന്ന് ഇയാൻ ചാപ്പൽ
12-ാം മിനിറ്റിലായിരുന്നു മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. വലതുഭാഗത്തു നിന്ന് രാജു ഗെയ്ക്വാദിന്റെ ത്രോ ക്ലിയര്‍ ചെയ്യുന്നതില്‍ ഒഡിഷ താരങ്ങള്‍ വരുത്തിയ പിഴവില്‍ നിന്നായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ആദ്യ ഗോള്‍. ബോക്സില്‍ കുത്തി ഉയര്‍ന്ന പന്ത് ഹെഡറിലൂടെ പില്കിങ്ടന് വലയിലെത്തിക്കുകയായിരുന്നു.
ഗോൾവഴങ്ങിയതോടെ ഉണർന്ന് കളിച്ചെങ്കിലും ചെമ്പടയുടെ മുന്നേറ്റങ്ങളെ ചെറുക്കുന്നതിൽ ഒഡിഷയ്ക്ക് സാധിച്ചില്ല. 39-ാം മിനിറ്റില്‍ അസാധ്യമായ ഒരു ആംഗിളില്‍ നിന്നാണ് മഗോമ സ്കോര്‍ ചെയ്തത്. ഇടതു ഭാഗത്തു നിന്ന് പന്ത് ലഭിച്ച മഗോമ ഒറ്റയ്ക്കൊരു മുന്നേറ്റത്തിലൂടെ ഒഡിഷ ഡിഫന്‍ഡറെ മറികടന്ന് കരുത്തുറ്റ ഒരു ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.
ആദ്യ പകുതിയിൽ നേടിയ ലീഡിന്റെ ആത്മവിശ്വാസത്തിൽ രണ്ടാം പകുതിയിലും കളത്തിലിറങ്ങിയ ഈസ്റ്റ് ബംഗാൾ ആധിപത്യം തുടർന്നു. 88-ാം മിനിറ്റിൽ എനോബകാരേ ഈസ്റ്റ് ബംഗാളിനായി മൂന്നാം ഗോളും കണ്ടെത്തി. ഒഡിഷ ഡിഫന്‍ഡര്‍മാരെ കാഴ്ചക്കാരാക്കി മികച്ച പാസുകളുമായി കളിച്ച ഈസ്റ്റ് ബംഗാളിനായി ഒടുവില്‍ പന്ത് ലഭിച്ച എനോബകാരേ സ്കോര്‍ ചെയ്യുകയായിരുന്നു.
രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ഡാനി ഫോക്സിൽ നിന്നും ഈസ്റ്റ് ബംഗാളിന്റെ വലയിൽ കയറിയ പന്താണ് ഒഡിഷ സ്കോർബോർഡ് അനക്കിയത്.