ഗോവ: ഐഎസ്എല്ലിലെ ഇന്നത്തെ മത്സരത്തിൽ ജംഷഡ്പൂർ എഫ്സിക്ക് ജയം. ചെന്നൈയിൻ എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷഡ്പൂർ തോൽപ്പിച്ചത്. 90-ാം മിനിറ്റിലാണ് ജംഷഡ്പൂർ വിജയഗോൾ നേടിയത്. ഇനിസ് സിപോവിക്കിന്റെ ഓൺഗോളാണ് ചെന്നൈയിൻ എഫ്സിക്ക് വിനയായത്.
മത്സരം സമനിലയിൽ കലാശിക്കുമെന്ന് തോന്നിയ സമയത്താണ് സിപോവിക്കിലൂടെ ഓൺഗോൾ പിറന്നത്. ആദ്യ പകുതി ഗോൾ രഹിതമായി കലാശിച്ചെങ്കിലും രണ്ടാം പകുതിയിൽ ഇരു ടീമുകളും ലീഡ് സ്വന്തമാക്കാൻ പരിശ്രമിച്ചു. സെമിയിലേക്ക് നീങ്ങാൻ ഇരു ടീമുകൾക്കും ഇന്ന് വിജയം അനിവാര്യമായിരുന്നു.
ഇന്നത്തെ വിജയത്തോടെ ജംഷഡ്പൂർ എഫ്സി പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തെത്തി. 17 കളികളിൽ നിന്ന് അഞ്ച് ജയമാണ് ജംഷഡ്പൂരിനുള്ളത്. 17 കളികളിൽ നിന്ന് മൂന്ന് ജയം മാത്രമുള്ള ചെന്നൈയിൻ എഫ്സി എട്ടാം സ്ഥാനത്താണ്.