ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്സി – എടികെ മോഹൻ ബഗാൻ മത്സരം സമനിലയിൽ. മത്സരത്തിന്റെ മുഴുവൻ സമയത്തും ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താൻ സാധിക്കാതെ വന്നതോടെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്. മികച്ച മുന്നേറ്റങ്ങളുണ്ടായെങ്കിലും ഗോൾകീപ്പർമാരുടെ തകർപ്പൻ പ്രകടനമാണ് ഗോൾ അകറ്റി നിർത്തിയത്. സമനില വഴങ്ങിയെങ്കിലും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറാൻ കൊൽക്കത്തൻ വമ്പന്മാർക്കായി.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കോർണർ നേടി എടികെ മോഹൻ ബഗാൻ മികച്ച മുന്നേറ്റം നടത്തിയെങ്കിലും പ്രതിരോധത്തിലൂന്നിയായിരുന്നു ഇന്ന് ലോപസിന്റെ തന്ത്രങ്ങൾ. അഞ്ച് താരങ്ങളെയാണ് കൊൽക്കത്ത ഇന്ന് പ്രതിരോധത്തിൽ നിലയുറപ്പിച്ചത്. അഞ്ചാം മിനിറ്റിൽ ചെന്നൈ നായകൻ ക്രിവല്ലാറോയുടെ മുന്നേറ്റം പ്രതിരോധം മറികടന്നെങ്കിലും ഗോൾകീപ്പർ അരിന്ധം ഭട്ടാചാര്യ വില്ലനായി.
തൊട്ടുപിന്നാലെ മറ്റൊരു മുന്നേറ്റവുമായി ചെന്നൈ താരങ്ങളൊന്നടങ്കം കൊൽക്കത്തൻ ഗോൾമുഖത്തേക്ക് കുതിച്ചെങ്കിലും ചാങ്തെയുടെ ഫിനിഷിങ് ഷോട്ട് ലക്ഷ്യം കണ്ടില്ല. പോസ്റ്റിന് അരികിലൂടെ പന്ത് പുറത്തേക്ക് പോവുകയായിരുന്നു. പിന്നീടും നിരവധിയായ അവസരങ്ങളാണ് ചെന്നൈ സൃഷ്ടിച്ചുകൊണ്ടേയിരുന്നത്. എന്നാൽ ഗോൾലൈൻ കടക്കാൻ ഒരിക്കൽ പോലും പന്തിന് സാധിച്ചില്ല. കാര്യമായ മുന്നേറ്റം എടികെ മോഹ ബഗാന്റെ സൈഡിൽ നിന്നുമുണ്ടാകാതെ വന്നതോടെ ആദ്യ പകുതി ഗോൾരഹിതം.
രണ്ടാം പകുതിയും വിരസമായിരുന്നു. നിരന്തരം ഫൗളുകള്‍ പിറന്നത് മത്സരത്തെ പ്രതികൂലമായി ബാധിച്ചു. നിരവധി തവണയാണ് റഫറിക്ക് വിസിൽ മുഴക്കി മത്സരം തടസപ്പെടുത്തേണ്ടി വന്നത്. 29 ഫൗളുകളാണ് മത്സരത്തിലുണ്ടായത്. രണ്ട് തവണ റഫറി യെല്ലോ കാർഡും പുറത്തെടുത്തു.
രണ്ടാം പകുതിയില്‍ ആദ്യ ആക്രമണം പുറത്തെടുത്തത് ചെന്നൈ ആയിരുന്നു. 50-ാം മിനിട്ടില്‍ ചങ്‌തെ ഒറ്റയ്ക്ക് പോസ്റ്റിനകത്തേക്ക് ഇരച്ചുകയറി മികച്ച ഒരു ഷോട്ടെടുത്തെങ്കിലും പന്ത് പോസ്റ്റിന് അരികിലൂടെ കടന്നുപോയി. പിന്നീട് കളി മന്ദഗതിയിലായി. അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇരുടീമുകളും പരാജയപ്പെട്ടു. രണ്ടാം പകുതിയിലും കൊൽക്കത്ത പൂർണമായും പ്രതിരോധത്തിലൂന്നിയപ്പോൾ ചെന്നൈയുടെ മുന്നേറ്റങ്ങളും ലക്ഷ്യം കണ്ടില്ല. മത്സരം സമനിലയിൽ.