ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ ആധികരിക കുതിപ്പ് തുടർന്ന് എടികെ മോഹൻ ബഗാൻ. ഒഡിഷ എഫ്സിക്കെതിരെ ഇഞ്ചുറി ടൈമിൽ റോയ് കൃഷ്ണ നേടിയ ഗോളിൽ സീസണിലെ മൂന്നാം ജയമാണ് എടികെ മോഹൻ ബഗാൻ കുറിച്ചത്. ഗോൾ രഹിതമായ 95 മിനിറ്റുകൾക്ക് ശേഷമാണ് റോയ് കൃഷ്ണ കൊൽക്കത്തയുടെ വിജയ ഗോൾ കണ്ടെത്തിയത്.

മത്സരത്തിന്റെ തുടക്കം മുതൽ പന്ത് കൈവശം വച്ച് കളിച്ച എടികെ മോഹൻ ബഗാന് എന്നാൽ എട്ടാം മിനിറ്റിൽ തന്നെ പ്രതിരോധ താരം തിരി യെല്ലോ കാർഡ് വാങ്ങിയത് തിരിച്ചടിയായി. 17-ാം മിനിറ്റിൽ ലഭിച്ച ഒഡിഷയ്ക്ക് അനുകൂലമായി കോർണറും 23-ാം മിനിറ്റിൽ എടികെ മോഹൻ ബഗാന് ഫ്രീകിക്കും ലഭിച്ചെങ്കിലും ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും സാധിച്ചില്ല. 34-ാം മിനിറ്റിൽ മഴ്സലിഞ്ഞോയ്ക്ക് ലഭിച്ച സുവർണാവസരവും പാഴായി. ഇതോടെ ആദ്യ പകുതി ഗോൾരഹിതം.

രണ്ടാം പകുതിയിൽ ഇരു ടീമുകളും ഗോളിനായുള്ള ശ്രമങ്ങൾ തുടക്കം മുതൽ നടത്തി. 52-ാം മിനിറ്റിൽ ബോക്സിന് തൊട്ട് പുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് മുതലാക്കാൻ എടികെ മോഹൻ ബഗാന് സാധിച്ചില്ല. പിന്നീടും ഒരുപിടി മികച്ച മുന്നേറ്റങ്ങൾ കൊൽക്കത്തയും ഒഡിൽയും നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. പ്ലെയിങ് ഇലവനിലെ മാറ്റങ്ങളും പരീശീലകരുടെ തന്ത്രങ്ങളും ഗോളിനായുള്ള കാത്തിരിപ്പ് ഫൈനൽ വിസിലോളം നീട്ടി.

രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈം അവസാനിക്കുന്നതിന് സെക്കൻഡുകൾ മുമ്പായിരുന്നു എടികെ മോഹൻ ബഗാൻ ഗോൾ കണ്ടെത്തിയത്. തിരി നൽകിയ കിടിലാൻ പാസ് സന്ദേശ് ജിങ്കൻ ഹെഡറിലൂടെ റോയ് കൃഷ്ണയ്ക്ക് കൈമാറി. മറ്റൊരു തകർപ്പൻ ഹെഡറിൽ റോയ് കൃഷ്ണ ടീമിന് വിജയഗോളൊരുക്കി.

ഇതോടെ സീസണിൽ തോൽവിയറിയാതെ മുന്നേറുകയാണ് എടികെ മോഹൻ ബഗാൻ. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള കേരള എടികെ മോഹൻ ബഗാൻ ടൂർണമെന്റിലെ വമ്പന്മാരെന്ന വിളിപ്പേരിന് അടിവരയിട്ടുകഴിഞ്ഞു. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയ എടികെ മോഹൻ ബഗാൻ രണ്ടാം മത്സരത്തിൽ കൊൽക്കത്ത ഡെർബിയിൽ ഈസ്റ്റ് ബംഗാളിനെയും തറപറ്റിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook