ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ സ്ഥാനക്കാരുടെ പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്സിക്ക് ജയം. കൊൽക്കത്തൻ വമ്പന്മാരായ എടികെ മോഹൻ ബഗാനെ എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ഓഗ്ബച്ചെയുടെ ഗോളാണ് മുംബൈക്ക് വിജയമൊരുക്കിയത്.

പതിവുപോലെ പ്രതിരോധത്തിലൂന്നി കളിച്ച എടികെ മോഹൻ ബഗാനെ മുംബൈ അക്രമണത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ കൊൽക്കത്തൻ വമ്പന്മാർ വഴങ്ങുന്ന ഏക ഗോൾ കൂടിയായിരുന്നു ഇത്.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മുംബൈ മുന്നിലെത്തിയതും വിജയം ഉറപ്പാക്കിയതും. 69-ാം മിനിറ്റിലായിരുന്നു ഹ്യൂഗോ ബോമസിന്റെ തകർപ്പൻ മുന്നേറ്റം ഓഗ്ബച്ചെ ഗോളാക്കുകയായിരുന്നു. ഓപ്പൺ പ്ലേയിലായിരുന്നു മുംബൈയുടെ ഗോൾ.

മികച്ച ഒരുപിടി അവസരങ്ങൾ എടികെ മോഹൻ ബഗാനും ലഭിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. ജയത്തോടെ പോയിന്റ് പട്ടികയിൽ ആധിപത്യം ഉറപ്പിക്കാനും മുംബൈക്കായി. പത്ത് മത്സരങ്ങളിൽ എട്ട് ജയമുള്ള മുംബൈക്ക് 25 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള എടികെ മോഹൻ ബഗാന് 20 പോയിന്റാണ്.

Read Today’s Sports News Here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook