ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു ഇടവേളയ്ക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്തി എടികെ മോഹൻ ബഗാൻ. കരുത്തരുടെ പോരാട്ടത്തിൽ എഫ്സി ഗോവയെ എതിരില്ലാത്ത ഒരു ഗോളിനാണ് കൊൽക്കത്തൻ വമ്പന്മാർ പരാജയപ്പെടുത്തിയത്. ഇത്തവണയും റോയ് കൃഷ്ണയുടെ ഗോളാണ് എടികെ മോഹൻ ബഗാന് വിജയമൊരുക്കിയത്.
ശക്തരായ മുന്നേറ്റനിര നേർക്കുന്നേർ വന്നപ്പോൾ പ്രതിരോധത്തിലൂന്നിയായിരുന്നു ഇരു ടീമുകളും കളിതന്ത്രം മെനഞ്ഞത്. 15-ാം മിനിട്ടില്‍ മോഹന്‍ ബഗാന്റെ ടിറിയ്ക്ക് റഫറി മഞ്ഞ കാര്‍ഡ് വിധിച്ചു. 23-ാം മിനിറ്റിൽ ഡേവിഡ് വില്യംസണിനും മഞ്ഞ കാർഡ് ലഭിച്ചത് കൊൽക്കത്തയ്ക്ക് തിരിച്ചടിയായി. 39-ാം മിനിറ്റിൽ വില്യംസിന്റെ ലോങ് റേഞ്ചർ ഗോവൻ ബോക്സിൽ അപകടം സൃഷ്ടിച്ചെങ്കിലും പോസ്റ്റിൽ തട്ടിതെറിച്ചു. ഇതോടെ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ അവസാനിച്ചു.
രണ്ടാം പകുതിയിലും കളിയുടെ വേഗതയിൽ കാര്യമായ മാറ്റമുണ്ടായില്ല. 53-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് അവസരം എടികെ മോഹൻ ബഗാൻ തുലച്ചു. എന്നാൽ 85-ാം മിനിറ്റിൽ എടികെ മോഹൻ ബഗാൻ വിജയഗോൾ നേടി. ബോക്സിനകത്തേക്ക് കുതിക്കുകയായിരുന്ന റോയ് കൃഷ്ണയെ പിന്നില്‍ നിന്നും ഗോവന്‍ താരം ഡോഹ്ലിങ് ഫൗള്‍ ചെയ്തതോടെ എ.ടി.കെയ്ക്ക് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. കിക്കെടുത്ത സൂപ്പര്‍ താരം റോയ് കൃഷ്ണയ്ക്ക് ഉന്നം പിഴച്ചില്ല.
സീസണിൽ റോയ് കൃഷ്ണ നേടുന്ന ആറാമത്തെ ഗോളാണിത്. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ മുംബൈക്കൊപ്പം എത്താൻ എടികെ മോഹൻ ബഗാന് സാധിച്ചു. എന്നാൽ ഗോൾശരാശരിയിൽ കൊൽക്കത്തൻ വമ്പന്മാരേക്കാൾ മുന്നിലാണ് മുംബൈ.