scorecardresearch

തോൽവിയറിഞ്ഞ് ബെംഗളൂരുവും; എടികെ മോഹൻ ബഗാന്റെ വിജയം ഏകപക്ഷിയമായ ഒരു ഗോളിന്

സൂപ്പർ താരം ഡേവിഡ് വില്യംസണിന്റെ ഗോളാണ് കൊൽക്കത്തൻ വമ്പന്മാർക്ക് വിജയമൊരുക്കിയത്

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിക്ക് സീസണിലെ ആദ്യ തോൽവി. എടികെ മോഹൻ ബഗാനോട് എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരു എഫ്സി അടിയറവ് പറഞ്ഞത്. സൂപ്പർ താരം ഡേവിഡ് വില്യംസണിന്റെ ഗോളാണ് കൊൽക്കത്തൻ വമ്പന്മാർക്ക് വിജയമൊരുക്കിയത്.

മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ യുവാനാന് മഞ്ഞകാർഡ് കിട്ടിയത് ബെംഗളൂരു എഫ്സിയെ ഞെട്ടിച്ചു. റോയ് കൃഷ്ണയെ ഫൗൾ ചെയ്തതിനായിരുന്നു തുടക്കത്തിലെ താരം കാർഡ് വാങ്ങിയത്. ഇതോടെ സമ്മർദ്ദത്തിലായ ബെംഗളൂരു ഗോൾമുഖത്തേക്ക് എടികെ മോഹൻ ബഗാൻ നിരന്തരം അക്രമണം അഴിച്ചുവിട്ടു. യുവാനാനും രാഹുൽ ഭേഖെയും തീർത്ത പ്രതിരോധവും ഗുർപ്രീതിന്റെ സേവുകളും 33-ാം മിനിറ്റ് വരെ സ്കോർ ബോർഡ് 0-0 ആക്കി നിർത്തി.

എന്നാൽ 33-ാം മിനിറ്റിൽ കാൾ മക്ഹ്യുവിന്റെ ലോങ് പാസിൽ നിന്ന് ഒറ്റയ്ക്കൊരു മുന്നേറ്റത്തിലൂടെ വില്യംസ് പന്ത് വലയിലെത്തിച്ചതോടെ ഗോൾ ആധിപത്യവും എടികെ നേടി. ഒപ്പം പിടിക്കാനുള്ള ബെംഗളൂരുവിന്റെ ശ്രമങ്ങൾ പാഴായതോടെ ആദ്യ പകുതിയിൽ ഒരു ഗോളിന് എടികെ മുന്നിൽ.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മാറ്റങ്ങളുമായി ഇറങ്ങിയ ബെംഗളൂരു അതിവേഗം മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമമായിരുന്നു. 73-ാം മിനിറ്റിൽ സമനില പിടിക്കാനുള്ള സുവർണാവസരം ക്ലെയ്റ്റൻ സിൽവ പാഴാക്കിയത് ബെംഗളൂരുവിന് വലിയ നിഷ്ടമായി. ഒരു തോൽവിയുടെ വില തന്നെ കൊടുക്കേണ്ടി വന്നു ബെംഗളൂരുവിന് അതിന് പകരമായി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Isl 2020 21 atk mohun bagan vs bengaluru fc match result