ISL 2020-21 Semi Final: ഐഎസ്എൽ 2020-21ൽ ആദ്യ ഫൈനലിസ്റ്റുകളായി മുംബൈ സിറ്റി എഫ്‌സി. തിങ്കളാഴ്ച നടന്ന രണ്ടാം പാദ സെമിയിൽ എഫ്സി ഗോവയെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് മുംബൈയുടെ ഫൈനൽ പ്രവേശം. ഗോൾ രഹിത സമനിലയിൽ തീർന്ന മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പോവുകയായിരുന്നു. ഷൂട്ടൗട്ടിൽ മുംബൈക്ക് ആറ് ഷോട്ടുകൾ ഗോൾവലയിലെത്തിക്കാനായപ്പോൾ ഗോവയ്ക്ക് അഞ്ചെണ്ണം മാത്രമാണ് ലക്ഷ്യം കാണിക്കാനായത്.
ഫൈനലിൽ മുംബൈയുടെ എതിരാളികൾ ആരാവുമെന്ന് ചൊവ്വാഴ്ച നടക്കുന്ന എടികെ മോഹൻ ബഗാൻ- നോർത്ത് ഇസ്റ്റ് യുനൈറ്റഡ് എഫ്സി രണ്ടാം പാദ സെമിക്ക് ശേഷം അറിയാം. ചൊവ്വാഴ്ച വൈകിട്ട് ഏഴിനാണ് മത്സരം. ആദ്യ പാദ സെമിയിൽ മോഹൻ ബഗാനും നോർത്ത് ഈസ്റ്റും ഓരോ ഗോൾ നേടി സമനിലയിലെത്തിയിരുന്നു. മുംബൈ-ഗോവ സെമി ഇരു ടീമുകളും രണ്ട് വീതം ഗോൾ നേടി സമനിലയിൽ പിരിഞ്ഞിരുന്നു. ശനിയാഴ്ച വൈകിട്ട് 7.30നാണ് ഫൈനൽ.
മുംബൈ സിറ്റി ആദ്യമായാണ് ഐഎസ്എൽ ഫൈനലിൽ പ്രവേശിക്കുന്നത്. സെമിയിൽ മുംബൈയുടെ എതിരാളികളായിരുന്ന ഗോവ രണ്ടു തവണ ഫൈനലിലെത്തിയിരുന്നു. എന്നാൽ രണ്ടു തവണയും ഗോവ രണ്ടു ഫൈനലിൽ പരാജയപ്പെടുകയായിരുന്നു.
ചൊവ്വാഴ്ച നടക്കുന്ന സെമിയിൽ നോർത്ത് ഈസ്റ്റ് വിജയിച്ചാൽ അവർക്ക് ആദ്യ ഫൈനൽ പ്രവേശനം സാധ്യമാകും. എടികെ മോഹൻ ബഗാൻ എന്ന നിലയിൽ ഈ സീസണിൽ ആദ്യമായാണ് കൊൽക്കത്ത ടീം ഐഎസ്എല്ലിൽ കളിക്കുന്നത്. 2019-20 സീസണിൽ എടികെ ആയി ഇറങ്ങിയ ടീം ഐഎസ്എൽ കിരീടം സ്വന്തമാക്കിയിരുന്നു. അത്ലറ്റികോ ഡി കോൽക്കത്ത ആയിരുന്ന സമയത്ത് 2014, 16 സീസണുകളിലും ഈ കൊൽക്കത്ത ടീം കിരീടം നേടി.