Latest News

ISL 2020-21, KBFC vs OFC: ഇരട്ടഗോളുമായി മൗറീഷ്യോ; കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഒഡിഷയ്ക്ക് സമനില

കളിയില്‍ ബ്ലാസ്‌റ്റേഴ്‌സ് പൂര്‍ണനിയന്ത്രണമാണ് നേടിയത്. എങ്കിലും കിട്ടിയ അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാനായില്ല

Kerala Blasters FC, Kerala Blasters, Blasters, KBFC, Odisha FC, OFC, ISL Analysis, ISL 2020-21, Feature, Indian Football,Kerala Blasters isl, Kerala Blasters football club, isl Blasters, indian football news, football news, ഐഎസ്എൽ, ie malayalam, ഐഇ മലയാളം
Photo: twitter.com/OdishaFC

ISL 2020-21, KBFC vs OFC: ഇന്ത്യൻ സൂപ്പർ ലീഗിൽ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഒഡിഷ എഫ്സിയോട് സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം ലീഡെടുത്തെങ്കിലും ഒഡിഷ ഒപ്പം പിടിക്കുകയായിരുന്നു. ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി. ഇരട്ട ഗോളുമായി തിളങ്ങിയ മൗറീഷ്യോയാണ് ഒഡിഷയുടെ രക്ഷകനായത്.

ബ്ലാസ്‌റ്റേഴ്‌സിനായി ജോര്‍ദാന്‍ മറെയും ഗാരി ഹൂപ്പറും ഗോളടിച്ചു. കളിയില്‍ ബ്ലാസ്‌റ്റേഴ്‌സ് പൂര്‍ണനിയന്ത്രണമാണ് നേടിയത്. എങ്കിലും കിട്ടിയ അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാനായില്ല. ആദ്യപകുതിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് രണ്ടെണ്ണം നേടി ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചടിച്ചത്. എന്നാല്‍ 74-ാം മിനിറ്റില്‍ മൗറീഷ്യോയുടെ ഗോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ജയ പ്രതീക്ഷ കെടുത്തി.

കളിയുടെ രണ്ടാം മിനിറ്റില്‍തന്നെ ബ്ലാസ്‌റ്റേഴ്‌സ് മികച്ച മുന്നേറ്റം നടത്തി. പന്തുമായി ഹൂപ്പര്‍ ഒഡീഷ ഗോള്‍മേഖല ലക്ഷ്യമാക്കി കുതിച്ചു. മറെയ്ക്ക് പാസ് നല്‍കാനുള്ള ശ്രമം ഒഡീഷ പ്രതിരോധം തടഞ്ഞു. എട്ടാം മിനിറ്റില്‍ രാഹുലിന്റെ ക്രോസ് സന്ദീപ് ഏറ്റുവാങ്ങി. വലതുപാര്‍ശ്വത്തിലൂടെ മുന്നേറി. എന്നാല്‍ ഒഡീഷയുടെ രണ്ട് പ്രതിരോധക്കാര്‍ സന്ദീപിന്റെ നീക്കത്തിന് തടയിട്ടു. ഒമ്പതാം മിനിറ്റില്‍ മറെയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ആദ്യഘട്ടത്തില്‍ കളിയുടെ നിയന്ത്രണം പൂര്‍ണമായും ബ്ലാസ്‌റ്റേഴ്‌സിന് കിട്ടിയെങ്കിലും ഗോളിലേക്ക് കൃത്യമായുള്ള ആക്രമണം ഉണ്ടായില്ല.

Read More: ചെന്നൈയിൻ എഫ്‌സിക്കെതിരായ മത്സരത്തിൽ ജംഷഡ്‌പൂരിന് വിജയം

20-ാം മിനിറ്റില്‍ ഒഡീഷയുടെ രാകേഷ് പ്രധാന് കിട്ടിയ അവസരം പാഴായി. 26-ാം മിനിറ്റില്‍ രാഹുലിന് ബോക്‌സില്‍വച്ച് കിട്ടിയ ക്രോസ് മുതലാക്കാനായില്ല. കാല്‍വച്ചെങ്കിലും പന്ത് നേരെ ഗോള്‍ കീപ്പര്‍ അര്‍ഷ്ദീപ് സിങ്ങിന്റെ കൈകളിലേക്കാണ് പോയത്. 28-ാം മിനിറ്റില്‍ ഒഡീഷയുടെ അപകടകരമായ നീക്കത്തെ ആല്‍ബിനോയുടെ ജാഗ്രത തടഞ്ഞു. ബോക്‌സിലേക്ക് കുതിച്ചെത്തിയ മൗറീഷ്യോയുടെ പന്തില്‍ കാല്‍തൊടുംമുമ്പ് ആല്‍ബിനോ കൈപ്പടിയിലൊതുക്കുകയായിരുന്നു.

38-ാം മിനിറ്റില്‍ രാഹുലിന്റെ നീക്കം. പ്രതിരോധത്തെ പിന്നിലാക്കി ബോക്‌സിനുള്ളിലേക്ക്. പിന്നെ നിലംപറ്റി ക്രോസ്. എന്നാല്‍ ഒഡീഷ പ്രതിരോധം കോര്‍ണര്‍ വഴങ്ങി അപകടമൊഴിവാക്കി. സഹല്‍ എടുത്ത കോര്‍ണറില്‍ മറെ തലവച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. ആദ്യപകുതിക്ക് തൊട്ടുമുമ്പ് രാഹുല്‍ തൊടുത്ത ലോങ് റേഞ്ച് ഷോട്ടും വലയില്‍ കടന്നില്ല. എന്നാല്‍ കളിഗതിക്കെതിരായി ആദ്യപകുതി തീരുംമുമ്പ് ഒഡീഷ ലീഡ് നേടി. ജെറിയുടെ നീക്കത്തില്‍ മൗറീസിയോ ഗോള്‍ കീപ്പര്‍ ആല്‍ബിനോയെ മറികടന്നു.

Read More: അവസാന മിനിറ്റിൽ ഒപ്പം പിടിച്ച് ഗോവ; മുംബൈക്കെതിരെ നാടകീയ സമനില

തിരിച്ചടിക്കാനുള്ള ഊര്‍ജവുമായാണ് ബ്ലാസ്‌റ്റേഴ്‌സ് രണ്ടാംപകുതിയില്‍ ഇറങ്ങിയത്. 48-ാം മിനിറ്റില്‍ ആദ്യനീക്കം കണ്ടു. സഹലിന്റെ ഷോട്ട് പുറത്തേക്ക്. പിന്നാലെ ഗോമെസിന്റെ നീക്കം. അതും പക്ഷേ, വലയിലെത്തിയില്ല. എന്നാല്‍ 52-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണങ്ങള്‍ക്ക് പൂര്‍ണത വന്നു. ഹൂപ്പറുടെ ബോക്‌സിലേക്കുള്ള കുതിപ്പില്‍ നിന്നായിരുന്നു തുടക്കം. മാര്‍ക്ക് ചെയ്യാതിരുന്ന മറെയിലേക്ക് ഹൂപ്പര്‍ പന്ത് നല്‍കി. മറെ നേടി.

മിനിറ്റുകള്‍ക്കുള്ളില്‍ ഹൂപ്പറുടെ മറ്റൊരു തകര്‍പ്പന്‍ നീക്കം കണ്ടു. ഗോമെസിന്റെ ലോങ് ബോള്‍ സഹാല്‍ പിടിച്ചെടുത്തു. സഹല്‍ പന്തുമായി മുന്നേറി. പിന്നെ ഹൂപ്പറിലേക്ക്. ഈ ഇംഗ്ലീഷുകാരന്റെ കൃത്യതയുള്ള ഷോട്ട് അര്‍ഷ്ദീപിനെ മറികടന്നു. ഒരു ഗോള്‍ ലീഡില്‍ മുന്നേറുമ്പോഴായിരുന്നു ഒഡീഷ സമനില പിടിച്ചത്. 74-ാം മിനിറ്റില്‍ ബ്രാഡ് ഇന്‍മാന്റെ സ്‌ക്വയര്‍ പാസ് മൗറീസിയക്ക് കിട്ടി. ഈ ബ്രസീലുകാരന്‍ എളുപ്പത്തില്‍ ലക്ഷ്യം കണ്ടു. അവസാന ഘട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് കനത്ത ആക്രമണം നടത്തി. ഒഡീഷ പ്രതിരോധം പിടിച്ചുനിന്നു. 89ാം മിനിറ്റില്‍ ഇന്‍മാന്റെ പോയിന്റ് ബ്ലാങ്കില്‍വച്ചുള്ള ഷോട്ട് ആല്‍ബിനോ ഗോമെസ് സാഹസികമായി കുത്തിയകറ്റി. 16ന് ഹൈദരാബാദ് എഫ്‌സിയുമായിട്ടാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl 2020 2021 kerala blasters fc vs odisha fc match result goal scorers

Next Story
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര: ആഗർ ഓസീസ് ടീമിൽashton agar, cricket, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express