ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം പതിപ്പിന് കേരള ബ്ലാസ്റ്റേഴ്സ് ബൂട്ടുകെട്ടുമ്പോൾ എതിരാളികളെ ഏറ്റവുമധികം ഭയപ്പെടുത്തുന്ന ഘടകം ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിര തന്നെയാണ്. മുൻ സീസണുകളിലും പ്രതിരോധത്തെ വലിയ രീതിയിൽ ഉപയോഗിച്ചിട്ടുള്ള കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ തവണ തിരിച്ചടിയായത് പ്രതിരോധത്തിലെ വിള്ളലായിരുന്നു. എന്നാൽ അതിനെല്ലാം ഇത്തവണ പരിഹാരം കണ്ടെത്താൻ ബ്ലാസ്റ്റേഴ്സിന്റെ സ്‌പോട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസിന് സാധിച്ചിരിക്കുന്നു.
ബ്ലാസ്റ്റേഴ്സിന്റെ ഏഴാം പതിപ്പിലേക്കുള്ള വിദേശ സൈനിങ്ങുകളെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ് എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. അതിൽ രണ്ട് പേരെ സ്കിൻകിസ് എത്തിച്ചിരിക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിന്റെ ചുക്കാൻ പിടിക്കാൻ തന്നെയാണ്, ബർക്കിനോക്കാരൻ ബക്കറി കോനെയും സിംബവെയിൽ നിന്നുള്ള കോസ്റ്റ നമോയിൻസുവും. ലോകോത്തര ലീഗുകളിലെ വലിയ അനുഭവ സമ്പത്തുമായി ഐഎസ്എല്ലിലെത്തുന്ന ഇവരെ മറികടന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ബോക്സിലേക്ക് കടക്കാൻ ഏതൊരു മുന്നേറ്റനിരക്കാരനും ഒന്ന് വിയർപ്പൊഴുക്കേണ്ടി വരും.
ഫ്രഞ്ച് ലീഗിൽ ഒളിംപിക് ലിയോണിനുവേണ്ടി 89 മത്സരങ്ങൾ കളിച്ച ബക്കറി കോനെ അവരുടെ വിശ്വസ്തനായ പ്രതിരോധ നിര താരമായിരുന്നു. കോസ്റ്റയാകട്ടെ ചെക്ക് ഫുട്‌ബോള്‍ വമ്പന്‍മാരായ സ്പാര്‍ട്ട പ്രാഗിലൂടെ ലോകശ്രദ്ധ നേടിയ താരവും. ചാംപ്യൻസ് ലീഗിലടക്കം കളിച്ച് പരിചയമുള്ള കോസ്റ്റ ബ്ലാസ്റ്റേഴ്സിലെ അഗ്രസീവ് പ്ലെയറുടെ ഒഴിവുകൂടി നികത്തും. സെൻട്രൽ ബാക്ക് പൊസിഷനിൽ ഇവരുടെ കോമ്പോ തന്നെയാണ് ബ്ലാസ്റ്റേഴ്സിനെകൂടുതൽ കരുത്തരാക്കുന്നത്.
ഈ ആഫ്രിക്കൻ കോട്ടയിലെ പകരക്കാരൻ ഒരു മലയാളിയാണ്, മലപ്പുറത്തുകാരൻ അബ്ദുൾ ഹക്കു. കോനെയ്ക്കും കോസ്റ്റയ്ക്കും പകരം ഒരു സൂപ്പർ സബ്ബായോ ചിലപ്പോൾ ആദ്യ ഇലവനിലൊ ഹക്കുവിനെ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് കാണാൻ കഴിഞ്ഞേക്കും. കഴിഞ്ഞ സീസണിൽ കിട്ടിയ അവസരങ്ങളെല്ലാം മികച്ച രീതിയിൽ ഉപയോഗിച്ച ഹക്കു ഇത്തവണയും ക്ലബ്ബിനായി മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് തന്നെയാണ് കരുതുന്നത്.
Also Read: ISL 2020-2021: കച്ചമുറുക്കി കേരള ബ്ലാസ്റ്റേഴ്സ്; ഏഴാം സീസണിനുള്ള ഹോം, എവേ കിറ്റുകള്‍ അവതരിപ്പിച്ചു
വിങ്ങുകളിലെ ഇന്ത്യൻ കരുത്ത് ആഫ്രിക്കൻ കോട്ടയെ കൂടുതൽ ശക്തമാക്കുമെന്ന് പറയുന്നതാകും ശരി. കഴിഞ്ഞ ഒറ്റ സീസണിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ടവനായി മാറിയ ജെസൽ കർണെയ്റോ ഇത്തവണ കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ആദ്യം നീട്ടിയ താരങ്ങളിൽ ഒരാളാണ്. അത് തന്നെ ടീമിൽ ജെസലിന്റെ സ്ഥാനമെന്താണെന്ന് വ്യക്തമാക്കുന്നു. ഇടതു വിങ്ങിൽ ജെസലിന്റെ സാനിധ്യം പ്രതിരോധത്തെ മികച്ചതാക്കുമ്പോൾ വലതു വിങ്ങിൽ നിഷു കുമാർ കൂടി എത്തുന്നതോടെ അത് പൂർണമാകുന്നു. ബെംഗളൂരു എഫ്സിയിൽ നിന്ന് മോഹവില നൽകിയാണ് ബ്ലാസ്റ്റേഴ്സ് നിഷുവിനെ സ്വന്തം തട്ടകത്തിലെത്തിച്ചിരിക്കുന്നത്. ഇവരുടെ പകരക്കാരൻ നോർത്ത് ഈസ്റ്റിൽ നിന്നുള്ള ലാൽറുവത്താരയാണ്. ഇരു വിങ്ങുകളിലും കോച്ചിന് വിശ്വസ്തതയോടെ കളിപ്പിക്കാൻ സാധിക്കുന്ന താരമാണ് ലാൽറുവത്താര. സന്ദീപ് സിങ്ങും ദനചന്ദ്ര മേത്തിയും ബ്ലാസ്റ്റേഴ്സിന്റെ ബാക്ക്അപ്പ് ഓപ്ഷനാണ്.
ബ്ലാസ്റ്റേഴ്സിനെതിരെ പദ്ധതി തയ്യാറാക്കുമ്പോഴും അവതരിപ്പിക്കുമ്പോഴും എതിരാളികൾ ഏറ്റവും കൂടുതൽ വിയർപ്പൊഴുക്കാൻ പോകുന്നത് ഈ പ്രതിരോധത്തെ നേരിടുന്നതിലാണ്. മികച്ച ഇന്റർസെപ്ഷനുകളും ടാക്കിളുകളും വളരെ അഗ്രസീവായി തന്നെ പുറത്തെടുക്കാൻ സാധിക്കുന്ന ആഫ്രിക്കൻ കോട്ടയും എതിരാളികളുടെ മുന്നേറ്റം വിങ്ങുകളിൽ തടുക്കുന്ന ഇന്ത്യൻ യുവത്വവും ബ്ലാസ്റ്റേഴ്സിന് കരുത്തും എതിരാളികൾക്ക് വെല്ലുവിളിയുമാകുമെന്ന് ഉറപ്പാണ്.