ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മൂല്യമേറിയ താരം ആരെന്ന ചോദ്യത്തിന് ഉത്തരം അത് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇംഗ്ലീഷ് സ്ട്രൈക്കർ ഗാരി ഹൂപ്പറാണെന്നുള്ളതാണ്. ഓസ്ട്രേലിയൻ ലീഗിൽ നിന്നും ഐഎസ്എല്ലിലേക്ക്, കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഗ്യാരി ഹൂപ്പറെത്തുമ്പോൾ ക്ലബ്ബിന്റെ പ്രതീക്ഷകൾ വാനോളമാണ്. തന്റെ കരിയറിലുടനീളം മിന്നും പ്രകടനവുമായി തിളങ്ങിയ ഹൂപ്പറിനെ മുന്നിൽ നിർത്തി തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് അക്രമണത്തിന് മൂർച്ച കൂട്ടുന്നത്. പ്രീമിയർ ലീഗിലും സ്കോട്ടിഷ് ലീഗിലുമടക്കം കളിച്ച് അനുഭവ സമ്പത്ത് തന്നെയാണ് താരത്തിന്റെ കൈമുതൽ.
സെൽറ്റിക്, നോർവിച്ച് സിറ്റി, ഷെഫീൽഡ് വെനസ്ഡേ, വെല്ലിങ്ടൺ ഫെനിക്സ് എന്നീ പ്രമുഖ ക്ലബ്ബുകൾക്കായി ബൂട്ടണിഞ്ഞ ശേഷമാണ് ഐസിഎല്ലിലേക്കുള്ള താരത്തിന്റെ വരവ്. ഇപ്പോൾ ഓസ്ട്രേലിയൻ ലീഗായ എ ലീഗിലെ വെല്ലിങ്ടൺ ഫെനിക്സിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലേക്ക് ഗാരി എത്തുന്നത്. കഴിഞ്ഞ സീസണിൽ 21 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളും നാല് അസിസ്റ്റുമടക്കം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത താരത്തിന്റെ തുടക്കം ടോട്ടനം ഹോട്ട്സ്പറിന്റെ അക്കാദമിയിൽ നിന്നുമാണ് കളി ജീവിതം ആരംഭിക്കുന്നത്.
കേരള ബ്ലാസ്ടേഴ്സിന്റെ കിരീട പ്രതീക്ഷകളുടെ ഭാഗമായി ടീമിലെത്തുന്ന ഗാരി ഹൂപ്പറിന്റെ പ്രകടനത്തിൽ എടുത്ത് പറയേണ്ടത് ഫിനിഷിങ്ങാണ്. ഒരു സ്ട്രൈക്കർക്കുവേണ്ട ഏറ്റവും മികച്ച ഗുണമാണത്. ബോക്സ് ടൂ ബോക്സ് ഗോൾ സ്കോററെന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്ന താരം വ്യത്യസ്ത കോമ്പിനേഷനുകളിൽ ഗോൾ കണ്ടെത്താൻ മിടുക്കനാണ്. ഫസ്റ്റ് ടച്ചിൽ തന്നെ ഗോളാക്കാൻ സാധിക്കുന്ന താരം നിശ്ചയദാർഢ്യംകൊണ്ടും ടീമിന് ഗുണം ചെയ്യും. ഒരു മികച്ച കൂട്ടുകെട്ട് കണ്ടെത്താൻ ഗാരിക്ക് സാധിച്ചാൽ താരത്തെ പിടിച്ചുകെട്ടാൻ അത്ര എളുപ്പമാകില്ല.
ഗാരിയുടെ പങ്കാളിയാകാൻ സാധിക്കുന്ന രണ്ട് വിദേശ താരങ്ങളാണ് ടീമിലുള്ളത്. ഏഷ്യൻ കോട്ട തികച്ച് എത്തിയ ഓസ്ട്രേലിയൻ താരം ജോർദാൻ മുറെയും അർജന്റീനിയൻ സ്ട്രൈക്കർ ഫകുണ്ടോ പെരേരയും. മുറേ കിബുവിന്റെ തന്ത്രങ്ങളിലെ പകരക്കാരനായി എത്താനാണ് സാധ്യത കൂടുതൽ. അങ്ങനെയെങ്കിൽ സെക്കൻഡ് സ്ട്രൈക്കറുടെ റോളിൽ അറ്റാക്കിങ് മിഡ് ഫീൽഡ് പൊസിഷനിൽ കളിക്കുന്ന ഫകുണ്ടോ തന്നെയാകും ഗാരിയുടെ കൂട്ടി. മലയാളി താരം കെ.പി രാഹുലിനെ വിങ്ങിൽ പരീക്ഷിക്കാൻ വികുന്ന തീരുമാനിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. രാഹുലിന്റെ വേഗതയും ഗാരിയുടെ ഫിനിഷിങ്ങും കൂടുതൽ ഗോൾ സ്കോർ ചെയ്യാൻ ബ്ലാസ്റ്റേഴ്സിനെ സഹായിക്കുമെന്ന് ഉറപ്പാണ്.
വിവിധ ലാറ്റിൻ അമേരിക്കൻ ലീഗുകളിൽ കളിച്ച് പരിചയമുള്ള, ചടുലമായ ആക്രമണ നീക്കങ്ങൾക്ക് പേരുകേട്ട അർജന്റീനിയൻ താരം ഫകുണ്ടോ എബെൽ പെരേരയാണ് ആദ്യ ഇലവനിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്ന വിദേശ താരങ്ങളിലൊരാൾ. ചിലിയൻ, മെക്സിക്കൻ, അർജന്റീനിയൻ ലീഗുകളിൽ മാറി മാറി മാറ്റുരച്ച അദ്ദേഹം ഗ്രീക്ക് ക്ലബ്ബായ പിഎഒകെയ്ക്കുവേണ്ടിയും ബൂട്ടണിഞ്ഞു. സ്ട്രൈക്കറായും, ക്രിയേറ്റീവ് മിഡ്ഫീൽഡറായും കളിക്കാൻ കഴിയുന്ന പെരേരയ്ക്ക് സാധിക്കുമെന്നതാണ് അദ്ദേഹത്തെ മികച്ചതാക്കുന്നത്.
Also Read: കലിപ്പടക്കാൻ ആരാധകർ, കപ്പടിക്കാൻ ടീം; കേരള ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികളും പ്രതീക്ഷകളും
ബ്ലാസ്റ്റേഴ്സിന് ടീമിലെത്തിക്കാൻ സാധിക്കുന്ന ഏറ്റവും മികച്ച സ്ട്രൈക്കറാണ് ഗാരി ഹൂപ്പർ. ഓഗ്ബച്ചെയ്ക്ക് പകരം മുന്നേറ്റ നിരയിൽ എതിരാളികൾക്ക് വെല്ലുവിളി സൃഷ്ടിക്കാൻ സാധിക്കുന്ന താരം നേരത്തെ ടീമിലെത്തിയ അർജന്റീനിയൻ സ്ട്രൈക്കർ ഫകുണ്ടോയ്ക്കൊപ്പം ബോക്സിനകത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
ഇന്ത്യൻ താരങ്ങളായ നോറോ സിങ്ങും ഷയ്ബോർലാങ് ഖാർപ്പനുമാണ് മുന്നേറ്റത്തിലെ ബ്ലാസ്റ്റേഴ്സിന്റെ ബാക്ക്അപ്പ് ഓപ്ഷനുകൾ. മുന്നേറ്റത്തിൽ മൂന്ന് താരങ്ങളെയാണ് വികുനയിറക്കുന്നതെങ്കിൽ വിങ്ങുകളിൽ ഒന്നിന്റെ ചുമതല നോറോമിനായിരിക്കും.
മുന്നേറ്റത്തിൽ ഓഗ്ബച്ചെ സൃഷ്ടിച്ച തിരയിളക്കിത്തിന്റെ ഹാങ്ഓവർ മാറുന്നതിന് മുമ്പ് തന്നെ അത് ഏറ്റെടുക്കേണ്ട ഉത്തരവാദിത്വം ഗാരി ഹൂപ്പറിനാണ്. ഒപ്പം ജോർദാൻ മുറെയും ഫകുണ്ടോ പെരേരയും തിളങ്ങിയാൽ കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ ഏറ്റവും മൂർച്ചയേറിയ മുന്നേറ്റമാകുമെന്ന് ഉറപ്പാണ്.