ISL 2020-2021, Kerala Blasters FC: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇത്തവണ കിരീട സാധ്യതകളിൽ മുന്നിലാണ് കേരള ബ്ലാസ്റ്റേഴ്സ്. എല്ലാ സീസണിലെയും പോലെ അടിമുടി മാറ്റവുമായാണ് ഏഴാം പതിപ്പിനും ബ്ലാസ്റ്റേഴ്സ് കച്ച കെട്ടുന്നത്. എന്നാൽ ഈ മാറ്റം ഒരു ദീർഘകാല പദ്ധതി മുന്നിൽ കണ്ടുള്ളതാണ്. അതുകൊണ്ട് തന്നെ കിരീടം മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം എന്ന ക്ലബ്ബിന്റെ വാദം ന്യായവുമാണ്.
കാലം അടയാളപ്പെടുത്തുന്ന കരോളിസ്
സ്‌പോട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസിന്റെ നിയമനമാണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ നടത്തിയ മികച്ച നീക്കങ്ങളിലൊന്ന്. ഒരു സമ്പൂർണ ഫുട്ബോൾ ക്ലബ്ബിന് ഏറ്റവും അനിവാര്യമായ സ്ഥനമാണത്. അവിടേക്ക് ലിത്വാനിയക്കാരൻ കരോളിസ് സ്കിൻകിസ് തന്നെയെത്തുന്നത് ബ്ലാസ്റ്റേഴ്സിന്റെ തലവര തന്നെ തിരുത്തിയെഴുതുന്ന തീരുമാനവും. 31 വയസ് മാത്രമുള്ള സ്‌കിൻകിസിന്റേതാണ് മുഖ്യ പരിശീലകൻ കിബു വികുനയുടെ നിയമനം അടക്കമുള്ള തീരുമാനങ്ങൾ. വ്യക്തി കേന്ദ്രീകൃതമല്ലാതെ ക്ലബ്ബിന്റെ ആകെ വളർച്ച, അതു മുന്നോട്ടുള്ള കുതിപ്പ് ലക്ഷ്യംവച്ചാണ് സ്കിൻകിസ് തന്റെ പദ്ധതികൾ തയ്യാറാക്കുന്നത്. ടൂർണമെന്റിലെ ഏറ്റവും മികച്ച് വിദേശ നിരയെ തന്നെ ക്ലബ്ബിലെത്തിച്ച സ്കിൻകിസ് കോച്ചിങ് സ്റ്റാഫിലും വലിയ വിപ്ലവമാണ് സൃഷ്ടിച്ചിരിക്കുന്നത്.
Also Read: ISL 2020-21, Mumbai City FC: മുന്നിൽ ഓഗ്ബച്ചെ; കിരീട പ്രതീക്ഷകളിൽ മുംബൈയും
വികുനയെന്ന മുഖ്യ പരിശീലകൻ
കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി എത്തുന്ന കിബു വികുന തന്നെയാണ് കളിമൈതാനത്ത് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികളുടെ മുഖ്യ സൂത്രധാരൻ. ഐ ലീഗിൽ മോഹൻ ബഗാനെ ചാംപ്യന്മാരാക്കിയ ശേഷമാണ് വികുന കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. താരമെന്ന നിലയിൽ വലിയ അനുഭവ സമ്പത്തൊന്നുമില്ലെങ്കിലും പരിശീലകന്റെ കുപ്പായത്തിലെ വികുനയുടെ ദീർഘകാല പരിചയം ബ്ലാസ്റ്റേഴ്സിന് മുതൽകൂട്ടാണ്. രണ്ട് വർഷത്തെ കരാറാണ് വികുനയുമായി ബ്ലാസ്റ്റേഴ്സ് ഒപ്പുവച്ചിരിക്കുന്നത്.
16-ാം വയസിൽ തന്റെ സ്കൂളിലെ ജൂനിയർ ടീമിന്റെ പരിശീലകനായിട്ടായിരുന്നു കിബുവിന്റെ തുടക്കം. പിന്നീട് യൂണിവേഴ്സിറ്റിയിൽ എത്തിയപ്പോഴും പരിശീലകനെന്ന ഉത്തരവാദിത്വം ഏറ്റെടുത്ത കിബുവിന്റെ ശിഷ്യന്മാർ പലരും സ്‌പാനിഷ് ദേശീയ ടീമിലടക്കം കളിച്ചിട്ടുണ്ട്. തന്റെ കീഴിൽ ബഗാൻ കളിച്ച 36 മത്സരങ്ങളിൽ 24ലും ടീം ജയം കണ്ടെത്തിയെന്നത് കിബുവിന്റെ മികവാണ്.
വികുനയുടെ വിശ്വസ്തൻ തോമസ് ഷോർസ്
വികുനയുടെ പരിശീന സംഘത്തിലെ രണ്ടാമാനാണ് അസിസ്റ്റന്ര് കോച്ച് തോമസ് ഷോർസ്. ഏറെ നാളായി വികുനയുടെയൊപ്പമുള്ള പരിശീലകനാണ് തോമസ്. ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമ്പോൾ അവിടെയും തോമസ് ഷോർസിന്റെ സാനിധ്യമുണ്ട്. 27 വയസ് മാത്രം പ്രായമുള്ള തോമസ് ഇതിനോടകം യുവേഫ എ, യുവേഫ എ എലൈറ്റ് ലൈസൻസ് സ്വന്തമാക്കിയിട്ടുള്ള പരിശീലകനാണെന്നത് അദ്ദേഹത്തിന്റെ മികവ് വ്യക്തമാക്കുന്നു. ബ്ലാസ്റ്റേഴ്സിന്റെ യുവകരുത്തിന് കൂടുതൽ പ്രസരിപ്പ് നൽകുന്ന ഘടമായിരിക്കും ഷോർസ്.
ഇഷ്ഫാഖ് അഹമ്മദ്
വികുനയുടെ സഹപരിശീലകരിൽ രണ്ടാമാൻ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സുപരിചിതനായ ഇഷ്ഫാഖ് അഹമ്മദാണ്. കളിക്കാരനായും പരിശീലകനായും ദീർഘകാലം കേരള ബ്ലാസ്റ്റേഴ്സുമായി പ്രവർത്തിച്ച് പരിചയമുള്ള ഇഷ്ഫാഖ് ഇന്ത്യൻ സാഹചര്യങ്ങളെ നന്നായി മനസിലാക്കുന്ന വ്യക്തിയാണ്. യുവതാരങ്ങളെ കണ്ടെത്താനുള്ള സ്കൗട്ടിങ് ഹെഡ് എന്ന ചുമതലയും ഇഷ്ഫാഖ് വഹിക്കുന്നു. മികച്ച താരങ്ങളെ കണ്ടെത്താനും അവരുടെ വളർച്ചയിൽ നിർണായക സാനിധ്യമാകാനും ഇഷ്ഫാഖിന് സാധിക്കും.
ഗോൾവലയ്ക്ക് മുന്നിലെ പാഠങ്ങളുമായി യൂസഫ് അൻസാരി
ഡേവിഡ് ജെയിംസ് മുതൽ ടി.പി രഹ്നേഷ് വരെ ഗോൾവല കാത്ത കേരള ബ്ലാസ്റ്റേഴ്സിന്റെ ഇത്തവണത്തെ ഗോൾകീപ്പർമാരുടെ പട്ടിക അത്ര തിളക്കമുള്ളതല്ല. നാല് താരങ്ങളാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പർമാരായുള്ളത്. നാലുപേരും ഇന്ത്യൻ താരങ്ങൾ തന്നെ. ഇവർക്കെല്ലാം പരിശീലനം നൽകുന്ന യൂസഫ് അൻസാരിയിലാണ് ബ്ലാസ്റ്റേഴ്സ് പ്രധാനമായും വിശ്വസിക്കുന്നത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായ യൂസഫ് അൻസാരിയാണ് ഗോൾകീപ്പിങ് പരിശീലകനാകുന്നത്. ദീർഘകാലത്തെ തന്റെ കളി പരിചയവും ഇന്ത്യൻ അണ്ടർ 19 ടീമിനെയടക്കം പരിശീലിപ്പിച്ച പരിശീലന പാഠവുമായി എത്തുന്ന യൂസഫിന്റെ കുട്ടികൾ ഗോൾവലയ്ക്ക് മുന്നിൽ അത്ഭുതം സൃഷ്ടിക്കുമെന്ന് തന്നെ വിശ്വസിക്കാം.
ഫിസിക്കൽ ഫിറ്റ്നസ് നോക്കാൻ പൗളിയൂസ് റെഗോസ്കസ്
കഴിഞ്ഞ സീസണിൽ ഒരുപിടി മികച്ച താരങ്ങൾ ടീമിനൊപ്പം ഉണ്ടായിട്ടും കേരള ബ്ലാസ്റ്റേഴ്സ് നേരിട്ട പ്രധാന വെല്ലുവിളി പരുക്കായിരുന്നു. അതിനും ഇത്തവണ സ്കിൻകിസ് പരിഹാരം കണ്ടെത്തിയിട്ടുണ്ട്. കിബു വികുനയ്ക്കൊപ്പം പരിശീലന സംഘത്തിൽ ഫിസിക്കൽ പ്രിപ്പറേഷൻ കോച്ചായി പൗളിയൂസ് റെഗോസ്കസും ബ്ലാസ്റ്റേഴ്സിലുണ്ട്. പരുക്കേൽക്കാതെ താരങ്ങളെ പരിശീലിപ്പിക്കുന്നതോടൊപ്പം മത്സരത്തിനിടയിലുണ്ടാകുന്ന പരുക്ക് ഒഴിവാക്കാൻ താരങ്ങളെ സജ്ജരാക്കുകയെന്ന ദൗത്യവും ബ്ലാസ്റ്റേഴ്സിൽ റെഗോസ്കസിനുണ്ട്.
ടാക്ടിക്കലായ ഒരു അവലോകനത്തിന് ഡേവിഡ് ഒച്ചോവോ
കിബു വികുനയുടെ സംഘത്തിലെ ഏറ്റവും ശ്രദ്ധേയമായ സാനിധ്യങ്ങളിലൊന്ന് ടാക്ടിക്കൽ ആൻഡ് അനലിറ്റിക്കൽ പരിശീലകൻ ഡേവിഡ് ഒച്ചോവയാണ്. ടീമിന്റെ പരിശീലന സെക്ഷനുകളും മത്സരങ്ങളും നിരീക്ഷിച്ച് താരങ്ങളുടെ പിഴവുകളും പോരായ്മകളും മികവുകളും രേഖപ്പെടുത്തി അവർക്ക് മനസിലാക്കി കൊടുക്കുകയെന്നതാണ് ടാക്ടിക്കൽ പരിശീലകന്റെ പ്രധാന ദൗത്യം. ഒപ്പം എതിർ ടീമിന്റെ മത്സരങ്ങൾ നിരീക്ഷിച്ച് കിബു വികുനയ്ക്ക് തന്ത്രങ്ങൾ മെനയാനുള്ള അടിത്തറ പാകുകയും ഒച്ചോവയുടെ ഉത്തരവാദിത്വമാണ്.
ഈ പരിശീലന സംഘം തന്നെ കേരള ബ്ലാസ്റ്റേഴ്സിനെ കൂടുതൽ കരുത്തരാക്കുന്നു. വ്യക്തമായ ഒരു ക്രമം ടീമിന് നൽകാൻ പരിശീലക സംഘത്തിന് സാധിക്കുന്നുണ്ട്. കളിക്കളത്തിലും ഇവരുടെ തന്ത്രങ്ങളും കഴിവുകളും പ്രതിഫലിച്ചാൽ ആദ്യ നാലിൽ കേരള ബ്ലാസ്റ്റേഴ്സ് എന്തായാലും ഉണ്ടാകുമെന്ന് ഉറപ്പാണ്. ഒരു കിരീടം ലഭിച്ചാലും അത്ഭുതപ്പെടാനില്ല.