ISL 2020-21, FCG vs BFC:ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം പതിപ്പിലെ മൂന്നാം മത്സരം ആവേശ സമനിലയിൽ. എഫ്സി ഗോവയും ബെംഗളൂരു എഫ്സിയും രണ്ട് ഗോളുകൾ വീതം നേടിയാണ് മത്സരം സമനിലയിൽ അവസാനിപ്പിച്ചത്. രണ്ട് ഗോളുകൾക്ക് പിന്നിട്ട് നിന്ന ശേഷമാണ് ഗോവ മത്സരത്തിലേക്ക് തകർപ്പൻ തിരിച്ചുവരവ് നടത്തിയത്. രണ്ട് മിനിറ്റിനുള്ളിൽ രണ്ട് തവണ പന്ത് ബെംഗളൂരു വല തൊടിപ്പിച്ച സ്പാനിഷ് താരം അംഗുലൊയുടെ പ്രകടനമാണ് ഗോവയെ മത്സരത്തിലേക്ക് ഗംഭീര തിരിച്ചുവരവൊരുക്കിയത്.
തുടക്കം മുതൽ മികച്ച മുന്നേറ്റങ്ങൾ നടത്താൻ ഇരു ടീമുകൾക്കും സാധിച്ചതോടെ വാശിയേറിയ പോരാട്ടത്തിന് ആദ്യ മിനിറ്റ് മുതൽ ഫുട്ബോൾ ആരാധകർ സാക്ഷിയായത്. ഗോവയുടെ മുന്നേറ്റങ്ങൾ പലതും ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീതിന് മുന്നിൽ നിഷ്ഫലമായപ്പോൾ ബെംഗളൂരു മുന്നേറ്റങ്ങൾക്ക് തടയിട്ടത് ഗോവൻ പ്രതിരോധമാണ്.
28-ാം മിനിറ്റിൽ ത്രോ ഇന്നിലൂടെ ലഭിച്ച അവസരം ക്ലെയ്റ്റൻ ഗോവൻ വലയിലെത്തിക്കുകയായിരുന്നു. ഐഎസ്എല്ലിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഹെഡറിലൂടെയാണ് താരം ഗോൾ കണ്ടെത്തിയത്. ലീഡ് വഴങ്ങിയ ശേഷം തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ഗോവ നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല.
രണ്ടാം പകുതിയിൽ പ്രതിരോധ താരം യുവനാൻ ബെംഗളൂരുവിന്റെ ലീഡ് രണ്ടാക്കി. 57-ാം മിനിറ്റിലായിരുന്നു എറിക്കിന്റെ തകർപ്പൻ അസിസ്റ്റിൽ യുവനാൻ ബോൾ ഗോവൻ വലയിലെത്തിച്ചത്. എന്നാൽ പത്ത് മിനിറ്റിനുള്ളിൽ പ്ലെയിങ് ഇലവനിൽ മൂന്ന് മാറ്റങ്ങൾ വരുത്തിയ ഗോവൻ പരിശീലകന്റെ തന്ത്രം വിജയം കണ്ടു. 66-ാം മിനിറ്റിൽ ബ്രാണ്ടൻ ഫെർണാണ്ടസിന്റെ അസിസ്റ്റിൽ അംഗുലോ ഗോവൻ അക്കൗണ്ട് ഓപ്പൺ ചെയ്തു. രണ്ട് മിനിറ്റിനു ശേഷം അംഗുലോ തന്നെ ഗോവയെ ഒപ്പമെത്തിച്ചു.