/indian-express-malayalam/media/media_files/uploads/2020/11/ATKMB-vs-SCEB-ISL.jpg)
ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ കൊൽക്കത്ത ഡെർബിയിൽ ഈസ്റ്റ് ബംഗാളിനെതിരെ മോഹൻ ബഗാന് തകർപ്പൻ ജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ബദ്ധവൈരികളോട് മോഹൻ ബഗാൻ ജയം സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയ എടികെ മോഹൻ ബഗാൻ സീസണിലെ തുടർച്ചയായ രണ്ടാം ജയവും സ്വന്തമാക്കി.
വാശിയേറിയ പോരാട്ടം ഇരു ടീമുകളും പുറത്തെടുത്ത മത്സരത്തിൽ ഭൂരിഭാഗം സമയവും പന്ത് കൈവശം വയ്ക്കാൻ ഈസ്റ്റ് ബംഗാളിന് സാധിച്ചെങ്കിലും ലഭിച്ച അവസരം മുതലാക്കി എടികെ മോഹൻ ബഗാൻ നേടിയ ഗോളുകൾ അവർക്ക് വിജയമൊരുക്കുകയായിരുന്നു. ഇരു ടീമുകളുടെയും മുന്നേറ്റവും പ്രതിരോധവും ഒന്നിനൊന്ന് മികച്ച പ്രകടനം പുറത്തെടുത്ത മത്സരം കൊൽക്കത്തൻ ഡെർബിയുടെ എല്ലാം വീറും വാശിയും വ്യക്തമാക്കുന്നതായിരുന്നു.
മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ കോർണർ വഴങ്ങിയെങ്കിലും മോഹൻ ബഗാനെതിരെ പിന്നീട് ശക്തമായ തിരിച്ചുവരവാണ് ഈസ്റ്റ് ബംഗാൾ നടത്തിയത്. 29-ാം മിനിറ്റിൽ ലഭിച്ച മികച്ച അവസപരം ഗോളാക്കാൻ ചെമ്പടയ്ക്ക് സാധിച്ചില്ല. ഇതോടെ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ അവസാനിച്ചു.
എന്നാൽ രണ്ടാം പകുതിയുടെ നാലാം മിനിറ്റിൽ തന്നെ റോയ് കൃഷ്ണ മോഹൻ ബഗാനെ മുന്നിലെത്തിച്ചു. ജയേഷ് റാണ തുടക്കമിട്ട മുന്നേറ്റം ഇടത് വിങ്ങിലൂടെ ജാവിയർ ഹെർണാണ്ടസ് ഏറ്റെടുക്കുകയും റോയ് കൃഷ്ണയിലേക്ക് എത്തിക്കുകയുമായിരുന്നു. ഗോൾ വഴങ്ങിയ ശേഷവും മത്സരത്തിലേക്ക് മടങ്ങി വരാൻ ഈസ്റ്റ് ബംഗാൾ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 84-ാം മിനിറ്റിൽ മൻവീർ സിങ് എടികെ മോഹൻ ബഗാന്റെ ലീഡ് രണ്ടാക്കി.
ഈസ്റ്റ് ബംഗാൾ എഫ്സി ആദ്യ ഇലവൻ: ദെബ്ജിത് മജുംദാർ, സ്കോട്ട് നെവില്ലേ, ഡാനി ഫോക്സ്, റാണ ഖരാമി, വില്ലേ സ്റ്റെയ്മാൻ, ലോകൻ മേഠി, നാരായൻ ദാസ്, സുർചന്ദ്ര ചന്ദം, അന്തോണി പിൽകിങ്ടൻ, ജാക് മഗോമ, ബൽവന്ത് സിങ്.
എടികെ മോഹൻ ബഗാൻ ആദ്യ ഇലവൻ: അരിന്ദം ഭട്ടാചാര്യ, പ്രബീർ ദാസ്, പ്രീതം കൊട്ടാൾ. തിരി, സന്ദേശ് ജിങ്കൻ, സുഭാശിഷ് ബോസ്, കാൾ മോഗ്, ജാവി ഹെർണാണ്ടസ്, ജയേഷ് റാണ, ഡേവിഡ് വില്യംസ്, റോയ് കൃഷ്ണ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.