ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റക്കാരായ ഈസ്റ്റ് ബംഗാളിന് തുടർച്ചയായ മൂന്നാ തോൽവി. നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിൽ രണ്ട് ഗോളിനാണ് കൊൽക്കത്തൻ വമ്പന്മാർ പാരജയപ്പെട്ടത്. ആദ്യ പകുതിയിൽ ഈസ്റ്റ് ബംഗാൾ താരം സിർചന്ദ്രയുടെ ഓൾ ഗോൾ ഹൈലാൻഡേഴ്സിന് ആധിപത്യം നൽകിയപ്പോൾ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലാണ് മത്സരത്തിലെ രണ്ടാം ഗോൾ പിറന്നത്.

വാശിയേറിയ ആദ്യ പകുതിയിൽ ആധിപത്യം സ്വന്തമാക്കിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മികച്ച അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടെയിരുന്നു. പന്ത് പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ ഈസ്റ്റ് ബംഗാളും നടത്തിയെങ്കിലും പലപ്പോഴും വിജയം കണ്ടില്ല. 10-ാം മിനിറ്റിൽ നടത്തിയ മുന്നേറ്റവും ഗോൾവല ചലിപ്പിക്കുന്നതായിരുന്നില്ല. 33-ാം മിനിറ്റിലാണ് കൊൽക്കത്തൻ വമ്പന്മാരുടെ തോൽവിക്കുറിച്ച ഓൺഗോൾ പിറന്നത്.

ഇദ്രിസ നൽകിയ ഫ്ലിപ് പാസ് വലത് വിങ്ങിൽ അപ്പിയ കളക്ട് ചെയ്ത് ഇർഷാദിനെയും മറികടന്ന് ബോക്സിനകത്തേക്ക് കയറിയ ഇദ്രിസയ്ക്ക് തന്നെ കൈമാറി. ആഫ്രിക്കൻ താരത്തിന് പന്ത് കയ്യടക്കാൻ സാധിച്ചില്ലെങ്കിലും തൊട്ട് പിന്നിലുണ്ടായിരുന്ന ഈസ്റ്റ് ബംഗാൾ താരം സിർചന്ദ്രയുടെ കാലിൽ തട്ടി ഗോൾവലയ്ക്കുള്ളിൽ കയറുകയായിരുന്നു.

42-ാം മിനിറ്റിൽ മലയാളി താരം ഇർഷാദ് നടത്തിയ മുന്നേറ്റവും ഫലം കാണാതെ വന്നതോടെ ആദ്യ പകുതിയിൽ ഒരു ഗോളിന് ഹൈലാൻഡേഴ്സ് മുന്നിൽ. രണ്ടാം പകുതിയിൽ ലീഡ് ഉയർത്താനുള്ള നോർത്ത് ഈസ്റ്റിന്റെ ശ്രമം ഇഞ്ചുറി ടൈമിൽ റോച്ചർസെല സാധ്യമാക്കി. മത്സരത്തിൽ കൂടുതൽ സമയം പന്ത് കൈവശം വെച്ചെങ്കിലും ഈസ്റ്റ് ബംഗാളിന് വിജയതീരത്തെത്താൻ സാധിച്ചില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook