ഐഎസ്എല്‍ കിരീടം ബെംഗളൂരു എഫ്സിക്ക്. എഫ്സി ഗോവയെ തകർത്താണ് ബെംഗളൂരു കിരീടം ചൂടിയത്. വാശിയേറിയ പോരാട്ടത്തിന് ഒടുവിലായിരുന്നു ബെംഗളൂരുവിന്റെ വിജയം. ഇഞ്ചോടിഞ്ച് പോരാടിയെങ്കിലും നിശ്ചിത സമയത്തിനുള്ളില്‍ ഇരു കൂട്ടര്‍ക്കും ഗോളൊന്നും നേടാനായില്ല. അധിക സമയത്തും ഗോളൊന്നും പിറക്കാത്തതോടെ കളി എക്സ്ട്രാ ടെെമിലേക്ക് നീങ്ങുകയായിരുന്നു. 116-ാം മിനുറ്റില്‍ രാഹുല്‍ ബെക്കെ ഗോവയുടെ ഹൃദയം തകർത്ത് ബെംഗളൂരുവിന്റെ വിജയ ഗോള്‍ നേടുകയായിരുന്നു. മനോഹരമായൊരു ഹെഡ്ഡറിലൂടെയായിരുന്നു ബെക്ക വിജയ ഗോള്‍ നേടിയത്. ഇതോടെ കഴിഞ്ഞ സീസണില്‍ ഫെെനലില്‍ കെെവിട്ട കിരീടമാണ് ബെംഗളൂരു എഫ്സി വെസ്റ്റ് ബ്ലോക്ക് ബ്ലൂസിന് സമ്മാനിച്ചത്.
ഒന്നാം പകുതിയില്‍ രണ്ട് പേരും ഒപ്പത്തിനൊപ്പമായിരുന്നു പോരാടിയത്. പന്തടക്കത്തില്‍ ഗോവ മുന്നിട്ടു നിന്നെങ്കിലും കൂടുതല്‍ ഗോളവസരങ്ങള്‍ സൃഷ്ടിച്ചത് ബെംഗളൂരു ആയിരുന്നു. എന്നാല്‍ ഗോളിയില്ലാ പോസ്റ്റ് ലഭിച്ചിട്ടും ലക്ഷ്യം കാണാന്‍ സാധിക്കാത്തത് നീലപ്പടക്ക് വിനയായി. ബെംഗളൂരുവിന്റെ സൂപ്പര്‍ താരം മിക്കുവിന് ഗോളെന്നുറച്ച രണ്ട് അവസരം ലഭിച്ചെങ്കിലും വിജയം കണ്ടില്ല.
118' GOOOAAAALLLLLL! @RahulBheke STEALS THE SHOW IN THE DYING MINUTES.
Will that be @bengalurufc's winner?
BEN 1-0 GOA#HeroISLFinal #LetsFootball #FanBannaPadega #NewChampion #BENGOA pic.twitter.com/9kKL5woAgC
— Indian Super League (@IndSuperLeague) March 17, 2019
രണ്ട് ടീമും ആക്രമണത്തിന് പേരു കേട്ടവരായതു കൊണ്ട് തന്നെ കളിയിലുടനീളം ആവേശം നിറഞ്ഞു നിന്നിരുന്നു. അതേസമയം, ഇടക്ക് കളി പരുക്കനാവുകയും ചെയ്തു. രണ്ട് ടീമിലും രണ്ട് പേര്‍ക്ക് വീതം മഞ്ഞക്കാര്‍ഡ് ലഭിക്കുകയും ചെയ്തു. രണ്ട് പ്രതിരോധ നിരകള്‍ക്കും ഇന്നത്തെ രാത്രി അധ്വാനത്തിന്റേതായിരുന്നു.
ഗോവയുടേയും ബെംഗളൂരുവിന്റേയും ആക്രമണ നിരകള്‍ സര്‍വ്വ ശക്തിയുമെടുത്ത് പോരാടിയിട്ടും നിശ്ചിത സമയത്തൊന്നും ഗോള്‍ നേടാന്‍ സാധിച്ചില്ല. അവസാന നിമിഷങ്ങളില്‍ ആക്രമണ-പ്രത്യാക്രമണങ്ങളുടെ യുദ്ധഭൂമിയായി മെെതാനം മാറിയെങ്കിലും ഗോളൊന്നും പിറന്നില്ല.
എക്സ്ട്രാ ടെെമില്‍ കളി പലപ്പോഴും പരുക്കനായി മാറി. കളം നിറഞ്ഞു കളിച്ച ബെംഗളൂരു താരം മിക്കുവിനെ പലവട്ടമാണ് ഗോവന്‍ താരങ്ങള്‍ വീഴ്ത്തിയത്. 104-ാം മിനുറ്റില്‍ മിക്കുവിനെ വീഴ്ത്തിയതിനെ ചൊല്ലി രണ്ട് ടീമിലേയും താരങ്ങള്‍ പരസ്പരം കോര്‍ത്തു. കയ്യാങ്കളിയെ തുടര്‍ന്ന് ഗോവന്‍ താരം അഹമ്മദ് ജഹൗവിന് രണ്ടാം മഞ്ഞ കാര്‍ഡ് ലഭിച്ചതോടെ ഗോവയുടെ അംഗബലം 10 ആയി ചുരുങ്ങി. മിക്കുവിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു.