ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ മോശം ഫോം തുടരുന്ന കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. ഡൽഹി ഡൈനാമോസിനോട് അവരുടെ തട്ടകത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്ലാസ്റ്റേർസ് തോറ്റത്. നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും മികച്ചൊരു സ്ട്രൈക്കറില്ലാത്തതാണ് ടീമിന്റെ ഇത്തവണത്തെയും തോൽവിക്ക് കാരണമായത്.

ജിയാനി സുവിര്‍ലൂണ്‍ (28), മെഹിലിച്ച് (പെനാല്‍റ്റി) എന്നിവരാണ്‌ ഡൽഹിക്ക് വേണ്ടി വലകുലുക്കിയത്. രണ്ടാംപകുതിയില്‍ പെസിച്ചിന്റെ ഹെഡര്‍ ക്രോസ്ബാറില്‍ ഇടിച്ചു മടങ്ങി. അവസാന മിനിറ്റില്‍ ചാങ്‌തേയെ പെനാല്‍റ്റി ബോക്‌സില്‍ വീഴ്ത്തിയ ലാല്‍റുവത്താര ചുവപ്പുകാര്‍ഡ് വാങ്ങി പുറത്ത് പോയി.

ലാലിയന്‍സുല ചാങ്‌തേയാണ് കേരള ബ്ലാസ്റ്റേർസിന് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിച്ചത്. ഇദ്ദേഹത്തിന്റെ വേഗത ബ്ലാസ്റ്റേർസിന്റെ പ്രതിരോധ നിരയെ നിരന്തരം സമ്മർദ്ദത്തിലാക്കി. 23ാം മിനിറ്റിൽ ലഭിച്ച അവസരം മുതലാക്കാൻ ചാങ്തേയ്ക്ക് സാധിച്ചിരുന്നെങ്കിൽ ഡൽഹിയുടെ നേട്ടം മൂന്നായേനെ.

പ്രശാന്തിന് ബ്ലാസ്റ്റേർസിന്റെ മുന്നേറ്റത്തിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാനായില്ല. സിറിൽ കാലിയുടെ കാലിൽ നിന്നും വീണുകിട്ടിയ കോർണർ ഗോളാക്കിയാണ് ഡൽഹി 28ാം മിനിറ്റിൽ മുന്നിലെത്തിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ബ്ലാസ്റ്റേർസ് രണ്ടാം പകുതിയിൽ ആക്രമിച്ച് കളിച്ചു.

പക്ഷെ ബ്ലാസ്റ്റേർസിന്റെ ആക്രമണത്തിന്റെ ശേഷി മനസിലാക്കിയ ഡൽഹി പതറാതെ മുന്നേറി. അവസാന മിനിറ്റിൽ ഡൽഹിക്ക് ലീഡുയർത്താനുളള അവസരം വീണു കിട്ടുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook