കൊച്ചി: ഐഎസ്എല്ലിന് അരങ്ങുണരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. പ്രീ സീസണ്‍ മത്സരങ്ങളും ക്യാമ്പുകളുമായി ടീമുകള്‍ കട്ട പരിശീലനത്തിലാണ്. കഴിഞ്ഞ വര്‍ഷത്തെ മോശം പ്രകടനത്തിന് ഇത്തവണ കിരീടം നേടി മറികടക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. ആരാധകര്‍ക്കായി പുതിയ തീം സോങ് അവതരിപ്പിച്ചിരിക്കുകയാണ് മഞ്ഞപ്പടയുടെ കൊമ്പന്മാര്‍.
പൂര്‍ണമായി മലയാളത്തിലാണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ഒരു ടീമല്ല, വികാരമാണെന്ന കുറിപ്പോടെയാണ് തീം സോങ് ആരാധകര്‍ക്കിടയിലേക്ക് എത്തുന്നത്. ഞങ്ങള്‍ക്ക് ഞങ്ങളുണ്ടെന്നും മഞ്ഞയ്ക്ക് മഞ്ഞയുണ്ടെന്നും പാട്ടിലൂടെ പറയുന്നുണ്ട്. പതിനൊന്ന് താരങ്ങളും പന്ത്രണ്ടാമനായി ആരാധകരുമുണ്ടെന്നും പാട്ടില്‍ പറയുന്നു.
11 കളിക്കാര്‍ പന്ത്രണ്ടാമനായി ലക്ഷങ്ങള്‍, ഞങ്ങളാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് എന്നീ വരികളെല്ലാം ആരാധകരെ ആവേശം കൊള്ളിക്കാനുറച്ചുള്ളതാണ്. ഈ മാസം 29നാണ് ഐഎസ്എല്‍ സീസണ്‍ തുടങ്ങുന്നത്. ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് മുന്‍ ചാമ്പ്യന്‍മാരായ അമര്‍ തൊമാര്‍ കൊല്‍ക്കത്തയെ ആണ് നേരിടുന്നത്.
കലിപ്പ് തീമില്‍ കഴിഞ്ഞ സീസണില്‍ പുറത്തിറക്കിയ തീം സോങ്ങും ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ സീസണൊടുവില്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടാനാവാഞ്ഞതോടെ ഇത് ട്രോളുകള്‍ക്കും കാരണമായി. ഇതോടെ ഇക്കൊല്ലം കലിപ്പില്ലാത്ത പാട്ടാണ് ബ്ലാസ്റ്റേഴ്‌സ് തയ്യാറാക്കിയിരിക്കുന്നത്. പ്രീ സീസണ്‍ മത്സരങ്ങളില്‍ എഫ്‌സി ജിറോണയോയും മെല്‍ബണ്‍ സിറ്റിയുമായി കളിച്ചതിന്റെ അടക്കം അനുഭവ സമ്പത്ത് മഞ്ഞപ്പടയ്ക്ക് ഗുണമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.