ടിപി രഹനേഷിന് കനത്ത പിഴയും മത്സരങ്ങളിൽ വിലക്കും ശിക്ഷ

രഹനേഷിന്റേത് ഗുരുതര അച്ചടക്ക ലംഘനമെന്ന് എഐഎഫ്എഫ് അച്ചടക്ക സമിതി

കൊച്ചി: അത്ലറ്റികോ ഡി കൊൽക്കത്തയ്ക്ക് എതിരായ മത്സരത്തിൽ എതിർ ടീമിലെ താരത്തെ ആക്രമിക്കാൻ ശ്രമിച്ച കുറ്റത്തിൽ മലയാളി താരം ടിപി രഹനേഷിനെതിരെ കടുത്ത നടപടി. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി, നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ അടുത്ത രണ്ട് മത്സരങ്ങളിൽ നിന്നുകൂടി രഹനേഷിനെ വിലക്കി.

വിലക്കിന് പുറമെ രണ്ട് ലക്ഷം രൂപ രഹനേഷ് പിഴയായും നൽകണം.  എഐഎഫ്എഫിന്റെ അച്ചടക്ക നിയമത്തിലെ ആർട്ടിക്കിൾ 48.1 (v), 48.6 (ii) എന്നിവ രഹനേഷ് ലംഘിച്ചതായി അച്ചടക്ക സമിതി അന്വേഷണത്തിൽ കണ്ടെത്തി.

ചെന്നൈയിൻ എഫ് സിക്ക് എതിരെ ഒക്ടോബർ 18 ന് നടന്ന മത്സരത്തിലും രഹനേഷിനെ വിലക്കിയിരുന്നു. ശിക്ഷ വിധിക്കപ്പെട്ടതോടെ നാളെ ജംഷഡ്‌പൂർ എഫ് സിക്ക് എതിരായ മത്സരത്തിലും ഒക്ടോബർ 30 ന് ഡൽഹി ഡൈനാമോസിന് എതിരെ നടക്കുന്ന മത്സരത്തിലും രഹനേഷിന് കളിക്കാനാവില്ല.

ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയുടെ ഒന്നാം നമ്പർ  ഗോൾകീപ്പറാണ്  ടി പി രഹനേഷ്. ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം സീസണിൽ രണ്ടാം മത്സരത്തിലെ പെരുമാറ്റമാണ് താരത്തിന് തിരിച്ചടിയായത്. അത്ലറ്റികോ ഡി കൊൽക്കത്തയ്ക്ക് എതിരെ സാൾട്ട് ലേക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലായിരുന്നു രഹനേഷിന്റെ മോശം പെരുമാറ്റം. എടികെ താരം ഗെർസൺ വിയേറയെ ആക്രമിക്കാൻ ലക്ഷ്യമിട്ടാണ് രഹനേഷ് പെരുമാറിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഒക്ടോബർ നാലിനായിരുന്നു ഈ മത്സരം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl 2018 neufc keeper tp rehenesh suspended to two more games fined rs 2 lakh

Next Story
ഫുട്ബോൾ പോരാട്ടം; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ ജോർദാനെ നേരിടും
The moderation of comments is automated and not cleared manually by malayalam.indianexpress.com