കൊച്ചി: ഐഎസ്എൽ അഞ്ചാം സീസണിലെ ആദ്യ ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റി എഫ്സിയെ നേരിടും. സീസണിലെ ആദ്യ മത്സരത്തിൽ അത്ലറ്റികോ ഡി കൊൽക്കത്തയെ അനായാസം പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസം ബ്ലാസ്റ്റേഴ്സിനുണ്ട്.
സ്വന്തം ആരാധകർക്ക് മുന്നിലും ആധികാരിക വിജയം സ്വന്തമാക്കാനാവും ബ്ലാസ്റ്റേഴ്സ് ഇന്ന് ശ്രമിക്കുക. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകിട്ട് 7.3നാണ് കിക്കോഫ്. ആദ്യ മത്സരം ജയിച്ചതിനാല്‍ വലിയ ആരാധക കൂട്ടത്തെയാണ് ഇന്ന് സ്റ്റേഡിയത്തില്‍ പ്രതീക്ഷിക്കുന്നത്.
ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം എങ്കിലും കൊച്ചിയിൽ മഴ മാറിനിൽക്കുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. മത്സരത്തിനുള്ള ഈസ്റ്റ്, വെസ്റ്റ് ഗ്യാലറി ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റു തീര്‍ന്നിരുന്നു. മറ്റു ടിക്കറ്റുകളും 80 ശതമാനത്തിലധികം വിറ്റഴിച്ചിട്ടുണ്ട്.
പ്രളയ കാലത്ത് കേരളത്തിന്റെ രക്ഷകരായവരെ ആദരിക്കാന്‍ പ്രത്യേക ജഴ്സിയിലായിരിക്കും കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുക. രക്ഷാ പ്രവര്‍ത്തനം നടത്തുന്ന മത്സ്യതൊഴിലാളിയെയും ഹെലികോപ്റ്ററില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്ന നാവിക സേനയെയും ചിത്രീകരിച്ച ജഴ്സിയാണ് ഇന്ന് താരങ്ങള്‍ ധരിക്കുക. മത്സര വേദിയില്‍ വച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്ക് ഉപഹാരങ്ങളും നല്‍കും.
ആദ്യ മത്സരത്തിൽ തന്നെ ശക്തമായ കോമ്പിനേഷൻ അവതരിപ്പിക്കാൻ കോച്ച് ഡേവിഡ് ജയിംസിന് സാധിച്ചു. അതിനാൽ തന്നെ ഇന്നത്തെ ഇലവനിൽ മാറ്റങ്ങളുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്ലാവിസ സ്റ്റൊജാനോവിച്ചും മറ്റേജ് പോപ്ലാറ്റ്നിക്കും ചേര്‍ന്നുള്ള അറ്റാക്കിങ് തന്നെയാവും ഇന്ന് മുംബൈക്ക് എതിരെയും ഇറങ്ങുക. ആദ്യ മത്സരത്തില്‍ നാലു വിദേശ താരങ്ങളെ ഉള്‍പ്പെടുത്തിയായിരുന്നു ഡേവിഡ് ജെയിംസ് ടീമിനെ ഇറക്കിയത്. അരങ്ങേറ്റക്കാരന്‍ മലയാളിയായ സഹല്‍ അബ്ദുല്‍ സമദിന്റെ പ്രകടനം ആരാധകരെ ആവേശത്തിലാക്കുന്നതായിരുന്നു.
ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ നിക്കോള ക്രച്മറോവിച്ചിന്റെ സാന്നിദ്ധ്യവും വിങ്ബാക്കുകളായ മുഹമ്മദ് റാക്കിപ്പിന്റെയും ലാല്റുവത്താരയുടെയും മികവും ബ്ലാസ്റ്റേഴ്സിന്റെ കരുത്താണ്. സസ്പെന്ഷന് നിലനില്‍ക്കുന്നതിനാല്‍ അനസ് എടത്തൊടികയുടെ ബ്ലാസ്റ്റേഴ്സ് അരങ്ങേറ്റം ഇന്നും ഉണ്ടാവില്ലെന്നതാണ് ആരാധകരുടെ ഏക നിരാശ. പരുക്ക് ഭേദമാവാത്തതിനാല്‍ സിറില്‍ കാലിയും ഇന്ന് കളിക്കില്ല. എടികെക്കെതിരെ രണ്ടാം പകുതിയില്‍ ഇറങ്ങിയ സി.കെ.വിനീതിന് ഇന്ന് ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചേക്കും. ധീരജ് സിങ് തന്നെയായിരിക്കും ഇന്നും വലയ്ക്ക് കാവൽ.