ISL 2018 KBFC vs MCFC: കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം കളിയാവേശത്തിലേക്ക് മാറിയിരിക്കുകയാണ്. അറബിക്കടലിൽ ഉണ്ടായ ന്യൂനമർദ്ദം മൂലം കൊച്ചിയിൽ ശക്തമായ മഴ പെയ്യുമെന്ന ഭീതിയുണ്ടായിരുന്നെങ്കിലും ആ ഭീതി മാറി.

വൈകിട്ട് പെയ്‌തിറങ്ങിയ മഴ, കളി തടസപ്പെടുത്താനില്ലെന്ന് വ്യക്തമാക്കി പിൻവാങ്ങിയതോടെ കൊച്ചി അക്ഷരാർത്ഥത്തിൽ പൂരപ്പറമ്പായി. മത്സരം തുടങ്ങുന്നതിനും മണിക്കൂറുകൾ മുൻപ് തന്നെ കൊച്ചിയിൽ കളിപ്രേമികൾ മഞ്ഞക്കുപ്പായത്തിൽ അണിനിരന്നിരുന്നു.

KBFC vs MCFC Live Updates: മത്സരം കൊച്ചി സ്റ്റേഡിയത്തിൽ നിന്ന് തത്സമയം

9.39 pm: ബ്ലാസ്റ്റേർസ് ക്യാപ്റ്റൻ സന്ദേശ് ജിങ്കനാണ് ഹീറോ ഓഫ് ദി മാച്ച്.

9.30 pm: രണ്ട് മത്സരത്തിൽ ഒരു ജയവും ഒരു സമനിലയും ഉളള ബ്ലാസ്റ്റേർസിനിപ്പോൾ നാല് പോയിന്റുണ്ട്. മൂന്ന് ഗോൾ അടിച്ചപ്പോൾ ഒരു ഗോളാണ് ടൂർണ്ണമെന്റിൽ വഴങ്ങിയത്. സ്റ്റാന്റിങിൽ ഇപ്പോൾ ബ്ലാസ്റ്റേർസ് ഒന്നാം സ്ഥാനത്താണ്. രണ്ട് കളിയിൽ നിന്ന് നാല് പോയിന്റുളള നോർത്ത് ഈസ്റ്റാണ് രണ്ടാം സ്ഥാനത്ത്.

9.24 pm: മത്സരം 90 ാം മിനിറ്റ് പിന്നിട്ട് അധിക സമയത്തിലേക്ക് കടന്നപ്പോൾ ബ്ലാസ്റ്റേർസ് വലയിൽ ഗോൾ. പകരക്കാരനായി രംഗത്തിറങ്ങിയ പ്രഞ്ജാൽ ഭൂമിക് ഗോൾ ബോക്സിന് പുറത്ത് നിന്ന് ക്രോസ് ബാർ ലക്ഷ്യമാക്കി തൊടുത്ത ഷോട്ട് പറന്നുതടുക്കാനുളള ധീരജ് സിങിന്റെ ശ്രമം വിഫലം. പന്ത് ഗോളാകുന്നു. മുംബൈ- ബ്ലാസ്റ്റേർസ് മത്സരം സമനിലയിൽ.

9.22 pm: മുംബൈയ്ക്ക് അൻുകൂലമായി ഫ്രീകിക്ക്. ബ്ലാസ്റ്റേർസിന്റെ പ്രതിരോധത്തിൽ തട്ടി പുറത്തേക്ക്. റഫറി കോർണർ അനുവദിക്കുന്നു. പ്രതിരോധത്തിൽ നെമിഞ്ച പെസിക് രക്ഷകനാകുന്നു.

9.18 pm: മുംബൈയുടെ പ്രതിരോധ താരം ലൂസിയാൻ ഗോവൻ ബ്ലാസ്റ്റേർസ് ഗോൾ ബോക്സിൽ. അദ്ദേഹത്തിൽ നിന്നും പന്ത് തട്ടിയകറ്റാൻ മുന്നിലേക്ക് കയറുന്ന ധീരജ് സിങിന് പക്ഷെ പന്ത് കൈക്കലാക്കാൻ സാധിക്കുന്നില്ല. ക്ലോഡിയോ കൊറിയ പന്ത് ക്രോസ് ബാറിലേക്ക് ലക്ഷ്യമാക്കി തൊടുക്കുന്നു. എന്നാൽ ലക്ഷ്യം തെറ്റി പന്ത് പുറത്തേക്ക്.

9.16 pm: ആ നമ്പർ 31666 കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ അഞ്ചാം സീസണിലെ ആദ്യ മത്സരം കാണാനെത്തിയത് 31666 കാണികൾ..

9.14 pm: മുംബൈ താരങ്ങൾ ഒന്നടങ്കം ബ്ലാസ്റ്റേർസ് ഗോൾമുഖത്ത്. കഠിനാധ്വാനത്തിലൂടെ ഓരോ ഷോട്ടും തട്ടിയകറ്റിയ ധീരജ് സിങിന് പരിക്കേൽക്കുന്നു. എന്നാൽ ഫിസിയോ പരിശോധനയ്ക്ക് ശേഷം അദ്ദേഹം തിരികെ മത്സരത്തിലേക്ക്.

9.11 pm: നർസാരിയുടെ മറ്റൊരു മുന്നേറ്റം പക്ഷെ ഇക്കുറിയും ആരാധകർക്ക് നിരാശയാണ് ഫലം.

9.09 pm: ക്ലോഡിയോ കൊറിയയുടെ വലതുഭാഗത്തുകൂടിയുളള മുന്നേറ്റം ക്രോസ് ബാറിന് തൊട്ടരികിൽ വച്ച് ഹെഡ് ചെയ്ത് അകറ്റുന്നു ജിങ്കൻ.

9.07 pm: ബ്ലാസ്റ്റേർസിന്റെ പകുതിയിൽ നിന്നും സന്ദേശ് ജിങ്കൻ നൽകിയ നീണ്ട ഷോട് മുംബൈ താരത്തെ കബളിപ്പിച്ച് റാകിപ് കാൽക്കലാക്കുന്നു. പിന്നീട് മുന്നേറ്റത്തിൽ ഗോൾ ബോക്സിന് തൊട്ടരികിലായി സ്റ്റൊജനോവിച്ചിന് പാസ് നൽകിയെങ്കിലും അത് അമരീന്ദർ തട്ടിയകറ്റുന്നു.

9.03 pm: മൈതാനത്തിന്റെ മധ്യഭാഗത്തു നിന്നും പെകുസന്റെ വേഗമേറി നീക്കം. എന്നാൽ ഫൗൾ ചെയ്ത് വീഴ്ത്തിയ മുംബൈ താരം മുന്നേറ്റം തടയുന്നു. ഒരു ഫ്രീ കിക്ക് അനുവദിച്ച് കിട്ടിയെങ്കിലും ഒന്നും സംഭവിച്ചില്ല.

9.01 pm: സഹൽ അബ്ദുൾ സമദിനെ പിൻവലിച്ച് കെസിറോൺ കിസിത്തോയെ ബ്ലാസ്റ്റേർസ് രംഗത്തിറക്കിയിരിക്കുന്നു.

8.59 pm: ബ്ലാസ്റ്റേർസിന്റെ ഗോൾമുഖത്തേക്ക് വെടിയുണ്ട പോലെ പാഞ്ഞടുത്ത റേണിയർ ഫെർണാണ്ടസിന്റെ ഷോട്ട്, സ്റ്റേഡിയം ശ്വാസമടക്കിപ്പിടിച്ച് കണ്ട മുന്നേറ്റം പക്ഷെ പുറത്തേക്ക്…

8.56 pm: വലതുവിങ്ങിൽ നിന്നും നർസാരി ബോക്സിനക്ക് സ്റ്റൊജനോവിച്ചിനെ ലക്ഷ്യമാക്കി നൽകിയ ക്രോസ്. പ്രതിരോധ താരങ്ങളെ മറികടന്ന് ഗോളാക്കാനുളള സ്റ്റൊജനോവിച്ചിന്റെ ശ്രമം ഫലം കാണുന്നില്ല. പന്ത് പുറത്തേക്ക്.

8.55 PM: പൗലോ മക്കാഡോയെ പിൻവലിച്ച് പത്താം നമ്പർ താരം ക്ലോഡിയാസ് കൊറിയയെ മുംബൈ രംഗത്തിറക്കി.

8.53 pm: ഇടത് വിങ്ങിലൂടെ പന്തുമായി മുന്നേറുന്ന ലാൽറുത്തര.  എന്നാൽ മുംബൈയുടെ മൂന്ന് താരങ്ങൾ ഗോൾ ബോക്സിന് പുറത്ത് വച്ച് തന്നെ മുന്നേറ്റം ചെറുക്കുന്നു.

8.52  pm: മുന്നേറ്റത്തിൽ പോപ്ലാറ്റ്നികിനെ പിൻവലിച്ച് കറേജ് പെക്കൂസണെ ബ്ലാസ്റ്റേർസ് രംഗത്തിറക്കുന്നു. പെക്കൂസനെ വരവേറ്റ് ആരാധകരുടെ നിറഞ്ഞ കൈയ്യടി.

8.49 pm: ബ്ലാസ്റ്റേഡർസിന് അനുകൂലമായി രണ്ടാം പകപതിയിലെ മൂന്നാമത്തെ കോർണർ. കിക്കെടുക്കാനെത്തിയ പോപ്ലാറ്റിനികിന് അഠുത്തേക്ക് വന്ന ക്രമരവിച് എന്തോ രഹസ്യം പറയുന്നു. പോപ്ലാറ്റ്നികിന്റെ കിക് ഹെഡ് ചെയ്ത് ഗോളാക്കാൻ ജിങ്കൻ ചാടി ഉയർന്നെങ്കിലും പന്ത് കിട്ടിയില്ല.

8.46 pm: രണ്ടാം പകുതിയിൽ മത്സരത്തിന്റെ വേഗത അൽപ്പം കുറഞ്ഞിട്ടുണ്ട്. ഇരുഭാഗവും കൂടുതൽ ശ്രദ്ധയോടെയാണ് കളിക്കുന്നത്. ഒരു ഗോളിന് പിന്നിൽ നിൽക്കുന്ന മുംബൈ കൂടുതൽ ആക്രമിച്ച് കളിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ബ്ലാസ്റ്റേർസിന്റെ പ്രത്യാക്രമണം കടുത്തതാണ്.

8.44 pm: ദങ്കലിനെ പിൻവലിച്ച് മധ്യനിരയിൽ സികെ വിനീതിനെ ബ്ലാസ്റ്റേർസ് ഇറക്കി. കോച്ച് ഡേവിഡ് ജയിംസിന്റെ നീക്കം ആക്രമണത്തിൽ കൂടുതൽ മൂർച്ച കൂട്ടാൻ ലക്ഷ്യമിട്ടുളളതാണെന്ന് വേണം മനസിലാക്കാൻ.  പോപ്ലാറ്റ്നികും, സ്റ്റൊജനോവിചിനുമൊപ്പം രണ്ടാം പകുതിയിൽ 40 മിനിറ്റിലേറെ നേരം കളിക്കാൻ സികെ വിനീതിനും അവസരം ലഭിക്കും.

8.42 Pm: ബ്ലാസ്റ്റേർസിന്റെ പകുതിയിൽ മൂന്ന് മുംബൈ താരങ്ങളെ അതിവിദഗ്‌ദ്ധമായി ടാക്കിൾ ചെയ്യുന്ന സഹൽ, ആരാധകുടെ കൈയ്യടി നേടുന്നു.

8.40 pm: മുന്നേറ്റത്തിലും പ്രതിരോധത്തിലും മധ്യനിരയിലുമായി പാഞ്ഞുകളിക്കുകയാണ് ദങ്കൽ. ബ്ലാസ്റ്റേർസിന് മത്സരത്തിൽ മേൽക്കൈ നേടിക്കൊടുത്ത ക്രോസും ദങ്കലിൽ നിന്നായിരുന്നു.

8.38 pm: ബ്ലാസ്റ്റേർസിന് അനുകൂലമായ മറ്റൊരു കോർണർ. വീണ്ടും പോപ്ലാറ്റ്നിക്. ഹെഡ് ചെയ്യാൻ ഉയർന്ന ജിങ്കന്റെ നെഞ്ചിൽ തട്ടി ബോൾ പുറത്തേക്ക് പാഞ്ഞെങ്കിലും ദങ്കൽ വിദഗ്ദ്ധമായി പന്ത് കൈലിലെടുത്ത് പോപ്ലാറ്റ്നികിന് കൈമാറി. വീണ്ടുമൊരു കിക് പോപ്ലാറ്റ്നിക് തൊടുത്തെങ്കിലും അത് ലക്ഷ്യം തെറ്റി അകലുന്ന കാഴ്ച.

8.35 pm: മത്സരത്തിന്റെ രണ്ടാം പകുതിക്ക് വിസിലുയർന്നു. മുംബൈയുടെ ഗോൾ മുഖത്തേക്കാണ് ആദ്യ മുന്നേറ്റം. അത് കോർണറായി മാറുന്നു. പോപ്ലാറ്റ്നിക് തൊടുത്ത കിക്ക് മുംബൈ ഗോളി അമരീന്ദർ തട്ടിയകറ്റിയത് കിട്ടിയത് സഹലിന്റെ കാലിൽ. നെടുനീളത്തിലുള്ളൊരു ഷോട്ട് സഹൽ പായിച്ചെങ്കിലും അമരീന്ദർ അത് കൈപ്പിടിയിൽ ഒതുക്കുന്നു.

8.20 pm: റഫറി ഹാഫ് ടൈം വിസിൽ മുഴക്കുന്നു… ആദ്യ പകുതിയിൽ ബ്ലാസ്റ്റേർസ് നർസാരിയിലൂടെ നേടിയ ഒരു ഗോളിന് മുന്നിൽ.

 

8.19 pm: മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒരു മിനിറ്റ് അധിക സമയം. തൊട്ടുപിന്നാലെ നർസാരിയുടെ ഒറ്റയാൾ മുന്നേറ്റം. എന്നാൽ പന്ത് എങ്ങോട്ട് കൈമാറണമെന്ന് അറിയാതെ മുന്നേറ്റത്തിൽ നിന്ന് നർസാരി പിൻവലിയുന്നു. സൗവിക് ചക്രബർത്തി പന്ത് മൈതാനത്തിന് പുറത്തേക്ക് അടിച്ചകറ്റുന്നു.

8.11 pm: മുംബൈയുടെ മുന്നേറ്റത്തെ ഒന്നൊന്നായി പിടിച്ചുനിർത്തുകയാണ് ബ്ലാസ്റ്റേർസിന്റെ ഗോളി ധീരജ് സിങ്. അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ വല കാത്ത ഈ കൗമാരതാരം ബ്ലാസ്റ്റേർസിന്റെ ഏറ്റവും ശക്തനായ കാവൽക്കാരനാണ്.

8.10 pm: മുംബൈയുടെ മധ്യനിര താളം കിട്ടാനാവാതെ ഉഴറുന്ന കാഴ്ചയാണ് കാണുന്നത്. ബാസ്റ്റോസിന്റെ ഒറ്റയാൾ മുന്നേറ്റങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിൽ തട്ടി പാഴാവുന്ന കാഴ്ച.

8.02 pm: പോപ്ലാറ്റ്നികിന്റെ ഒരു ഗോൾ ശ്രമം പാഴായി. മുംബൈ ഗോൾമുഖത്ത് എതിരാളിയെ കബളിപ്പിച്ച് മുന്നേറിയ പോപ്ലാറ്റ്നികിന് അമരീന്ദറിനെ മറികടന്ന് ബോൾ ഗോളാക്കാൻ സാധിക്കുന്നില്ല.

7.59 pm: അനാവശ്യമായി ഒരു മഞ്ഞ കാർഡ് വാങ്ങിയിരിക്കുകയാണ് പോപ്ലാറ്റ്നിക്. പന്തുമായി മുന്നേറിയ മുംബൈയുടെ കോംഗോ താരം എൻകുഫോ അർനോൾഡിനെ പുറകിൽ നിന്ന് പിടിച്ചുവലിച്ച് നിലത്തിട്ടതിനാണ് മഞ്ഞ.

7.54 pm: ഗോൾ പിറന്നു… ബ്ലാസ്റ്റേർസിന് വേണ്ടി നർസാരി മുംബൈയുടെ വല നിറച്ചു. 1-0 ന് ബ്ലാസ്റ്റേർസ് മുന്നിൽ. ദങ്കൽ ഗോൾ ബോക്സിന് അകത്ത് ഇടതുമൂലയിൽ നിന്ന് നൽകിയ പാസാണ് നർസാരി ഗോളാക്കി മാറ്റിയത്.

7.48 pm: നൂഗു തുടർച്ചയായി ബ്ലാസ്റ്റേർസിന്റെ ഗോൾ മുഖത്തേക്ക് മുന്നേറുന്ന ശുഭകരമല്ലാത്ത കാഴ്ചയാണ്. മത്സരത്തിന്റെ 17ാം മിനിറ്റിൽ നടത്തിയ നീക്കം മുന്നോട്ട് കയറി വന്ന ബ്ലാസ്റ്റേർസ് ഗോളി ധീരജ് പറന്ന് ഹെഡ് ചെയ്തു. മികച്ചൊരു പ്രതിരോധമാണ് ബ്ലാസ്റ്റേർസിന്റെ ഭാഗത്ത് നിന്നുണ്ടായത്.

7.47 pm: ബ്ലാസ്റ്റേർസ് താരങ്ങൾ മികച്ച രീതിയിൽ കളിക്കുന്നുണ്ട്. എന്നാൽ ആക്രമണത്തിൽ യാതൊരു കുറവും മുംബൈയും വരുത്തുന്നില്ല. ബ്ലാസ്റ്റേർസിന് മേൽക്കൈ ഉണ്ട്. ഇതിനോടകം ഗോൾ മുഖത്തേക്ക് അഞ്ചിലേറെ തവണ പാഞ്ഞടുക്കാൻ ബ്ലാസ്റ്റേർസ് താരങ്ങൾക്ക് സാധിച്ചുവെങ്കിലും ഗോളായില്ല.

7.43 pm: സഹലിന്റെ കാലിലാണിപ്പോൾ പന്ത്. എന്നാൽ തന്റെ ഇരുവശങ്ങളിലുമുളള ബ്ലാസ്റ്റേർസ് താരങ്ങൾക്ക് പന്ത് പാസ് ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല. മികച്ചൊരു നീക്കത്തിലൂടെ മുംബൈ താരം പന്ത് തന്റെ കാലിലൊതുക്കി മുന്നേറുന്നു.

7.37 pm: തകർപ്പനൊരു മുന്നേറ്റത്തിന് പിന്നാലെ ബ്ലാസ്റ്റേർസ് താരം നെമഞ്ച ലാകിക് മുംബൈ താരം ബാസ്റ്റോസിനെ ഫൗൾ ചെയ്ത് മഞ്ഞ കാർഡ് വാങ്ങുന്നു.

7.36 pm: ബ്ലാസ്റ്റേർസിന്റെ തകർപ്പൻ മുന്നേറ്റം കണ്ട മത്സരത്തിലെ ആറാം മിനുട്ട്. മധ്യഭാഗത്ത് നിന്ന് പോസ്റ്റിന്റെ റാക്കിപിന്റെ നെടുനീളൻ ഷോട്ട് നർസാരിയെ ലക്ഷ്യമാക്കി. എതിരാളിയുടെ ഗോൾ മുഖത്തിന് തൊട്ടടുത്തുണ്ടായിരുന്ന ദംഗലിന് നർസാരി ബോൾ പാസ് ചെയ്യുന്ന അതിമനോഹരമായ കാഴ്ച. ഗോളെന്ന് ഉറപ്പിച്ച ദംഗലിന്റെ ഷോട്ട് പക്ഷെ മുംബൈ ക്യാപ്റ്റൻ അമരീന്ദർ തട്ടിയകറ്റുന്നു.

7.32 pm: മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ തന്നെ ബ്ലാസ്റ്റേർസിന്റെ ഗോൾമുഖത്തേക്ക് പാഞ്ഞടുക്കാൻ മുംബൈ മോദു സോഗുവിന്റെ ശ്രമം. എന്നാൽ ഡിഫൻസിൽ ജിങ്കന്റെ നേതൃത്വത്തിൽ ആ ശ്രമം തടയുന്ന മനോഹരമായ കാഴ്ച.

7.30 pm: ബ്ലാസ്റ്റേർസ് മുംബൈ പോരാട്ടത്തിന് കിക്കോഫ്. അഞ്ചാം സീസൺ ഐഎസ്എല്ലിൽ കൊച്ചിയിലെ ആദ്യ മത്സരം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിനായാണ് കേരളത്തിൽ ബഹുഭൂരിപക്ഷം വരുന്ന മഞ്ഞപ്പടയുടെ ആരാധകർ.

7.20 pm: കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീം കേരളത്തിലെ പ്രളയകാലത്തെ നായകന്മാരെ ആദരിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിനാണ് മത്സരത്തിൽ ടോസ് ലഭിച്ചത്.

7.17 pm: മത്സരം തുടങ്ങാൻ ഇനി നിമിഷ നേരങ്ങൾ മാത്രമാണ് ഉളളത്. മൈതാനത്തേക്ക് താരങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു. ബ്ലാസ്റ്റേർസിന്റെ ബ്രാന്റ് അംബാസഡർ മോഹൻലാലും ടീം ഉടമകളിലൊരാളായ നിമ്മഗുഡ പ്രസാദും മൈതാനത്തുണ്ട്. മഞ്ഞക്കുപ്പായത്തിലാണ് ഇരുവരും എത്തിയിരിക്കുന്നത്.

7.05 pm: ഇരുടീമുകളും 4-2-3-1 ഫോർമേഷനിലാണ് ഇരുടീമുകളും പോരിനിറങ്ങുന്നത്…

7.00 pm: ആദ്യ മത്സരം തോറ്റാണ് മുംബൈ സിറ്റി എഫ് സി കൊച്ചിയിലേക്ക് വണ്ടി കയറിയത്. ജംഷഡ്‌പൂർ എഫ് സിയുടെ സ്പാനിഷ് കുതിപ്പിന് മുന്നിൽ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു മുംബൈയുടെ തോൽവി. ആദ്യ പകുതിയിൽ തീർത്തും താളംതെറ്റിയ കളിയായിരുന്നു മുംബൈയുടേത്. പ്രതിരോധത്തിൽ സംഭവിച്ച പിഴവിന് ആദ്യ പകുതിയിലെ 45ാം മിനിറ്റിലാണ് അവർ ഗോൾ വഴങ്ങിയത്. രണ്ടാം പകുതിയിൽ ആക്രമിച്ച് കളിച്ചെങ്കിലും അവർക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. ഗോളോളമെത്തിയ അവസരങ്ങൾ റഫറി ഓഫ് സൈഡ് വിളിച്ചതോടെ നഷ്ടമാവുകയായിരുന്നു. ഏതായാലും കേരളത്തിനെതിരെ വിജയം മാത്രമാണ് മുംബൈയുടെ ലക്ഷ്യം.

6.55 pm: ക്യാപ്റ്റന്മാർ നേർക്കുനേർ…. കൊച്ചി സ്റ്റേഡിയത്തിൽ മത്സരത്തിന് മുൻപ് മുംബൈ സിറ്റി എഫ് സിയുടെ ക്യാപ്റ്റൻ അമരീന്ദർ സിംഗും കേരള ബ്ലാസ്റ്റേർസിന്റെ ക്യാപ്റ്റൻ സന്ദേശ് ജിങ്കനും കണ്ടുമുട്ടിയപ്പോൾ.

Sandesh Jingan, Amarinder Singh, Kerala Blasters, Mumbai City FC

6.47 pm: ഇരു ടീമിന്റെയും താരങ്ങൾ മൈതാനത്ത് പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ്. സ്റ്റേഡിയം മഞ്ഞക്കടലായി മാറുകയാണ്. പാതിയിലേറെ സീറ്റുകളും ഇതിനോടകം നിറഞ്ഞുകഴിഞ്ഞു. ആരാധകർ ആവേശത്തോടെ ആർപ്പുവിളിക്കുകയാണ്.

6.40 pm: ഇന്ന് കളിക്കാനിറങ്ങുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. കേരള ബ്ലാസ്റ്റേഴ്സിൽ ആദ്യ ഇലവനിൽ മാറ്റങ്ങളില്ല. എടികെയ്ക്ക് എതിരെ കളിച്ച അതേ ടീമാണ് ബ്ലാസ്റ്റേഴ്സിന്റേത്. ആദ്യ ഇലവനിൽ സഹൽ മാത്രമാണ് ഏക മലയാളി. സികെ വിനീതിനെ രണ്ടാം പകുതിയിൽ ഇറക്കുമെന്ന് പ്രതീക്ഷിക്കാം.

6.30 pm: താരങ്ങൾ അഞ്ചരയോടെ സ്റ്റേഡിയത്തിലേക്ക് എത്തിയിരുന്നു. ആദ്യം എത്തിയത് കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളാണ്. ഏതാണ്ട് അര മണിക്കൂറോളം കഴിഞ്ഞാണ് മുംബൈ സിറ്റി എഫ് സിയുടെ താരങ്ങൾ സ്റ്റേഡിയത്തിലേക്ക് എത്തിയത്.

കൊച്ചിയിൽ ഐഎസ്എൽ പൂരം; മഞ്ഞക്കടലിന് ആവേശമായി മഴ

6.15 pm: കൊച്ചി സ്റ്റേഡിയത്തിൽ മഴയുടെ ഭീഷണി മാറി. തെളിഞ്ഞ കാലാവസ്ഥയായതോടെ കളി തടസ്സപ്പെടില്ലെന്ന വിശ്വാസം വർദ്ധിച്ചു.

 

കളി കാണാൻ കൊച്ചി സ്റ്റേഡിയത്തിലേക്ക് വരുന്ന ആരാധകർ

6.00 pm: വൈകിട്ട് നാല് മണി മുതൽ കൊച്ചിയിൽ കലൂർ സ്റ്റേഡിയം ഉൾപ്പെടുന്ന ഭാഗത്തെല്ലാം മഴ പെയ്തിരുന്നു. എന്നാൽ ആരാധകരുടെ ആവേശം അതിനും മുകളിലായിരുന്നു. കനത്ത് മഴയിലും തങ്ങൾ പിന്നോട്ടില്ലെന്ന് ഉറച്ച മനസോടെയാണ് മഞ്ഞക്കുപ്പായത്തിൽ ബ്ലാസ്റ്റേർസ് ആരാധകർ സ്റ്റേഡിയത്തിലേക്ക് എത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook