ചെന്നൈ: ഐഎസ്എൽ 2018 സീസണിലെ രണ്ടാമത്സരത്തിൽ ചെന്നൈയന്റെ ഹോം ഗ്രൗണ്ട് ഗോവൻ താരങ്ങൾ പൂരപ്പറമ്പാക്കി. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ഗോവ, രണ്ടാം പകുതിയിൽ രണ്ട് ഗോൾ കൂടി കൂട്ടിച്ചേർത്തു. 12ാം മിനുട്ടിൽ ഗോവൻ താരം എജു ബെദിയയാണ് ആദ്യം ഗോൾ നേടിയത്. കോറോ 53ാം മിനിട്ടിലും 80ാം മിനുട്ടിൽ മുർത്താദ ഫാളുമാണ് ഗോവയുടെ ഗോളുകൾ നേടിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഗോവയുടെ വിജയം.
ഐഎസ്എല്ലിൽ അവസാനം ഇരു ടീമുകളും നേർക്കുനേർ വന്നപ്പോൾ ഗോവയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ചെന്നൈയിൻ തോൽപ്പിച്ചത്. ഇതിന് അതേ കണക്കിൽ തന്നെ മറുപടി നൽകാൻ അവസരം ലഭിച്ചെങ്കിലും രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിൽ ചെന്നൈയിൻ തിരിച്ചടിച്ചു.
ആദ്യ പകുതിയിൽ ഒട്ടനവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും മുതലാക്കാൻ ചെന്നൈയിന് സാധിച്ചില്ല. ആദ്യ പകുതിക്ക് പിരിഞ്ഞപ്പോഴും ഗോവ ഒരു ഗോളിന്റെ ലീഡ് നിലനിർത്തി.
രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ തന്നെ ഗോവ കോറോയിലൂടെ രണ്ടാം ഗോളും നേടി. 53ാമത്തെ മിനിറ്റിലായിരുന്നു ഈ ഗോൾ പിറന്നത്. ഇതോടെ ഈ സീസണിലെ ഗോൾവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തുളള കോറോ തന്റെ പേരിൽ മൂന്നാമത്തെ ഗോളും കൂട്ടിച്ചേർത്തു. മത്സരത്തിന്റെ 80ാം മിനുട്ടിലാണ് ഗോവയുടെ മൂന്നാമത്തെ ഗോൾ നേട്ടം. പിന്നീട് തങ്ങൾക്കനുകൂലമായി ലഭിച്ച കോർണർ കിക്ക് മത്സരത്തിന്റെ അധികസമയത്ത് എലി സാബിയ ഗോളാക്കി മാറ്റി.
ഇതോടെ രണ്ട് മത്സരത്തിൽ നിന്ന് എഫ് സി ഗോവയ്ക്കും നാല് പോയിന്റായി. അഞ്ച് ഗോൾ അടിച്ചപ്പോൾ മൂന്ന് ഗോളാണ് അവർ വഴങ്ങിയത്. ടീം സ്റ്റാന്റിങിലും ഗോവ ഇപ്പോൾ ഒന്നാം സ്ഥാനത്താണ്. ബ്ലാസ്റ്റേർസാണ് രണ്ടാം സ്ഥാനത്ത്. കളിച്ച രണ്ട് കളിയും തോറ്റ ചെന്നൈയിൻ നാല് ഗോൾ വഴങ്ങി. ഒരു ഗോൾ മാത്രമാണ് നേടാനായത്. ടീം സ്റ്റാന്റിങിൽ ഏറ്റവും താഴെയാണ് അവരിപ്പോൾ.
ജംഷഡ്പൂരിനെതിരായ ആദ്യ മത്സരത്തിലും കോറോയാണ് ഗോവയുടെ രണ്ട് ഗോളും നേടിയത്. ഈ സീസണിലെ എഫ് സി ഗോവയുടെയും ചെന്നൈയിൻ എഫ് സിയുടെയും രണ്ടാമത്തെ മത്സരമാണ് നടക്കുന്നത്. ടൂർണ്ണമെന്റിലെ ആദ്യ മത്സരം കഴിഞ്ഞപ്പോൾ ഗോവയ്ക്ക് ഒരു സമനിലയും ചെന്നൈയിന് പരാജയവുമാണ് കിട്ടിയത്. എഫ് സി ഗോവ സ്വന്തം മൈതാനത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടാണ് സമനില വഴങ്ങിയത്. അതേസമയം ബെംഗലുരുവിന്റെ മൈതാനത്ത് ഒരു ഗോളിനാണ് ചെന്നൈയിൻ പരാജയം ഏറ്റുവാങ്ങിയത്.