കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ അത്ലറ്റികോ ഡി കൊൽക്കത്തയ്ക്ക് എതിരെ ബെംഗലുരു എഫ്സിക്ക് ജയം. ഒരു ഗോളിന് മുന്നിൽ നിന്ന കൊൽക്കത്തയെ രണ്ട് ഗോൾ തിരിച്ചടിച്ചാണ് ബെംഗലുരു ജയിച്ചത്. ഹോംഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ കോമള്‍ തട്ടാലാണ് 15ാം മിനിറ്റിൽ എടികെയ്ക്ക് വേണ്ടി ഗോളടിച്ചത്.
പതിനഞ്ചാം മിനിറ്റില്‍ സാന്റോസ്- തട്ടല്‍ കൂട്ടുകെട്ടിന്റെ നല്ലൊരു മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. എന്നാല്‍ ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ എടികെയുടെ സന്തോഷം അസ്തമിച്ചു.
നിക്കോളസ് ഫെഡോര്‍ (45+3), എറിക് പാര്‍ത്താലു (47) എന്നിവരാണ് ബെംഗളൂരുവിന്റെ സ്‌കോറര്‍മാര്‍. 11 പോയിന്റുളള നോർത്ത് ഈസ്റ്റാണ് ഇപ്പോൾ പോയിന്റ് പട്ടികയിൽ മുന്നിൽ. എഫ് സി ഗോവയ്ക്കും ബെംഗലുരുവിനും പത്ത് പോയിന്റ് വീതമുണ്ട്. ഗോൾ ശരാശരിയിൽ ഗോവ മുന്നിലാണ്.
ടൂർണ്ണമെന്റിലെ ഏറ്റവും ശക്തരായ ടീമാണ് ബെംഗലുരു. അവർ എന്തായാലും സെമിയിലേക്ക് എത്തുമെന്ന് മറ്റ് ടീമുകൾ ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. ബെംഗലുരു തോൽക്കുന്നതിനെക്കാൾ മറ്റ് ടീമുകൾ അത്ലറ്റികോ ഡി കൊൽക്കത്ത തോൽക്കാനാണ് ആഗ്രഹിക്കുന്നത്. സെമി പ്രവേശനം മാത്രം മുൻനിർത്തിയാണ് ഈ ആഗ്രഹം. കൂട്ടത്തിൽ ബ്ലാസ്റ്റേർസിനും ഈ താത്പര്യം തന്നെയാണ്.