ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം പതിപ്പ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാവുകയാണ്. ഇന്ന് കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയെ നേരിടും. സീസണിന്റെ തുടക്കത്തിൽ കൊൽക്കത്തയ്ക്കെതിരെ നേടിയ രണ്ട് ഗോൾ വിജയത്തിന് ശേഷം പിന്നീടൊരിക്കലു വിജയമറിയാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കൊൽക്കത്തയിലൂടെ തന്നെ തിരിച്ചുവരവിന് ശ്രമിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.

അടിമുടി മാറ്റവുമായാകും കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാം പതിപ്പിൽ ഇനി പന്ത് തട്ടുക. ടീമിലെ സ്ഥിര സാനിധ്യമായിരുന്ന മലയാളി താരം സി കെ വിനീതും, ഹോളിചരൺ നർസാരിയും ക്ലബ്ബ് വിട്ടു. ചെന്നൈയിൻ എഫ് സിക്ക് വേണ്ടിയാകും ഇരുവരും ഇനി പന്ത് തട്ടുക. ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തെ തുടർന്ന് രജിവെച്ച മുഖ്യ പരിശീലകൻ ഡേവിഡ് ജെയിംസിന് പകരക്കാരനായി നെലോ വിൻഗാദ എത്തിയത് മറ്റൊരു പ്രധാന മാറ്റം.

ഗോൾകീപ്പർ നവീൻ കുമാറും ടീം വിട്ടിട്ടുണ്ട്. മറ്റൊരു മലയാളി താരം സക്കീർ മുണ്ടമ്പാറ അച്ചടക്ക നടപടിയുടെ ഭാഗമായി ആറ് മാസം സസ്‍പെൻഷനിലാണ്. ഏഷ്യൻ കപ്പിനിടയിഷ പരിക്കേറ്റ മലയാളി താരം അനസ് എടത്തൊടികയും ടീമിലുണ്ടാകില്ല. മിനർവ പഞ്ചാബിൽനിന്നെത്തിയ നോങ്ദംബ നവോറെം, ചെന്നൈയിൻ എഫ്സിയിൽനിന്ന് വായ്പ അടിസ്ഥാനത്തിൽ ഗോകുലം വഴി എത്തിയ ബൊവറിങ്ദാവോ ബോഡോ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ.

നിലവിൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. കളിച്ച 12 മത്സരങ്ങളിൽ ഒരു ജയവും ആറ് സമനിലയും അഞ്ച് പരാജയവുമാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഇതുവരെയുള്ള പ്രകടനം. ആറാം സ്ഥാനത്തുള്ള കൊൽക്കത്തയ്ക്ക് ഇതിനൊടകം തന്നെ നാല് വിജയങ്ങൾ സ്വന്തമാക്കി കഴിഞ്ഞു. 16 പോയിന്റാണ് കൊൽക്കത്തയുടെ സമ്പാദ്യം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ