ഇന്ത്യൻ സൂപ്പർലീഗിൽ നിലവിലെ ചാമ്പ്യന്മാർക്ക് “കണ്ടകശനി” അവസാനിക്കുന്നില്ല. തൊട്ടതെല്ലാം പിഴച്ച ടീം ഇന്ന് അത്ലറ്റികോ ഡി കൊൽക്കത്തയ്ക്ക് എതിരെയും തോറ്റു. ആക്രമിച്ച് കളിച്ചിട്ടും ആദ്യ പകുതിയിൽ വഴങ്ങിയ ലീഡിന് വീണ്ടും കനത്ത പരാജയം ചെന്നൈയൻ വഴങ്ങി.
അഞ്ചാം സീസണിലെ അഞ്ചാം മത്സരത്തിൽ ചെന്നൈയൻ എ ടികെയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് തോൽവി വഴങ്ങിയത്. മത്സരത്തിന്റെ മൂന്നാം മിനുറ്റിൽ കാളു ഊച്ചെയും, പതിമൂന്നാം മിനുറ്റിൽ ജോൺ ജോൺസണും കൊൽക്കത്തയ്ക്ക് വേണ്ടി ഗോളുകൾ നേടി. ഞെട്ടലിൽ നിന്നുണർന്ന ചെന്നൈയൻ 17ാം മിനിറ്റിൽ കാർലോസ് സലോമിലൂടെ തിരിച്ചടിച്ചു. പിന്നീടുളള 73 മിനിറ്റും കനത്ത പോരാട്ടം കാഴ്ചവച്ചെങ്കിലും ജയിക്കാനായില്ല.
അഞ്ച് മത്സരങ്ങളിൽ നാലിലും തോറ്റാണ് ചെന്നൈയന്റെ നിൽപ്പ്. പോയിന്റ് പട്ടികയിൽ ഇപ്പോൾ ഒൻപതാം സ്ഥാനത്താണ് ടീം. എടികെ ഇന്നത്തെ മത്സരത്തിൽ മൂന്ന് പോയിന്റ് ലഭിച്ചതോടെ നാലാം സ്ഥാനത്തെത്തി.
മത്സരത്തിൽ ആധിപത്യം പുലർത്തിയത് ചെന്നൈയനാണ്. എന്നാൽ ഗോൾ നേടാൻ സാധിക്കാത്തത് അവർക്ക് തിരിച്ചടിയായി. കൂടുതൽ സമയം പന്ത് കൈവശം വച്ചതും ആക്രമിച്ചതും ചെന്നൈയനാണ്. എന്നാൽ മത്സരം അവസാനിപ്പിച്ചപ്പോൾ കനത്ത തോൽവി വഴങ്ങിയതിൽ താങ്ങാനാവാതെ മൈതാനത്ത് ചെന്നൈയന്റെ താരങ്ങൾ കലകുമ്പിട്ടിരുന്നു.