ഇന്ത്യൻ ഫുട്ബോളിന് പുതുജീവൻ നൽകിയ ഐഎസ്എല്ലിന്റെ നാലാം പതിപ്പിന് തുടക്കമാകാൻ ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ് ആരാധകർ. 2013 ൽ പരീക്ഷണാടിസ്ഥാനിൽ ആരംഭിച്ച ഇന്ത്യൻ സൂപ്പർ ലീഗ് ഏഷ്യയിലെ മികച്ച ടൂർണ്ണമെന്റുകളിൽ ഒന്നാണ്. ശൂന്യമായ ഗാലറികളിൽ ആരാധകരെ നിറച്ച് കൊണ്ടായിരുന്നു ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങിയത്. ആദ്യ 3 സീസണുകളും സൂപ്പർ ഹിറ്റുകളായിരുന്നു.

നാലാം വരവിൽ പുതിയ 2 ടീമുകളെക്കൂടി ഉൾപ്പെടുത്തി മുഖം മിനുക്കിയാണ് ഐഎസ്എല്ലിന്റെ വരവ്. തങ്ങളുടെ കഴിവുകൾ ലോകത്തെ അറിയിക്കാൻ ഒരുങ്ങി നിൽക്കുകയാണ് ഒരുപിടി ഇന്ത്യൻ താരങ്ങൾ.18 അടവുകളും പയറ്റി തെളിഞ്ഞ അനുഭവ സമ്പന്നരായ വിദേശ താരങ്ങളും അണി നിരക്കുന്നതോടെ ഐഎസ്എൽ ചിറകടിച്ച് ഉയരും. ഇക്കൂട്ടത്തിൽ മൈതാനങ്ങളിൽ ഇന്ദ്രജാലം തീർക്കാൻ ഒരുങ്ങുന്ന ഒരുകൂട്ടം യുവതുർക്കികളും ഉണ്ട്.

ഉഡാന്ത സിങ്ങ്

ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന ബംഗ്ലൂർ എഫ്സിയുടെ താരമാണ് ഉഡാന്ത സിങ്. മണിപ്പൂര്കാരാനായ ഉഡാന്ത മികച്ചൊരു അറ്റാക്കറാണ്. ബംഗ്ലൂർ എഫ്സി നിലനിർത്തിയ 2 താരങ്ങളിൽ ഒരാളാണ് 21 വയസ്സുകാരനായ ഉഡാൻന്ത. ഇടത് വിങ്ങിലൂടെ പന്ത്കൊണ്ട് പായുന്ന ഉഡാൻന്ത ഏതൊരു പ്രതിരോധനിരയ്ക്കും വെല്ലുവിളിയാണ്. ഇന്ത്യൻ ടീമിനായി ഇതിനോടകം 6 മത്സരങ്ങളിൽ കളിച്ചിട്ടുള്ള ഈ മണിപ്പൂർ സ്വദേശി സ്റ്റീഫൻ കോൺസ്റ്റൻന്റൈയിന്റെ വിശ്വസ്തനായ താരം കൂടിയാണ്. സുനിൽ ഛേത്രിക്കൊപ്പം ആക്രമണനിരയിൽ കളിക്കുന്ന ഉഡാൻന്തയുടെ ഫോം ബംഗ്ലൂരു എഫ്സിയുടെ കിരീട പ്രതീക്ഷകളിൽ നിർണ്ണായകമാണ്.

മാർക്ക് സിഫ്നോസ്

താരലേലത്തിൽ പണമൊഴുക്കിയും, മികച്ച വിദേശ താരങ്ങളെ ടീമിലേക്ക് എത്തിച്ചും ഇത്തവണ കിരീടം പിടിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. പരിശീലകൻ റെനൈ മ്യൂലസ്റ്റന്റെ മികവിൽ യൂറോപ്പിലെ മികച്ച യുവതാരങ്ങളെയും ക്ലബ് ടീമിൽ എത്തിച്ചിട്ടുണ്ട്. ഇതിൽ പ്രധാനിയാണ് മാർക്ക് സിഫ്നോസ് എന്ന ഡച്ചുകാരൻ. 20 വയസ്സ് മാത്രം പ്രായമുള്ള സിഫ്നോസ് മികച്ചൊരു അറ്റാക്കറാണ്. ഉയരവും വേഗതയുമാണ് സിഫ്നോസിന്റെ കരുത്ത്. ഡച്ച് ലീഗുകളിൽ കളിച്ച് പരിചയമുള്ള സിഫ്നോസ് ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ അടിച്ച്കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ ഇടം ലഭിക്കുക എന്നത് സിഫ്നോസിന് വെല്ലുവിളിയാണ്.

ജെറി മാവിങ്ങ്താങ്മ

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ഇന്ത്യക്ക് ലഭിച്ച മറ്റൊരു സൂപ്പർ താരമാണ് ജെറി മാവിങ്ങ്താങ്മ. ഇത്തവണത്തെ താരലേലത്തിൽ ജെറിക്കായി വാശിയേറിയ പോരാട്ടമാണ് നടന്നത്. ശിവാജിയൻസ് അക്കാദമിയിൽ നിന്ന് പന്ത് തട്ടിത്തുടങ്ങിയ ജെറി ലക്ഷണമൊത്തൊരു സ്ട്രൈക്കറാണ്. വേഗതയും ഡ്രിബിളിങ്ങ് മികവുമാണ് 20 വയസ്സുകാരനായ ജെറിയുടെ കരുത്ത്. ഇന്ത്യൻ സൂപ്പർ ലീഗിലെ നവാഗതരായ ജാംഷഡ്പൂർ എഫ്സിയാണ് ഈ മിന്നും താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. കെവിൻ ബെൽഫോർട്ടിനും, സൗമിഖ് ദ്യുതിക്കുമൊപ്പം ജെറിയും ഒന്നിക്കുന്നതോടെ ജാംഷഡ്പൂർ എഫ്സി കൂടുതൽ കരുത്തരാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ