കൊച്ചി: ഐഎസ്എൽ നാലാം സീസണിൽ താളം കിട്ടാതെ ഉഴറുന്ന കേരള ബ്ലാസ്റ്റേർസ് ഇന്ന് പൂനെയ്ക്ക് എതിരെ മത്സരത്തിന് ഇറങ്ങും. റെനെ മ്യൂലൻസ്റ്റീൻ രാജിവച്ച ഒഴിവിൽ ബ്ലാസ്റ്റേഴ്സിന്റെ കോച്ചായി ചുമതലയേറ്റ ഡേവിഡ് ജയിംസിന് കീഴിലാണ് മഞ്ഞപ്പട ഇന്നിറങ്ങുന്നത്.

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകീട്ട് എട്ട് മണിക്കാണ് മത്സരം. അതേസമയം പരിക്ക് മാറിയ ബെര്‍ബറ്റോവ് ഇന്ന് കളിച്ചേക്കും. എന്നാൽ പരിക്കിനെ തുടർന്ന് രണ്ടാഴ്ചത്തെ വിശ്രമം ആവശ്യമായ സികെ വിനീത് ഇന്നും കളിക്കില്ല.

ആദ്യ റൗണ്ടിൽ ലീഗ് മത്സരങ്ങൾ പകുതിയായപ്പോൾ ഏഴ് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമാണ് ബ്ലാസ്റ്റേർസിന്റെ അക്കൗണ്ടിലുള്ളത്. ഇനിയുള്ള മത്സരങ്ങളെല്ലാം വിജയിച്ചാൽ മാത്രമാണ് ബ്ലാസ്റ്റേർസിന് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താനാവുക. പുനെ എഫ്‌സിയ്ക്ക് എതിരെ ജയത്തില്‍ കുറഞ്ഞതൊന്നും ആരാധകരും പ്രതീക്ഷിക്കുന്നില്ല.

എന്നാൽ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള പൂനെ സിറ്റി എഫ് സി ശക്തരാണ്. എട്ട് കളികളിൽ വെറും മൂന്നെണ്ണത്തിൽ മാത്രമേ പൂനെ തോറ്റിട്ടുള്ളൂ. സ്ട്രൈക്കർമാരായ മാർസലിനോയും അൽഫാരോയും ഈ ഐഎസ്എൽ സീസണിലെ മികച്ച ഗോൾ മെഷീനുകളായാണ് അറിയപ്പെടുന്നതും. ഏത് പ്രതിരോധത്തെയും തകർക്കാനുള്ള ഇവരുടെ ശേഷിയിലാണ് ബ്ലാസ്റ്റേർസിന്റെയും പേടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ