/indian-express-malayalam/media/media_files/uploads/2017/12/fc-goa-759.jpg)
ഫത്തോർഡ: അവസാന നിമിഷം വരെ ആക്രമണം നിറഞ്ഞുനിന്ന മത്സരത്തിൽ ബെംഗളൂരുവിന്റെ വിജയക്കുതിപ്പിന് കടിഞ്ഞാണിട്ട് എഫ്‌സി ഗോവ. ഗോൾമഴ പെയ്തിറങ്ങിയ മത്സരത്തിൽ മൂന്നിനെതിരെ 4 ഗോളുകൾ നേടിയാണ് എഫ്‌സി ഗോവ വിജയം നേടിയത്. തോറ്റെങ്കിലും പോയിന്റ് പട്ടികയിൽ ഇപ്പോഴും ബെംഗളൂരു എഫ്‌സിയാണ് ഒന്നാം സ്ഥാനത്ത്.
നാലാം ഐഎസ്എൽ സീസണിൽ ആദ്യ വിജയം കണ്ട സ്പാനിഷ് താരം ഫെറാൻ കോറോമിസോസിന്റെ കരുത്തിലാണ് ഗോവയുടെ വിജയം. 36-ാം മിനിറ്റിൽ ഗോവൻ താരം ലാൻസറോട്ടയെ തള്ളി നിലത്തിട്ട ഗോള്‍കീപ്പർ ഗുർപ്രീത് സിങ് ചുവപ്പുകാർഡ് വാങ്ങി പുറത്തുപോയതിനാൽ പത്ത് പേരുമായാണ് ബെംഗളൂരു ഭൂരിഭാഗം സമയവും കളിച്ചത്. പക്ഷെ അത് ബെംഗളൂരുവിന്റെ ആക്രമണത്തിന്റെ മുനയൊടിച്ചിരുന്നില്ല.
16, 33, 63 മിനിറ്റുകളിലായിരുന്നു കോറോയുടെ ഗോളുകൾ. ഗുർപ്രീത് ചുവപ്പുകാർഡ് കണ്ട ഫൗളിന് റഫറി അനുവദിച്ച പെനാൽറ്റി ലാൻസറോട്ട 39-ാം മിനിറ്റിൽ ഗോളാക്കി. വെനസ്വേല താരം മിക്കുവാണ് ബെംഗളൂരുവിന് വേണ്ടി ഇരട്ടഗോളുകൾ നേടിയത്. 20, 60 മിനിറ്റുകളിലായിരുന്നു മിക്കു ഗോവൻ വല കുലുക്കിയത്. കഴിഞ്ഞ മൽസരത്തിൽ ഇരട്ടഗോൾ നേടിയ ഓസ്ട്രേലിയൻ താരം എറിക് പാർത്താലു, 57-ാം മിനിറ്റിൽ ബെംഗളൂരുവിനെ ഒപ്പമെത്തിക്കുകയായിരുന്നു. എന്നാൽ 63-ാം മിനിറ്റിലെ ഗോളിലൂടെ കോറോ വീണ്ടും ഗോവയെ മുന്നിലെത്തിച്ചു.
ആദ്യ മത്സരത്തില്‍ 2-0 നു മുംബൈ സിറ്റി എഫ്‌സിയേയും രണ്ടാം മത്സരത്തില്‍ 4-1നു ഡല്‍ഹി ഡൈനാമോസിനെയും തകർത്ത ബെംഗളൂരുവിന് ഏറ്റ ആദ്യ തിരിച്ചടിയാണ് ഗോവയിലെ തോൽവി. ചെന്നൈയിൻ എഫ്‌സിക്ക് എതിരെ വിജയത്തോടെ നാലാം സീസൺ തുടക്കമിട്ട ഗോവ, മുംബൈ സിറ്റി എഫ് സിക്കെതിരെ പരാജയപ്പെട്ടിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുള്ള ഗോവ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us