ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ജനജീവിതം ദുസ്സഹമാക്കിയ വായു മലിനീകരണം കായിക മത്സരങ്ങളെയും സാരമായി ബാധിക്കുന്നു. ഫിറോസ്ഷാ കോട്‌ല സ്റ്റേഡിയത്തിലെ ടെസ്റ്റ് മത്സരത്തിൽ ഇരുണ്ട് മൂടിയ അന്തരീക്ഷവും വിഷപ്പുകയുമാണ് ഈ മലിനീകരണം സമ്മാനിച്ചിരിക്കുന്നത്. നാളെ നടക്കുന്ന ഐഎസ്എൽ മത്സരത്തിനും ഭീഷണിയായി വായു മലിനീകരണ തോത് ഉയർന്നിരിക്കുകയാണ്.

ജാംഷഡ്പൂർ എഫ്സിയും ഡൽഹി ഡൈനാമോസും തമ്മിലാണ് നാളത്തെ മത്സരം. ന്യൂഡൽഹിയിൽ എത്തിയ ഇരുടീമിന്റേയും താരങ്ങൾ മാസ്ക്ക് ധരിച്ചാണ് ഇന്ന് പരിശീലനത്തിന് ഇറങ്ങിയത്. നാളെ മത്സരം നടക്കുന്പോൾ മാസ്ക്ക് ധരിച്ച് കളിക്കേണ്ട സാഹചര്യമുണ്ടാകുമോ എന്ന ഭീതിയിലാണ് താരങ്ങൾ. ഫ്ലഡ്‌ലൈറ്റിന്റെ കീഴിലാണ് മത്സരം നടക്കുന്നത് എന്നതാണ് ആശ്വാസം. എന്നാൽ രാത്രി ആയാൽ പുക മഞ്ഞിന്റെ തോത് കൂടുമെന്നത് ആശങ്ക ഉണർത്തുന്നുണ്ട്.

ഡൽഹിയിലെ കാലാവസ്ഥ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി ഡൽഹി ഡൈനാമോസ് പരിശീലകൻ ഏഞ്ചൽ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത്തരം കാലാവസ്ഥയിൽ മത്സരം നടത്തുന്നതിനെതിരെ ജാംഷഡ്പൂർ പരിശീലകൻ സ്റ്റീവ് കോപ്പലും പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ