കൊച്ചി: ഐഎസ്എല്‍ നാലാം പതിപ്പില്‍ ആദ്യ രണ്ട് മത്സരങ്ങളിലും തിങ്ങിനിറഞ്ഞ ആരാധകരെ നിരാശപ്പെടുത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ തുടര്‍ച്ചയായ മൂന്നാം കളിക്ക് ഇറങ്ങുന്നു. ആദ്യ രണ്ടു കളികളിലും ഒരു ഗോള്‍പോലും നേടാന്‍ കഴിയാതെ സമനില കൊണ്ട് തൃപ്തരാകേണ്ടി വന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍ നിരാശയിലാണ്. ആരാധകരെ തൃപ്തിപ്പെടുത്താനും ടൂർണമെന്റിലെ സുഗമമായ മുന്നോട്ട് പോക്കിനും ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയം അനിവാര്യമാണ്.

പന്ത് കൂടുതല്‍ കൈവശം വച്ച് ഗോള്‍ നേടാനായിരിക്കും ശ്രമിക്കുകയെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ റെനെ മ്യൂളന്‍സ്റ്റീന്‍ പറഞ്ഞു. ഫിനിഷിങ്ങിലെ പോരായ്മകള്‍ പരിഹരിക്കാന്‍ കഴിഞ്ഞെന്നാണ് ടീമിന്റെ വിലയിരുത്തല്‍. പ്രതിരോധതാരം വെസ്റ്റ് ബ്രൗണ്‍ പരുക്കില്‍ നിന്ന് മോചിതനായിട്ടുണ്ട്. ജയിച്ചാല്‍ വിലപ്പെട്ട പോയിന്റ് ബ്ലാസ്റ്റേഴ്സിന് ലഭിക്കും. ഇന്ന് ഗംഭീര ജയമാണ് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ സ്വപ്നം കാണുന്നത്.

മൂന്ന് കളിയില്‍ ഒരു ജയവും രണ്ട് തോല്‍വിയുമാണ് മുംബൈ സിറ്റിയുടെ അക്കൗണ്ടിലുളളത്. പുണെ, ബെംഗളൂരു ടീമുകളോടാണ് മുംബൈയുടെ തോല്‍വി. ഇതുവരെ വഴങ്ങിയത് അഞ്ചു ഗോളുകള്‍. പ്രതിരോധം ശക്തമാക്കാനാണ് മുബൈയുടെ ശ്രമം. മതിയായ വിശ്രമം കിട്ടാത്തതിനാല്‍ മത്സരക്രമത്തേയും മുംബൈ കോച്ച് വിമര്‍ശിച്ചു. ഞായറാഴ്ചയായതിനാല്‍ കാണികളുടെ ഒഴുക്ക് ഉണ്ടാകാനാണ് സാധ്യത.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ