കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടുന്ന അമർ ടീം കൊൽക്കത്തയ്ക്ക് തിരിച്ചടി. പ്രമുഖ താരമായ റോബി കീനീന്റെ പരുക്കാണ് കൊൽക്കത്തയ്ക്ക് തലവേദനയായത്. ഇടത് മുട്ടിനേറ്റ പരിക്കിനേ തുടർന്നാണ് റോബി കീൻ ആദ്യ മത്സരത്തിൽ നിന്ന് പിന്മാറിയത്.

ചികിത്സയ്ക്കായി റോബി കീൻ ഐർലൻഡിലേക്ക് പോയി. കൊൽക്കത്തയുടെ ആദ്യ മൂന്ന് മത്സരങ്ങളിലും റോബി കീൻ കളിക്കാൻ ഇടയില്ല. സീസണിന് മുന്നോടിയായുള്ള പരിശീല മത്സരങ്ങളിൽ കൊൽക്കത്തയ്ക്കായി 4 ഗോളുകളാണ് റോബി കീൻ നേടിയത്.

അമേരിക്കയിലെ മേജർ സോക്കർ ലീഗിൽ എൽ.എ ഗാലക്സി ക്ലബിന് വേണ്ടിയായിരുന്നു റോബി കീൻ അവസാനമായി കളിച്ചത്. റോബി കീനുമായി കാരാറിൽ എത്തിയതായി ക്ലബ് അധികൃതർ അറിയിച്ചു. എടികെയുടെ പുതിയ പരിശീലകനായ ടെറി ഷെറിങ്ങ്ഹാമിന്റെ ഇടപെടലാണ് റോബി കീനെ ക്ലബിൽ എത്തിച്ചത്.

ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ടോട്ടൻഹാം, ലിവർപൂൾ,വെസ്റ്റ്ഹാം യുണൈറ്റഡ്, ആസ്റ്റൻവില്ല,ലീഡ്സ് യുണൈറ്റഡ് എന്നീ ക്ലബുകൾക്കായി റോബി കീൻ കളിച്ചിട്ടുണ്ട്. 2002 മുതൽ 2008 വരെ ടോട്ടൻഹാമിനായി കളിച്ച റോബി കീൻ 197 മത്സരങ്ങളിൽ നിന്ന് 80 ഗോളുകൾ നേടിയിട്ടുണ്ട്. 2011ൽ മേജർ സോക്കർ ലീഗിൽ എൽ.എ ഗാലക്സിക്ക് വേണ്ടി കളി തുടങ്ങിയ റോബി കീൻ 125 മത്സരങ്ങളിൽ നിന്ന് 83 ഗോളുകളാണ് നേടിയത്. ഐർലൻഡിനായി 146 മത്സരങ്ങൾ കളിച്ച റോബി 68 ഗോളുകളും നേടിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ