ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടെസ്റ്റ് ഇന്ത്യ ജയിച്ചെങ്കിലും ഇന്ത്യന്‍ ടീമിലെ ഒരു താരം മാത്രം ഇപ്പോഴും നല്ല കലിപ്പിലാണ്. കളി ജയിച്ചിട്ടും പേസർ ഇശാന്ത് ശർമ്മയുടെ ദേഷ്യം അടങ്ങിയിട്ടില്ലെന്നാണ് നായകന്‍ വിരാട് കോഹ്‌ലി പറയുന്നത്. മത്സരശേഷം നടന്ന പത്രസമ്മേളനത്തിലായിരുന്നു വിരാട് ഇശാന്തിന്റെ ദേഷ്യത്തെ കുറിച്ച് പറഞ്ഞത്.
ആരോണ്‍ ഫിഞ്ചിനെതിരെ എറിഞ്ഞ നോ ബോളുകളാണ് പന്തിനെ കലിപ്പിലാക്കിയതെന്നാണ് വിരാട് പറയുന്നത്. “ഇശാന്ത് ദേഷ്യത്തിലാണ്. ഞങ്ങളൊക്കെ വിജയം ആഘോഷിക്കുമ്പോഴും അവന്‍ സ്വയം ദേഷ്യപ്പെടുകയായിരുന്നു. എന്താണ് കാരണമെന്ന് ഞാനവനോട് ചോദിച്ചു. സീനിയർ താരമായ താന്‍ തന്നെ ഇങ്ങനെ നോബോള്‍ എറിയുന്നത് ശരിയല്ലെന്നായിരുന്നു അവന്റെ മറുപടി” കോഹ്‌ലി പറഞ്ഞു.
ഇശാന്തിന്റെ ദേഷ്യത്തെ പോസിറ്റീവായി കാണാനാണ് കോഹ്‌ലിക്ക് ഇഷ്ടം. താരങ്ങള്‍ സ്വയം ഉത്തരവാദിത്വം ഏറ്റെടുക്കുകയും തെറ്റുകള്‍ തിരുത്തുകയും ചെയ്യുന്നത് നല്ലതാണെന്ന് വിരാട് പറയുന്നു. ഈ തെറ്റ് വീണ്ടും ആവർത്തിക്കാതെ നോക്കാന്‍ ഇശാന്ത് ശ്രമിക്കുമെന്നും വിരാട് പറഞ്ഞു.
20 വിക്കറ്റും വീഴ്ത്തിയ നാലു പേർ മാത്രമുള്ള ഇന്ത്യയുടെ ബോളിങ് നിരയേയും വിരാട് അഭിനന്ദിച്ചു. അഭിമാനിക്കാനുള്ള നേട്ടമാണെന്നായിരുന്നു വിരാട് പറഞ്ഞത്. ഇനിയുള്ള കളികളും ജയിക്കുകയാണ് ലക്ഷ്യമെന്നും നായകന്‍ പറഞ്ഞു.