ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ തീരുമാനം മണ്ടത്തരമാണെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ ഇതിഹാസതാരം അലൻ ഡൊണാൾഡ്. ഭുവനേശ്വർ കുമാറിനു പകരം ഇശാന്ത് ശർമയെ രണ്ടാം ടെസ്റ്റിൽ ഉൾപ്പെടുത്തിയ കോഹ്‌ലിയുടെ തീരുമാനമാണ് മുൻ ദക്ഷിണാഫ്രിക്കൻ താരത്തെ അതിശയപ്പെടുത്തിയത്. ‘ഭുവനേശ്വർ കുമാർ പുറത്ത്, എന്നെ കളിയാക്കുകയാണോ?’ എന്നാണ് അലൻ ഡോണാൾഡ് ട്വിറ്ററിലൂടെ ചോദിച്ചിരിക്കുന്നത്.

നേരത്തെ ആദ്യ ടെസ്റ്റിൽ അജിങ്ക്യ രഹാനെയെ ഒഴിവാക്കി രോഹിത് ശർമ്മയെ ടീമിൽ ഉൾപ്പെടുത്തിയതിനെയും അലൻ ഡോണാൾഡ് വിമർശിച്ചിരുന്നു. വിരാട് കോഹ്‌ലിയുടെ തീരുമാനം മണ്ടത്തരമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. “രഹാനെയെ ടീമിന് പുറത്തിരുത്തിയത് മണ്ടത്തരമായെന്നാണ് എനിക്ക് തോന്നുന്നത്. കഴിഞ്ഞ തവണ ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ കളിച്ചപ്പോൾ രഹാനെയുടെ പ്രകടനം മികച്ചതായിരുന്നു. രഹാനെ എല്ലാ അർത്ഥത്തിലും ഒരു ലോകോത്തര കളിക്കാരനാണ്”, അലൻ ഡൊണാൾഡ് പറഞ്ഞു.

ഭുവനേശ്വർ കുമാറിനു പകരം ഇശാന്ത് ശർമ്മയെ രണ്ടാം ടെസ്റ്റിൽ കോഹ്‌ലി ഉൾപ്പെടുത്തിയത് ഇന്ത്യൻ ആരാധകരെയും അതിശയപ്പെടുത്തിയിട്ടുണ്ട്. ഒന്നാം ടെസ്റ്റിൽ ബോളിങ്ങിലും ബാറ്റിങ്ങിലും മികവ് പുറത്തെടുത്ത കളിക്കാരനാണ് ഭുവനേശ്വർ കുമാർ. ഒന്നാം ഇന്നിങ്സിലും രണ്ടാം ഇന്നിങ്സിലും ഇന്ത്യയെ നാണക്കേടിൽനിന്നും രക്ഷിച്ചത് ഭുവനേശ്വർ കുമാറാണ്. ഒന്നാം ഇന്നിങ്സിൽ ഹാർദിക് പാണ്ഡ്യയ്ക്കൊപ്പവും രണ്ടാം ഇന്നിങ്സിൽ രവിചന്ദർ അശ്വിനൊപ്പവും ഭുവനേശ്വർ കുമാർ തീർത്ത കൂട്ടുകെട്ടാണ് ഇന്ത്യയുടെ ആദ്യ ടെസ്റ്റിലെ മികച്ച കൂട്ടുകെട്ട്. രണ്ടു ഇന്നിങ്സുകളിലുമായി 6 വിക്കറ്റുകളും ഭുവി നേടി.

ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മാന്മാർ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ മുട്ടുമടക്കിയപ്പോഴാണ് ബാറ്റിങ്ങിൽ ഭുവനേശ്വർ മികച്ച പ്രകടനം പുറത്തെടുത്തത്. ബാറ്റിങ്ങിലും ബോളിങ്ങിലും മികവ് തെളിയിച്ച ഭുവിയെ പുറത്തിരുത്തിയത് കോഹ്‌ലിയുടെ മണ്ടത്തരമാണെന്ന് തന്നെയാണ് ആരാധകരും പറയുന്നത്. കോഹ്‌ലിയുടെ തീരുമാനത്തെ വിമർശിച്ച് നിരവധി ആരാധകർ ട്വീറ്റ് ചെയ്തിട്ടുണ്ട്. നോട്ട് നിരോധനത്തെക്കാൾ വലിയ തീരുമാനമാണ് ഭുവിയെ മാറ്റിയത് എന്നായിരുന്നു ഒരു ആരാധകന്റെ ട്വീറ്റ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ