ന്യൂഡൽഹി: ടീം ഇന്ത്യയുടെ പരിചയ സമ്പന്നനായ പേസർ ഇശാന്ത് ശർമ്മ വെറും താന്തോന്നിയാണെന്ന് മുൻ പേസർ രാജു കുൽക്കർണി. ഇതിനാലാണ് ഇശാന്തിന് ഇന്ത്യൻ പേസ് നിരയെ നയിക്കാൻ സാധിക്കാതെ പോയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

“അദ്ദേഹം 79 ടെസ്റ്റ് മത്സരങ്ങൾ കളിച്ചു. അത്രയും മത്സരങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയെന്നത് വളരെ വലിയ കാര്യമാണ്. പക്ഷെ ഇന്ത്യൻ ബോളിംഗിനെ അദ്ദേഹം എപ്പോഴെങ്കിലും മുന്നിൽ നിന്ന് നയിച്ചിരുന്നുവെന്ന് എനിക്ക് തോന്നുന്നില്ല. അത് അദ്ദേഹത്തിന്റെ മാത്രം കുഴപ്പമാണ്”, കുൽക്കർണി പറഞ്ഞു.

“കളിക്കളത്തിൽ താന്തോന്നിയും തന്നിഷ്ടക്കാരനുമാണ് ഇശാന്ത്. ഓരോ തവണയും സ്വന്തം തന്ത്രങ്ങളും സാങ്കേതികതയും കൊണ്ടാണ് അദ്ദേഹത്തിന്റെ വരവ്. എന്നാൽ അദ്ദേഹത്തിന് ഒന്നിലും ഒരു വിശ്വാസവുമില്ല”, രാജു കുൽക്കർണി പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി പത്ത് ഏകദിനങ്ങളിലും മൂന്ന് ടെസ്റ്റുകളിലും ബോളറിഞ്ഞ താരമാണ് രാജു കുൽക്കർണി. മുംബൈ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച പരിപാടിയിലാണ് ഇദ്ദേഹം ഇങ്ങിനെ പറഞ്ഞത്. 2007 ൽ ബംഗ്ലാദേശിനെതിരെ അരങ്ങേറ്റം കുറിച്ച ഇശാന്ത് ശർമ്മ ഇതിനോടകം 79 മത്സരങ്ങൾ കളിച്ച് 226 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഡൽഹി താരമായ ഇദ്ദേഹം 80 ഏകദിനങ്ങളിൽ 115 വിക്കറ്റുകളും വീഴ്ത്തി.

“കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലും അദ്ദേഹത്തിന്റെ കളി വെറും മണ്ടത്തരമായിരുന്നു. ഓരോ തവണയും പ്രതികൂല സാഹചര്യങ്ങലെ നേരിടാൻ അദ്ദേഹം മെനയുന്ന തന്ത്രങ്ങളും ബാറ്റ്സ്മാന് കൂടുതൽ അനുകൂലമായി”, കുൽക്കർണി പറഞ്ഞു. ഇപ്പോഴത്തെ ഇന്ത്യൻ ബോളിംഗിനെ പ്രകീർത്തിച്ചെങ്കിലും ഫിറ്റ്നസ് വലിയ പ്രശ്നമാണെന്ന് 55കാരനായ ഇദ്ദേഹം പറഞ്ഞു. ആരും സ്ഥിരതയോടെ കളിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

“ഭുവനേശ്വർ കുമാർ അടക്കമുള്ളവർ കഴിഞ്ഞ ടെസ്റ്റിൽ മനോഹരമായാണ് കളിച്ചത്. ബോളിംഗിന് അനുകൂലമായ പിച്ചിൽ തങ്ങൾക്ക് എന്തും സാധിക്കുമെന്ന് അവർ തെളിയിച്ചു”, രാജു കുൽക്കർണി വിശദീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ