അഹമ്മദാബാദ്: ടെസ്റ്റ് ക്രിക്കറ്റിൽ സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഇന്ത്യയുടെ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ. കപിൽ ദേവിന് ശേഷം നൂറ് ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ഫാസ്റ്റ് ബൗളറാണ് ഇഷാന്ത്. ഇന്ന് ഇംഗ്ലണ്ടിനെതിരെ മൊട്ടേര സ്റ്റേഡിയത്തിൽ ആരംഭിച്ച മൂന്നാം ടെസ്റ്റാണ് ഇഷാന്തിന്റെ ക്രിക്കറ്റ് കരിയറിലെ നൂറാം ടെസ്റ്റ്.
കരിയറിലെ നൂറാം ടെസ്റ്റ് മത്സരത്തിനായി കളത്തിലിറങ്ങിയ ഇഷാന്ത് ശർമയ്‌ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഇംഗ്ലണ്ടിനെതിരെ മൊട്ടേര സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്‌ക്കായി ആദ്യ വിക്കറ്റ് വീഴ്‌ത്തിയത് ഇഷാന്ത് ശർമയാണ്. ടോസ് ലഭിച്ച ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ഓവറിൽ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്‌ടമായി. ഇന്നിങ്സിലെ തന്റെ രണ്ടാം ഓവറിലാണ് ഇഷാന്ത് ശർമ ഇംഗ്ലണ്ട് ഓപ്പണർ ഡൊമിനിക് സിബ്‌ലിയെ മടക്കിയത്. ഇഷാന്തിന്റെ പന്തിൽ സിബ്‌ലി സ്ലിപ്പിൽ രോഹിത് ശർമയ്‌ക്ക് ക്യാച്ച് നൽകുകയായിരുന്നു. റൺസൊന്നുമെടുക്കാതെയാണ് സിബ്‌ലി മടങ്ങിയത്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യയ്‌ക്കായി ആദ്യ ഓവർ എറിഞ്ഞതും ഇഷാന്ത് ശർമയാണ്.
Read Also: വിജയ് ഹസാരെ ട്രോഫി: ഹാട്രിക് വിജയവുമായി കേരളം, റെയിൽവേസിനെ തോൽപ്പിച്ചു
നൂറാം ടെസ്റ്റ് കളിക്കാനിറങ്ങിയ ഇഷാന്ത് ശർമയെ രാജ്യം ആദരിച്ചു. മൊട്ടേര സ്റ്റേഡിയത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ എത്തിയിരുന്നു. രാഷ്ട്രപതി ഇഷാന്തിന് പ്രത്യേക ഉപഹാരം നൽകി. നൂറാം ടെസ്റ്റിന്റെ ഭാഗമായുള്ള പ്രത്യേക ക്യാപ്പ് ഇഷാന്തിന് നൽകിയത് ആഭ്യന്തരമന്ത്രി അമിത് ഷായാണ്. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഇഷാന്തിനെ അഭിനന്ദിച്ചു.
ഇഷാന്തുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് കോഹ്‌ലി വാചാലനായി. കരിയറിലെ സുപ്രധാന നാഴികക്കല്ലാണ് ഇഷാന്ത് പിന്നിട്ടിരിക്കുന്നതെന്നാണ് ഇന്ത്യൻ നായകൻ പറഞ്ഞത്. “ഒരു ഫാസ്റ്റ് ബൗളർ നൂറ് ടെസ്റ്റ് മത്സരങ്ങൾ കളിക്കുകയെന്നത് വലിയൊരു കാര്യമാണ്, പ്രത്യേകിച്ച് ഇത്ര ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ. എന്നാൽ, ഈ നേട്ടം സ്വന്തമാക്കാൻ ഇഷാന്തിന് സാധിച്ചു. അതിനായി അദ്ദേഹം സ്ഥിരോത്സാഹത്തോടെ അധ്വാനിച്ചു. ആദ്യ ദിവസം മുതൽ അദ്ദേഹം ആത്മാർഥമായി പരിശ്രമിച്ചിരുന്നു,” കോഹ്‌ലി പറഞ്ഞു.
Read Also: ഓ..യാ..! വിക്കറ്റിൽ ‘ആറാടി’ അക്ഷർ പട്ടേൽ; ഇംഗ്ലണ്ട് 112 ന് ഓൾഔട്ട്
“എനിക്ക് ഇഷാന്തിനെ ഒരുപാട് വർഷങ്ങളായി അറിയാം. ക്രിക്കറ്റിലെത്തിയ കാലം മുതൽ ഞങ്ങൾ തമ്മിൽ സൗഹൃദമുണ്ടായിരുന്നു. രഞ്ജി ട്രോഫി ക്രിക്കറ്റ് കളിക്കുന്ന സമയത്ത് ഞങ്ങൾ സഹമുറിയന്മാരായിരുന്നു. ഇഷാന്ത് ആദ്യമായി ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വാർത്ത പുറത്തുവരുന്ന സമയത്ത് അദ്ദേഹം ഉച്ചമയക്കത്തിലായിരുന്നു. ഇഷാന്തിനെ കിടക്കയിൽ നിന്ന് തട്ടിയിട്ട് ഇക്കാര്യം പറയേണ്ടിവന്നു. പക്ഷേ, അദ്ദേഹം എന്നെ വിശ്വസിക്കില്ലെന്ന് ഉറപ്പായിരുന്നു. ഞാൻ ഒരുപാട് കാലം പിന്നിലേക്ക് പോകുന്നു..,” കോഹ്‌ലി പറഞ്ഞു.