പെർത്ത്: ഇന്ത്യ- ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ താരങ്ങളായ ഇശാന്ത് ശർമ്മയും രവീന്ദ്ര ജഡേജയും തമ്മിൽ കൊമ്പു കോർത്തത് ആരാധകരെ നിരാശയിലാഴ്ത്തിയിരുന്നു. പകരക്കാരനായി ഇറങ്ങിയ രവീന്ദ്ര ജഡേജയും ഇശാന്തും തമ്മിൽ ഡ്രിങ്ക്സ് ബ്രേക്കിനിടെ നോൺ സ്ട്രൈക്കിങ് എൻഡിന് സമീപമായിരുന്നു വാക്പോര് ഉടലെടുത്തത്. ഇരുവരും പരസ്പരം കൈചൂണ്ടി സംസാരിക്കുന്നതും, അവസാനം കുൽദീപ് യാദവും മുഹമ്മദ് ഷമിയും ഇടപെട്ട് താരങ്ങളെ പിരിച്ചു വിടുന്നതുമായ ദൃശ്യങ്ങൾ ഫോക്സ് ടിവിയാണ് പുറത്തു വിട്ടത്.

നോൺ സ്ട്രൈക്കർ എൻഡിലുള്ള സ്റ്റമ്പ് മൈക്കിലാണ് ഇരുവരും തമ്മിൽ വാഗ്‌വാദത്തിൽ ഏർപ്പെടുന്നതും, പരസ്പരം കൈചൂണ്ടി സംസാരിക്കുന്നതുമായ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടത്.

സ്റ്റമ്പ് മൈക്കില്‍ നിന്നും ലഭിച്ച ശബ്ദരേഖ ആരംഭിക്കുന്നത് ഇശാന്ത് ജഡേജയോട് കയര്‍ക്കുന്നത് മുതലാണ്. ”നിനക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നേരിട്ട് വന്ന് പറയണം. അല്ലാതെ എന്നെ നോക്കി കൈ വീശി കാണിച്ചിട്ട് കാര്യമില്ല’ എന്നായിരുന്നു ഇശാന്തിന്റെ വാക്കുകള്‍. ഇതിന്, നീ എന്തിനാണ് ഒരുപാട് സംസാരിക്കുന്നതെന്നായിരുന്നു ജഡേജയുടെ മറുപടി. ഇതോടെ ഇശാന്ത് കൂടുതല്‍ പ്രകോപിതനാവുന്നതും കടുത്ത അസഭ്യം പറയുന്നതായും കേള്‍ക്കാം. എനിക്ക് നേരെ കൈ വീശരുതെന്നും നിന്റെ ദേഷ്യം എന്നോട് തീര്‍ക്കരുതെന്നും പറഞ്ഞ ഇശാന്ത്, ജഡേജയോട് അസഭ്യം പറയുന്നതായും കേള്‍ക്കാം. ഇതോടെയാണ് ഷമിയും കുല്‍ദീപും ഇടപെട്ടത്.

ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ തോറ്റതിന് പിന്നാലെ ടീമംഗങ്ങൾ തമ്മിലുള്ള അസ്വാരാസ്യവും ആരാധകരുടെ അപ്രീതിക്ക് കാരണമാകുന്നുണ്ട്. ഇരുവരുടെയും പെരുമാറ്റത്തെ കമന്റേറ്റർകൂടിയായ മുൻ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിങ് പരിഹസിച്ചിരുന്നു.

ഗ്രൗണ്ടിൽ പ്രകോപിതരാകുന്നതിന് കുപ്രസിദ്ധി നേടിയവരാണ് ഇശാന്ത് ശർമ്മയും രവീന്ദ്ര ജഡേജയും. 2013ൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ നടന്ന ഏകദിന മത്സരത്തിനിടയ്ക്ക് ക്യാച്ച് പാഴാക്കിയതിനെ ചൊല്ലി ജഡേജയും സുരേഷ് റെയ്നയും തമ്മിൽ തർക്കം ഉടലെടുത്തിരുന്നു. ക്യാപ്റ്റൻസി നഷ്ടപ്പെട്ടതിനാൽ നിന്റെ ഫീൽഡിങ്ങിൽ താൽപ്പര്യം കുറഞ്ഞോ എന്ന് ജഡേജ റെയ്നയോട് ചോദിച്ചത് തർക്കത്തിന് കാരണമാവുകയായിരുന്നു.

എന്നാൽ ജഡേജയും ഇശാന്ത് ശർമ്മയും തമ്മിൽ നടന്നത് അഭിപ്രായ വ്യത്യാസം മാത്രമാണെന്നു , ഇത് പരിഹരിച്ചെന്നും ടീമിനെ യാതൊരു തരത്തിലും തർക്കം ബാധിച്ചില്ലെന്നും ടീം മാനേജ്മെന്റിന്റെ അറിയിപ്പ് ചാനല്‍ 7 പുറത്ത് വിട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook